ക്യാമ്പുകളിൽ കഴിയുന്നവർക്ക് വാടക വീട് ഒരുക്കണം തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശവുമായി ഇടുക്കി കളക്ടർ

ഇടുക്കി ജില്ലയിലെ 30 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഭേദഗതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം. ക്യാമ്പുകളിൽ കഴിയുന്നവർക്ക് വാടക വീട് ക്രമീകരിക്കാനും അതിഥി തൊഴിലാളികൾക്കിടയിൽ മലേറിയ പരിശോധന കടുപ്പിക്കാനും കളക്ടറുടെ നിർദേശം.

ക്യാമ്പുകളിൽ കഴിയുന്നവർക്ക് വാടക വീട് ഒരുക്കണം തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശവുമായി ഇടുക്കി കളക്ടർ
ആസൂത്രണ സമിതി ചെയര്‍പേഴ്‌സണായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീല സ്റ്റീഫന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗം. മെംബര്‍ സെക്രട്ടറിയായ ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഡോ. പി. പ്രവീണ്‍ എ എന്നിവര്‍ സമീപം.
ക്യാമ്പുകളിൽ കഴിയുന്നവർക്ക് വാടക വീട് ഒരുക്കണം തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശവുമായി ഇടുക്കി കളക്ടർ
ക്യാമ്പുകളിൽ കഴിയുന്നവർക്ക് വാടക വീട് ഒരുക്കണം തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശവുമായി ഇടുക്കി കളക്ടർ

30 തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരം

ഇടുക്കി:30 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. ജില്ലാ ആസൂത്രണ സമിതി ചെയര്‍പേഴ്‌സണായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീല സ്റ്റീഫന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പദ്ധതി ഭേദഗതിക്ക് അംഗീകാരം നല്‍കിയത്. മെംബര്‍ സെക്രട്ടറിയായ ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഡോ. പി. പ്രവീണ്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. 

അടിമാലി, അറക്കുളം, മരിയാപുരം, മാങ്കുളം, കുടയത്തൂര്‍, കാഞ്ചിയാര്‍, കൊക്കയാര്‍, വണ്ടന്‍മേട്, കൊന്നത്തടി, ഇരട്ടയാര്‍, കുമളി, ഉടുമ്പന്‍ചോല, ഇടവെട്ടി, അയ്യപ്പന്‍കോവില്‍, മണക്കാട്, ആലക്കോട്, വെള്ളിയാമറ്റം, കരിമണ്ണൂര്‍, കുമാരമംഗലം, ബൈസണ്‍വാലി, ഉടുമ്പന്നൂര്‍, സേനാപതി, നെടുങ്കണ്ടം ഗ്രാമപഞ്ചായത്തുകളുടെയും തൊടുപുഴ, കട്ടപ്പന, അടിമാലി, ഇടുക്കി, നെടുങ്കണ്ടം, ഇളംദേശം ബ്ലോക്ക് പഞ്ചായത്തുകളുടെയും കട്ടപ്പന നഗരസഭയുടെയും പദ്ധതി ഭേദഗതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്. 

മഴയുമായി ബന്ധപ്പെട്ട ദുരന്തങ്ങളെ പ്രതിരോധിക്കാന്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പൂര്‍ണ്ണസജ്ജമായിരിക്കണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. നിലവിലുളള ദുരിതാശ്വാസ ക്യാമ്പുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പുകള്‍ നീട്ടിക്കൊണ്ടു പോകാന്‍ കഴിയില്ല. ക്യാമ്പുകളില്‍ നിന്ന് സ്വന്തം വീടുകളിലേക്ക് തിരിച്ചുപോകാന്‍ കഴിയാത്തവര്‍ക്കായി തദ്ദേശ സ്ഥാപനങ്ങള്‍ വാടക വീട് ക്രമീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ തദ്ദേശ സ്ഥാപനങ്ങളും തനത് വരുമാനം വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കണം. ജൈവ വൈവിധ്യ രജിസ്റ്റര്‍ പുതുക്കുന്നതിന് നടപടി സ്വീകരിക്കണം. ജൈവ വൈവിധ്യ സമിതി ചേരണം. ഇതുമായി ബന്ധപ്പെട്ട് തനത് വരുമാനം വര്‍ധിപ്പിക്കാനുള്ള നിരവധി പദ്ധതികള്‍ തയാറാക്കാന്‍ കഴിയും. ഇക്കാര്യത്തില്‍ ഇടുക്കി ജില്ലയ്ക്ക് വലിയ സാധ്യതയാണുള്ളതെന്നും കളക്ടര്‍ പറഞ്ഞു. കേന്ദ്ര-സംസ്ഥാന പദ്ധതികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികളും സംയോജിപ്പിച്ച് കൂടുതല്‍ മികച്ച പ്രവര്‍ത്തനം ജില്ലയ്ക്ക് കാഴ്ചവെക്കാനാകും. ഇതിനായി കേന്ദ്ര പദ്ധതികളുടെ പട്ടിക തയാറാക്കിവരികയാണെന്നും കളക്ടര്‍ പറഞ്ഞു.  

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന അതിഥി തൊഴിലാളികള്‍ക്കിടയില്‍ മലേറിയ വര്‍ധിക്കുന്ന സാഹചര്യത്തില്‍ തൊഴിലാളുകളുടെ പരിശോധന കര്‍ശനമാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കണം. തൊഴിലാളികളെ ഇവിടെയെത്തിക്കുന്ന ഏജന്റുമാരുടെ പട്ടിക തയാറാക്കി വരികയാണ്. അതിഥി തൊഴിലാളികളുടെ താമസ സ്ഥലത്ത് ശുചിത്വം ഉറപ്പാക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക്, പഞ്ചായത്ത്, നഗരസഭ സെക്രട്ടറിമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.