ഉരുൾപൊട്ടലും വെള്ളപ്പൊക്കവും തടയാൻ മുൻകരുതൽ കുട്ടമ്പുഴയിൽ ജനങ്ങൾക്ക് ദുരന്തനിവാരണ പരിശീലനം

അന്താരാഷ്ട്ര ദുരന്തസാധ്യത ലഘൂകരണ ദിനാചരണത്തിന്റെ ഭാഗമായി എറണാകുളം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ കുട്ടമ്പുഴയിൽ സമൂഹ ബോധവത്കരണവും ദുരന്തനിവാരണ പരിശീലനവും സംഘടിപ്പിച്ചു.

ഉരുൾപൊട്ടലും വെള്ളപ്പൊക്കവും തടയാൻ മുൻകരുതൽ കുട്ടമ്പുഴയിൽ ജനങ്ങൾക്ക് ദുരന്തനിവാരണ പരിശീലനം
അന്താരാഷ്ട്ര ദുരന്തസാധ്യത ലഘൂകരണ ദിനം: കുട്ടമ്പുഴയിൽ ബോധവത്കരണവും ഫയർ ഫോഴ്സ് പരിശീലനവും സംഘടിപ്പിച്ചു

​അന്താരാഷ്ട്ര ദുരന്തസാധ്യത ലഘൂകരണ ദിനം: കുട്ടമ്പുഴയിൽ ബോധവത്കരണവും പ്രായോഗിക പരിശീലനവും സംഘടിപ്പിച്ചു

കുട്ടമ്പുഴ: അന്താരാഷ്ട്ര ദുരന്ത സാധ്യത ലഘൂകരണ ദിനാചരണത്തിന്റെ ഭാഗമായി എറണാകുളം കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിൽ സമൂഹ ബോധവത്കരണ പരിപാടിയും പ്രായോഗിക പരിശീലനവും സംഘടിപ്പിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ഡെപ്യൂട്ടി കളക്ടറുമായ ജോസഫ് സ്റ്റീഫൻ റോബി പരിപാടി ഉദ്ഘാടനം ചെയ്തു.

​"പ്രതിരോധശേഷിയുടെ തുടക്കം വീട്ടിൽ നിന്ന്" എന്നതായിരുന്നു ഈ വർഷത്തെ പ്രമേയം. ദുരന്തസാധ്യതകൾ കുറയ്ക്കുന്നതിലും ദുരന്തങ്ങളെ ഫലപ്രദമായി നേരിടാൻ കുടുംബങ്ങളെയും സമൂഹത്തെയും സജ്ജമാക്കുന്നതിലും ഗാർഹികതലത്തിലുള്ള മുന്നൊരുക്കങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നടപ്പിലാക്കുന്ന വിവിധ പ്രതിരോധ പ്രവർത്തനങ്ങളും അദ്ദേഹം വിശദീകരിച്ചു.

​എറണാകുളം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, റിലയൻസ് ഫൗണ്ടേഷൻ, കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത്, ധാൻ ഫൗണ്ടേഷൻ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേരി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.

​കുട്ടമ്പുഴയുടെ മലയോര-വനമേഖലാ പശ്ചാത്തലത്തിൽ നേരിടാൻ സാധ്യതയുള്ള ശക്തമായ മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, ഇടിമിന്നൽ, വന്യജീവി ആക്രമണങ്ങൾ തുടങ്ങിയ സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട സുരക്ഷാ നടപടികൾ, എമർജൻസി കിറ്റ് തയ്യാറാക്കൽ, മുൻകൂർ മുന്നറിയിപ്പ് വിവരങ്ങൾ എന്നിവയെക്കുറിച്ച് ജില്ലാ ഹസാർഡ് അനലിസ്റ്റ് അഞ്ജലി പരമേശ്വരൻ ക്ലാസെടുത്തു.

​കോതമംഗലം ഫയർ ആൻഡ് റെസ്ക്യൂ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽ കുമാർ, ഫയർ ഓഫീസർ അഖിൽ എന്നിവരുടെ നേതൃത്വത്തിൽ അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ, ഫയർ എക്സ്റ്റിംഗുഷർ ഉപയോഗിക്കുന്ന വിധം, ജല രക്ഷാപ്രവർത്തന രീതികൾ എന്നിവയിൽ പ്രായോഗിക പരിശീലനം നൽകി. റിലയൻസ് ഫൗണ്ടേഷന്റെ ദുരന്ത ലഘൂകരണ പരിപാടികളെക്കുറിച്ച് ഓഫീസർ നഫാസ് നാസർ വിശദീകരിച്ചു.

​ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽദോസ് ബേബി, ഐ.എ.ജി കൺവീനർ എൽദോസ് ബാബു, പഞ്ചായത്ത് സെക്രട്ടറി ശ്രീകുമാർ, പഞ്ചായത്ത് അംഗങ്ങൾ, കുടുംബശ്രീ, ഹരിത കർമ്മസേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.