ദേശീയപാത സുരക്ഷ എറണാകുളത്ത് 5 പ്രത്യേക പരിശോധനാ സംഘങ്ങൾ

ദേശീയപാതകളിലെ അപകട സാധ്യതകൾ കുറയ്ക്കുന്നതിനും അനധികൃത കയ്യേറ്റങ്ങൾ നീക്കം ചെയ്യുന്നതിനുമായി എറണാകുളത്ത് അഞ്ചു പ്രത്യേക പരിശോധനാ സംഘങ്ങളെ വിന്യസിക്കാൻ ജില്ലാ കളക്ടർ ജി. പ്രിയങ്ക ഉത്തരവിട്ടു.

ദേശീയപാത സുരക്ഷ എറണാകുളത്ത് 5 പ്രത്യേക പരിശോധനാ സംഘങ്ങൾ
സുപ്രീം കോടതിയുടെ ഉത്തരവുകളുടെയും മാർഗ്ഗനിർദേശങ്ങളുടെയും അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗത്തിലാണ് തീരുമാനം.

ദേശീയപാത സുരക്ഷ: നിയന്ത്രണങ്ങൾ കർശനമാക്കും; എറണാകുളത്ത് പരിശോധനയ്ക്കായി 5 പ്രത്യേക സംഘങ്ങൾ

കൊച്ചി: ദേശീയപാതകളിലെ റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കാനും തടസ്സങ്ങൾ നീക്കാനും അടിയന്തര നടപടികളുമായി എറണാകുളം ജില്ലാ ഭരണകൂടം. സുപ്രീം കോടതിയുടെ ഉത്തരവുകളുടെയും മാർഗ്ഗനിർദേശങ്ങളുടെയും അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗത്തിലാണ് തീരുമാനം.

​ദേശീയപാതകളിലെ അടിസ്ഥാന സൗകര്യങ്ങളിലെ വീഴ്ചകളും ഭരണപരമായ പോരായ്മകളും അടിയന്തരമായി പരിഹരിക്കും. പാതകളിൽ കൃത്യമായ പരിശോധനയും പട്രോളിംഗും ഉറപ്പാക്കുന്നതിനുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ (SOP) നടപ്പിലാക്കുന്നത് വേഗത്തിലാക്കും.

​അനധികൃത കയ്യേറ്റങ്ങൾ കണ്ടെത്താൻ 5 പ്രത്യേക ടീമുകൾ

പാതയോരങ്ങളിലെ അനധികൃത കയ്യേറ്റങ്ങളും തടസ്സങ്ങളും കണ്ടെത്തുന്നതിനായി റവന്യൂ, പി.ഡബ്ല്യു.ഡി, എൻ.എച്ച്.എ.ഐ, പോലീസ്, മോട്ടോർ വാഹന വകുപ്പ് (MVD) എന്നിവരെ ഉൾപ്പെടുത്തി അഞ്ച് പ്രത്യേക പരിശോധനാ സംഘങ്ങൾക്ക് രൂപം നൽകി. ജില്ലയിലെ അഞ്ച് പ്രധാന ദേശീയപാതാ ഭാഗങ്ങളിലാണ് തഹസീൽദാർമാരുടെ നേതൃത്വത്തിലുള്ള ഈ സംഘങ്ങളെ വിന്യസിക്കുന്നത്:

​മൂത്തകുന്നം - ഇടപ്പള്ളി (NH 66)

​ഇടപ്പള്ളി - അരൂർ (NH 66)

​കൊച്ചി - മൂന്നാർ (NH 85)

​ഐ.സി.ടി.ടി വല്ലാർപാടം (NH 966)

​അങ്കമാലി - കുണ്ടന്നൂർ (NH 544)

​പരിശോധനാ സംഘങ്ങൾക്കാവശ്യമായ വാഹനവും ഡ്രൈവറെയും എൻ.എച്ച്.എ.ഐ (NHAI) ലഭ്യമാക്കും.

​പ്രധാന ചുമതലകൾ

ദേശീയപാതകളിലെ അപകടസാധ്യതാ മേഖലകൾ (Black Spots), തടസ്സങ്ങൾ, അനധികൃത കയ്യേറ്റങ്ങൾ, വൻകിട-ചരക്ക് വാഹനങ്ങളുടെ നിയമവിരുദ്ധമായ പാർക്കിംഗ് എന്നിവ കണ്ടെത്തി അടിയന്തര റിപ്പോർട്ട് സമർപ്പിക്കുകയാണ് സംഘത്തിന്റെ പ്രധാന ചുമതല. പാതയോരങ്ങളിലെ നിയമവിരുദ്ധ നിർമ്മാണങ്ങൾ സമയബന്ധിതമായി നീക്കം ചെയ്യും. റിപ്പോർട്ടുകൾ ഏകീകരിച്ച് സർക്കാരിലേക്ക് സമർപ്പിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് കളക്ടർ നിർദേശം നൽകി.

​യോഗത്തിൽ എ.ഡി.എം കെ. മനോജ്, എ.എസ്.പി (റൂറൽ) ടി. ബി. വിജയൻ, കൊച്ചി സിറ്റി എ.സി.പി (ട്രാഫിക് വെസ്റ്റ്) സാജു ജോർജ്, ജോയിന്റ് ആർ.ടി.ഒ സി. ടി. അരുൺ, വിവിധ തഹസിൽദാർമാർ, എൻ.എച്ച്.എ.ഐ, പി.ഡബ്ല്യു.ഡി, തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു