ഇടുക്കിയുടെ അഭിമാനനിമിഷം രാഷ്ട്രപതിയുമായി സംവദിച്ചു രണ്ട് ഗോത്രവർഗ വിദ്യാർഥികൾ

ജൻജാതീയ ഗൗരവ് ദിവസിനോടനുബന്ധിച്ച് രാഷ്ട്രപതി ഭവനിൽ നടന്ന സംവാദത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമുവുമായി സംവദിച്ച് ഇടുക്കി പൈനാവ് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ പൂർവവിദ്യാർഥികളായ എം. മിഥുനും അലീന ജോസും.

ഇടുക്കിയുടെ അഭിമാനനിമിഷം രാഷ്ട്രപതിയുമായി സംവദിച്ചു രണ്ട് ഗോത്രവർഗ വിദ്യാർഥികൾ
രാഷ്ട്രപതി ദ്രൗപദി മുർമുവുമായി സംവദിക്കാൻ കേരളത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട അലീന ജോസ്, എം. മിഥുൻ എന്നിവർ പൈനാവ് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിലെഅധ്യാപിക വി.എം സുബൈദയ്ക്കൊപ്പം 
ഇടുക്കിയുടെ അഭിമാനനിമിഷം രാഷ്ട്രപതിയുമായി സംവദിച്ചു രണ്ട് ഗോത്രവർഗ വിദ്യാർഥികൾ

 ഇടുക്കിയുടെ അഭിമാനനിമിഷം രാഷ്ട്രപതിയുമായി സംവദിച്ചു രണ്ട് ഗോത്രവർഗ വിദ്യാർഥികൾ 

 ഇടുക്കി: രാഷ്ട്രപതി ദ്രൗപദി മുർമുവുമായി സംവദിക്കാൻ കേരളത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട രണ്ട് ഗോത്രവർഗ വിദ്യാർഥികൾ ഇടുക്കിയുടെ അഭിമാനമായി. പൈനാവ് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ പൂർവവിദ്യാർഥികളായ മിഥുൻ, അലീന ജോസ് എന്നിവരാണ് ജൻജാതീയ ഗൗരവ് ദിവസിനോടനുബന്ധിച്ച് നവംബർ 12-ന് ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ നടന്ന സംവാദ പരിപാടിയിൽ പങ്കെടുത്തത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള വിദ്യാർഥികളും പരിപാടിയിൽ പങ്കെടുത്തു. 

ഇ.എം.ആർ.എസ് സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടിയ മിഥുൻ എം. നിലവിൽ എറണാകുളം മഹാരാജാസ് കോളേജിൽ ഒന്നാം വർഷം പൊളിറ്റിക്കൽ സയൻസ് ബിരുദ വിദ്യാർഥിയാണ്. ഇടുക്കി ജില്ലയിലെ മന്നാക്കൂടി സ്വദേശികളായ മുരുകൻ- രേഷ്മ ദമ്പതിമാരുടെ മകനാണ്. പഠനത്തോടൊപ്പം കലാ-കായിക രംഗങ്ങളിലും സ്കൂൾതലത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.

 എസ്.എസ്.എൽ.സി. പരീക്ഷയിൽ സംസ്ഥാനതലത്തിൽ മികച്ച വിജയം നേടിയ അലീന ജോസ് നിലവിൽ കരിമണ്ണൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ സയൻസ് വിദ്യാർഥിനിയാണ്.ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂർ പേരകത്ത് വീട്ടിൽ ജോസ് രാജു-എം.എ. സുജമോൾ ദമ്പതി. മാരുടെ മകളാണ്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്.പി.സി.) അംഗമായ അലീനയ്ക്ക് 2025-ൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച എസ്.പി.സി. സംസ്ഥാന ക്യാമ്പിൽ മികച്ച കേഡറ്റിനുള്ള ബാഡ്ജ് ലഭിച്ചിട്ടുണ്ട്. സ്കൂൾ ബാൻഡ് സംഘത്തിലും പെൺകുട്ടികളുടെ ഫുട്ബോൾ ടീമിലും അംഗമായിരുന്നു അലീന.

നാഷണൽ എഡ്യൂക്കേഷൻ സൊസൈറ്റി ഫോർ ട്രൈബൽ സ്റ്റുഡന്റ്സ് (NESTS), കേന്ദ്ര ഗോത്രകാര്യ മന്ത്രാലയമാണ് ഇരുവരെയും പരിപാടിയിലേക്ക് തിരഞ്ഞെടുത്തത്. സ്കൂളിലെ ഹിന്ദി അധ്യാപിക വി.എം സുബൈദയും വിദ്യാർത്ഥികൾക്കൊപ്പം പോയി.

ഗോത്രവർഗ സമൂഹങ്ങളുടെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളെയും ത്യാഗങ്ങളെയും സമ്പന്നമായ സാംസ്കാരിക പൈതൃകത്തെയും ആദരിക്കുന്നതിനായാണ് ജൻജാതീയ ഗൗരവ് ദിവസ് ആചരിക്കുന്നത്. പ്രമുഖ ഗോത്രവർഗ സ്വാതന്ത്ര്യസമര നായകൻ ഭഗവാൻ ബിർസ മുണ്ടയുടെ ജന്മദിനമായ നവംബർ 15 ആണ് ഈ ദിനമായി ആചരിക്കുന്നത്. 2021-ലാണ് കേന്ദ്ര സർക്കാർ നവംബർ 15 ജൻജാതീയ ഗൗരവ് ദിവസായി പ്രഖ്യാപിച്ചത്.

ഗോത്രവർഗ വിദ്യാർഥികളുടെ അക്കാദമിക മികവിനുള്ള ദേശീയ അംഗീകാരം കൂടിയാണ് ഈ നേട്ടം. രാഷ്ട്രപതിയുമായി സംവദിക്കാനുള്ള അവസരം വിദ്യാർഥികൾക്കും പൈനാവ് ഇ.എം.ആർ.എസ് സ്കൂളിനും ഇടുക്കി ജില്ലയ്ക്കും അഭിമാനമായി.