സംസ്ഥാന ശാസ്‌ത്രോത്സവം ഓവറോള്‍ കിരീടം കണ്ണൂര്‍ ജില്ലയ്ക്ക്

മണ്ണാർക്കാട്ട് സമാപിച്ച സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ 1585 പോയിന്റ് നേടി കണ്ണൂർ ഓവറോൾ ചാമ്പ്യന്മാരായി. മലപ്പുറം ഫസ്റ്റ് റണ്ണർഅപ്പും പാലക്കാട് സെക്കൻഡ് റണ്ണർഅപ്പുമായി.

സംസ്ഥാന ശാസ്‌ത്രോത്സവം ഓവറോള്‍ കിരീടം കണ്ണൂര്‍ ജില്ലയ്ക്ക്
സംസ്ഥാന ശാസ്ത്രോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ കണ്ണൂർ ജില്ലയ്ക്ക് മന്ത്രി എൻ ഷംസുദീൻ എവർറോളിങ് ട്രോഫി സമ്മാനിക്കുന്നു

സംസ്ഥാന ശാസ്‌ത്രോത്സവം: ഓവറോള്‍ കിരീടം കണ്ണൂര്‍ ജില്ലയ്ക്ക്

  കണ്ണൂര്‍: അഞ്ച് ദിവസം നീണ്ട സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ ഓവറോള്‍ കിരീടം സ്വന്തമാക്കി കണ്ണൂര്‍ ജില്ല. 1585 പോയിന്റുകള്‍ നേടിയാണ് കണ്ണൂര്‍ ഒന്നാം സ്ഥാനത്തെത്തിയത്. വിജയികള്‍ക്കുള്ള എവര്‍റോളിംഗ് ട്രോഫി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്‍ കൈമാറി. 

1563 പോയിന്റുമായി മലപ്പുറം ജില്ല ഫസ്റ്റ് റണ്ണര്‍അപ്പ് ആയി. 1501 പോയിന്റുമായി പാലക്കാട് സെക്കന്‍ഡ് റണ്ണര്‍അപ്പ് സ്ഥാനവും കരസ്ഥമാക്കി.

സ്‌കൂള്‍ തലത്തിലുള്ള പോരാട്ടത്തില്‍ 165 പോയിന്റോടെ വയനാട് ദ്വാരക എസ്എച്ച്എച്ച്എസ്എസ് ഒന്നാം സ്ഥാനം നേടി. ഇടുക്കി കൂമ്പന്‍പാറ ഫാത്തിമ മാതാ ഗേള്‍സ് എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും (153 പോയിന്റ്) കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും (152 പോയിന്റ്) സ്വന്തമാക്കി.

നവംബര്‍ 17 മുതല്‍ 21 വരെ മണ്ണാര്‍ക്കാട്ടെ വിവിധ വേദികളിലായി നടന്ന മേളയില്‍ ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, പ്രവൃത്തിപരിചയം, ഐടി എന്നീ അഞ്ച് മേളകളിലായി 174 ഇനങ്ങളിലാണ് വിദ്യാര്‍ഥികള്‍ മാറ്റുരച്ചത്.

27 ഒന്നാം സ്ഥാനങ്ങളും, 21 രണ്ടാം സ്ഥാനങ്ങളും, 16 മൂന്നാം സ്ഥാനങ്ങളും സ്വന്തമാക്കിയാണ് കണ്ണൂര്‍ ജില്ല ഓവറോള്‍ ചാംപ്യന്‍മാരായത്. വിവിധ മത്സരങ്ങളിലായി 272 പേര്‍ക്ക് എ ഗ്രേഡും മൂന്ന് പേര്‍ക്ക് ബി ഗ്രേഡും രണ്ടുപേര്‍ക്ക് സി ഗ്രേഡും ലഭിച്ചു. 

ശാസ്‌ത്രോത്സവത്തിന്റെ ഭാഗമായി നടന്ന ശാസ്ത്രമേളയില്‍ 217 പോയിന്റ് നേടി കണ്ണൂര്‍ കിരീടം ചൂടി. പ്രവൃത്തിപരിചയ മേളയിലും 820 പോയിന്റുമായി കണ്ണൂരിന് തന്നെയാണ് കിരീടം. ഐടി മേളയില്‍ 138 പോയിന്റ് നേടി കണ്ണൂര്‍ സംസ്ഥാനത്ത് മൂന്നാം സ്ഥാനത്തെത്തി. സാമൂഹ്യശാസ്ത്രമേളയില്‍ 164 പോയിന്റുമായി കണ്ണൂര്‍ വിജയകിരീടമണിഞ്ഞു. 246 പോയിന്റുമായി ഗണിത ശാസ്ത്രമേളയില്‍ 5-ാം സ്ഥാനമാണെങ്കിലും, അതിലെ ഹൈസ്‌കൂള്‍ വിഭാഗം ചാമ്പ്യന്‍ഷിപ്പ് കണ്ണൂര്‍ തന്നെ നേടി. അധ്യാപകര്‍ക്കുള്ള മത്സരങ്ങളിലും കണ്ണൂരിന്റെ താരങ്ങള്‍ വിജയക്കൊടി പാറിച്ചു.

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും ശാസ്‌ത്രോത്സവത്തില്‍ കണ്ണൂരിന് രണ്ടാം സ്ഥാനമായിരുന്നു. കാത്തിരുന്ന് നേടിയ ഈ വിജയം കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും കൂട്ടായ്മയുടെയും തിളക്കമാര്‍ന്ന നേട്ടമാണെന്ന് കൈറ്റ് ജില്ലാ കോഡിനേറ്റര്‍ കെ സുരേന്ദ്രന്‍ അടുത്തില പറഞ്ഞു. 

കൈറ്റ് ജില്ലാ കോഡിനേറ്റര്‍ കെ. സുരേന്ദ്രന്‍ അടുത്തില, സംസ്ഥാന സയന്‍സ് ക്ലബ് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ ജി. പ്രമോദ് കുമാര്‍, സാമൂഹ്യശാസ്ത്ര ക്ലബ്ബ് ജില്ലാ സെക്രട്ടറി കെ. ഒ. രാമചന്ദ്രന്‍, ഗണിതശാസ്ത്ര ക്ലബ്ബ് ജില്ലാ സെക്രട്ടറി കെ. വി. പ്രകാശന്‍, പ്രവൃത്തി പരിചയ ക്ലബ്ബ് ജില്ലാ സെക്രട്ടറി എം. ഷിജിത്ത്, കണ്ണൂര്‍ ഡിഡിഇ ഓഫീസ് സൂപ്രണ്ട് പ്രജീഷ് കെ പി, കൈറ്റ് കണ്ണൂര്‍ മാസ്റ്റര്‍ ട്രെയിനര്‍ എം ടി കരുണ്‍രാജ് എന്നിവരാണ് കണ്ണൂര്‍ ടീമിന് നേതൃത്വം നല്‍കിയത്.