അപകടരഹിത കേരളത്തിനായി ജീവ സുയാത്ര യ്ക്ക് തുടക്കം ബ്രാൻഡ് അംബാസഡറായി മമ്മൂട്ടി

അപകടരഹിത കേരളത്തിനായി ഗതാഗത വകുപ്പ് നടപ്പാക്കുന്ന ജീവ സുയാത്ര മിഷൻ മുഖ്യമന്ത്രി വി.ഡി. സതീശൻ എറണാകുളത്ത് ഉദ്ഘാടനം ചെയ്തു. നിയമലംഘകർക്കെതിരെ കർശന നടപടി വേണമെന്ന് മുഖ്യമന്ത്രി.

അപകടരഹിത കേരളത്തിനായി ജീവ സുയാത്ര യ്ക്ക് തുടക്കം ബ്രാൻഡ് അംബാസഡറായി മമ്മൂട്ടി
റോഡപകടങ്ങൾ കുറയ്ക്കാൻ സർക്കാർ നടപ്പാക്കുന്ന ജീവ-സുയാത്ര' മിഷന്റെ സംസ്ഥാനതല ഉദ്ഘാടനം കൊച്ചിയിൽ മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിക്കുന്നു. മമ്മൂട്ടി,ഗതാഗത മന്ത്രി സി.പി ജോൺ,ഹൈബി ഈഡൻ എം.പി, ടി.ജെ വിനോദ് എം.എൽ.എ, കൊച്ചി കോർപറേഷൻ മേയർ വി.കെ മിനിമോൾ, ജില്ലാ കലക്ടർ ജി. പ്രിയങ്ക, എന്നിവർ സമീപം.
അപകടരഹിത കേരളത്തിനായി ജീവ സുയാത്ര യ്ക്ക് തുടക്കം ബ്രാൻഡ് അംബാസഡറായി മമ്മൂട്ടി

റോഡ് സുരക്ഷ ഉറപ്പാക്കാൻ ആറുമാസം കർശന നടപടി വേണം: മുഖ്യമന്ത്രി വി ഡി സതീശൻ അപകടരഹിത കേരളത്തിനായി 'ജീവ സുയാത്ര'യ്ക്ക് തുടക്കം

 എറണാകുളം:   റോഡ് അപകടങ്ങളും അപകടമരണങ്ങളും കുറച്ച് സുരക്ഷിതമായ യാത്രാസംസ്കാരം വളർത്തിയെടുക്കാൻ അടുത്ത ആറുമാസക്കാലം കർശനമായ നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. എറണാകുളം ടൗൺ ഹാളിൽ നടന്ന ഗതാഗത വകുപ്പിന്റെ റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള 'ജീവ സുയാത്ര മിഷൻ' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 റോഡ് അപകടങ്ങളുടെ കാര്യത്തിൽ കേരളം ആശങ്കാജനകമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ദിവസവും നിരവധി ജീവനുകളാണ് റോഡുകളിൽ നഷ്ടപ്പെടുന്നത്. അപകടങ്ങളിൽ കുട്ടികളും യുവാക്കളും കുടുംബത്തിന്റെ ഏക ആശ്രയമായവരും ഇരകളാകുന്നു. ഗുരുതരമായി പരിക്കേറ്റ് ജീവിതകാലം മുഴുവൻ ദുരിതമനുഭവിക്കേണ്ടിവരുന്നവരും നിരവധിയാണ്. ഈ സാഹചര്യത്തിന് മാറ്റം വരുത്താൻ സമൂഹത്തിന്റെ കൂട്ടായ ഇടപെടൽ അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

റോഡ് സുരക്ഷ ഗതാഗത വകുപ്പിന്റെയോ പോലീസിന്റെയോ മോട്ടോർ വാഹന വകുപ്പിന്റെയോ മാത്രം ഉത്തരവാദിത്വമല്ല. ഓരോ പൗരനും ഇക്കാര്യത്തിൽ ഉത്തരവാദിത്വമുണ്ട്. നിയമങ്ങൾ പാലിക്കുന്നതും മറ്റുള്ളവരുടെ ജീവന് വിലകൽപ്പിക്കുന്നതും ജീവിതശൈലിയുടെ ഭാഗമാകണം. റോഡ് സംസ്കാരം വളർത്തിയെടുക്കുകയാണ് ലക്ഷ്യം. നിയമലംഘനങ്ങൾക്കെതിരെ മുഖം നോക്കാതെ കർശന നടപടി സ്വീകരിക്കണം. നിയമനടപടികളിൽ ജനപ്രതിനിധികളോ മറ്റാരെങ്കിലുമോ ശുപാർശകളുമായി ഇടപെടരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മദ്യപിച്ച് വാഹനമോടിക്കൽ, അമിതവേഗം, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കൽ, ഗതാഗതസിഗ്നലുകളും നിയമങ്ങളും ലംഘിക്കൽ തുടങ്ങിയ പ്രവണതകൾ കർശനമായി നിയന്ത്രിക്കണം. നിയമലംഘകർക്ക് പിഴ ചുമത്തുന്നതുൾപ്പെടെയുള്ള നടപടികളിൽ വിട്ടുവീഴ്ചയുണ്ടാകരുത്. ആവശ്യമെങ്കിൽ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണം. റോഡ് മുറിച്ചുകടക്കുന്ന കാൽനടയാത്രക്കാർക്ക് മുൻഗണന നൽകുന്നതും സുരക്ഷിതമായ യാത്രയുടെ ഭാഗമാകണമെന്നും അദ്ദേഹം പറഞ്ഞു.

വിദേശരാജ്യങ്ങളിൽ വാഹനമോടിക്കുമ്പോൾ നിയമങ്ങൾ കൃത്യമായി പാലിക്കുന്ന മലയാളികൾ സ്വന്തം നാട്ടിലും അതേ ഉത്തരവാദിത്വബോധം പുലർത്തണം. നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിനൊപ്പം റോഡുകളുടെ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കണം. അടുത്ത ആറുമാസക്കാലം ശക്തമായ പരിശോധനകളും നടപടികളും തുടർന്നാൽ ഒരു വർഷത്തിനുള്ളിൽ കേരളത്തിൽ മികച്ച റോഡ് സുരക്ഷാ സംസ്കാരം വളർത്തിയെടുക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ ആയ നടൻ മമ്മൂട്ടി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ, ഹൈബി ഈടൻ എം പി, എം എൽ എ ടി ജെ വിനോദ്, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ മേയർ വി. കെ. മിനിമോൾ, ജില്ലാ കളക്ടർ ജി പ്രിയങ്ക ഐ എ എസ്, ഗതാഗത വകുപ്പ് സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് ഐ.എ.എസ്,

 സിറ്റി പോലീസ് കമ്മിഷണർ ആർ നിശാന്തിനി ഐ.പി.എസ്, ട്രാൻസ്പോർട്ട് കമ്മിഷണർ ജി. സ്പർജൻ കുമാർ ഐ.പി.എസ്, വാർഡ് കൗൺസിലർ സുധ ദിലീപ് കുമാർ, ഐ ജി പി, ട്രാഫിക് & റോഡ് സേഫ്റ്റി കമ്മീഷണർ എസ്. സതീഷ് ബിനോ ഐ.പി.എസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.