ന്യൂനപക്ഷ പാർട്ടികൾ ജനാധിപത്യം ഹൈജാക്ക് ചെയ്തു വെള്ളാപ്പള്ളി
മുസ്ലിം, ക്രിസ്ത്യൻ മത പാർട്ടികൾ സംഘടിത വോട്ട് ബാങ്കുകളായി ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തുവെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പറവൂരിൽ ശ്രീനാരായണ ജയന്തി ആഘോഷത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷ മത പാർട്ടികൾക്ക് ജനാധിപത്യം ഹൈജാക്ക് ചെയ്തു; എൽഡിഎഫിന് തിരിച്ചടിയായത് സ്വയം വിലയിരുത്തണം: വെള്ളാപ്പള്ളി നടേശൻ
പറവൂർ: ന്യൂനപക്ഷമെന്നു പറയുന്ന മുസ്ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്ത് സംഘടിത വോട്ട് ബാങ്കുകളായി മാറിയെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സ്കൂളുകൾ, കോളജുകൾ, ഭൂമി, ഭരണം, വ്യവസായം, സമ്പത്ത് എന്നിവയെല്ലാം ഈ വിഭാഗങ്ങളുടെ കൈകളിലാണെന്നും അദ്ദേഹം ആരോപിച്ചു. എസ്എൻഡിപി യോഗം പറവൂർ യൂണിയൻ സംഘടിപ്പിച്ച ശ്രീനാരായണ ജയന്തി ആഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലപ്പുറത്തു മാത്രമല്ല, കാസർകോട്, വയനാട് ജില്ലകളിലും ഈഴവ സമുദായത്തിന് ആവശ്യമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ല. ഈ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുമ്പോൾ പരിഹാരമുണ്ടാക്കാൻ ശ്രമിക്കുന്നതിനു പകരം ഈഴവരെയും തന്നെയും മുസ്ലിം വിരോധികളായി ചിത്രീകരിക്കാനാണ് ചിലർ ശ്രമിക്കുന്നത്. ഈഴവനെന്നു പറഞ്ഞാൽ ജാതി പറയുന്നതായി കുറ്റപ്പെടുത്തി ഒറ്റപ്പെടുത്താൻ നോക്കുന്നു. താൻ നീതി ആവശ്യപ്പെടുമ്പോൾ അതിനെ ജാതിയായി കാണുകയും, മറ്റുള്ളവർ ജാതി പറയുമ്പോൾ നീതിയായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
താൻ ആരുടെയും വിരോധിയല്ലെന്നും ഒരു സമുദായത്തിനുമെതിരല്ലെന്നും അദ്ദേഹം വ്യക്തമാക്കി. താൻ മുസ്ലിം ലീഗിനെതിരെയാണ് പറഞ്ഞതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പലതവണ വ്യക്തമാക്കിയിട്ടും പലർക്കും അത് മനസ്സിലായില്ല. ലീഗിനെ തള്ളിപ്പറഞ്ഞതിന്റെ ഉറക്ക് പോരെന്നാണ് എ.എൻ. ഷംസീർ പ്രതികരിച്ചത്. അത് പിണറായി വിജയന് പണി കൊടുക്കുന്നതിന് തുല്യമാണെന്നും ഷംസീറിന് സീറ്റ് കിട്ടിയില്ലെങ്കിൽ അതിന് തങ്ങളല്ല ഉത്തരവാദികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇനി പിണറായിയെ ചീത്ത പറയുമെന്നൊന്നും ആരും പ്രതീക്ഷിക്കേണ്ടതില്ലെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി. ഇടതുപക്ഷം 10 വർഷം കേരളം ഭരിച്ചെങ്കിൽ അത് നയിച്ച വ്യക്തിയുടെ മികവുകൊണ്ടാണ്. എന്നാൽ മൂന്നാം ഊഴം കിട്ടാതെ പോയെങ്കിൽ അതിന്റെ കാരണം എന്താണെന്ന് പാർട്ടി സ്വയം ചർച്ച ചെയ്തു തിരുത്തണം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അൽപമെങ്കിലും സീറ്റ് എൽഡിഎഫിന് ലഭിച്ചിട്ടുണ്ടെങ്കിൽ അത് പിന്നാക്കക്കാരുടെയും പട്ടികജാതിക്കാരുടെയും വോട്ടുകൾ ലഭിച്ചതുകൊണ്ടാണെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.
മലയാളം സംവിധായകൻ എം. പത്മകുമാർ ബോളിവുഡിലേക്ക്
കേരളത്തിൽ പുതിയ ഗവർണർ ഓംപ്രകാശ് മാഥൂർ ചുമതലയേൽക്കും, രാജേന്ദ്ര ആർലേക്കർ തമിഴ്നാട്ടിലേക്ക്
ലൈംഗിക അതിക്രമങ്ങൾക്കിരയായ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ബാലാവകാശ കമ്മീഷൻ
ഡിജിറ്റൽ യുഗത്തിൽ സ്ത്രീകൾക്ക് സുരക്ഷിത അന്തരീക്ഷം ഉറപ്പാക്കണം അഡ്വ. പി. സതീദേവി
തുലാവർഷം എത്തുന്നു കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത
കണ്ണൂർ ദസറയ്ക്ക് വർണ്ണാഭമായ തുടക്കം പത്ത് നാളുകൾ ആഘോഷരാവുകൾ 
