വാഴക്കുലയ്ക്കുള്ളിൽ ലഹരിക്കടത്ത് ഡാനി ഭായ് ഒടുവിൽ പോലീസിന്റെ വലയിൽ പിടിച്ചെടുത്തത് ഹാഷിഷ് ഓയിലും എം.ഡി.എം.എയും

​ബംഗളൂരു മൈസൂരു മേഖലകൾ കേന്ദ്രീകരിച്ച് കേരളത്തിലേക്ക് ലഹരിമരുന്ന് എത്തിച്ചിരുന്ന സംഘത്തിലെ പ്രധാനി ധനേഷ് എസ്. നായരെ (ഡാനി) ആലുവ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അങ്കമാലിയിൽ വെച്ച് പിടികൂടി.

വാഴക്കുലയ്ക്കുള്ളിൽ ലഹരിക്കടത്ത് ഡാനി ഭായ് ഒടുവിൽ പോലീസിന്റെ വലയിൽ പിടിച്ചെടുത്തത് ഹാഷിഷ് ഓയിലും എം.ഡി.എം.എയും
ബംഗളൂരു-കേരള ലഹരിക്കടത്ത്: മുഖ്യസൂത്രധാരൻ 'ഡാനി ഭായ്' അങ്കമാലിയിൽ അറസ്റ്റിൽ

ബംഗളൂരു-കേരള ലഹരിക്കടത്ത് മുഖ്യസൂത്രധാരൻ 'ഡാനി ഭായ്' അങ്കമാലിയിൽ പിടിയിൽ

​ആലുവ: ബംഗളൂരു, മൈസൂരു മേഖലകൾ കേന്ദ്രീകരിച്ച് കേരളത്തിലേക്ക് വൻതോതിൽ ലഹരിമരുന്ന് കടത്തിയിരുന്ന പ്രധാന വിതരണക്കാരൻ പോലീസിന്റെ പിടിയിലായി. ഹരിപ്പാട് പായിപ്പാട് വയ്യാപുരം വില്ലേജ് പറയ്യിൽ വീട്ടിൽ ‘ഡാനി’ എന്നുവിളിക്കുന്ന ധനേഷ് എസ്. നായർ (31) നെയാണ് ആലുവ ഡി.വൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അങ്കമാലിയിൽ വെച്ച് അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് 803 ഗ്രാം ഹാഷിഷ് ഓയിലും 8 ഗ്രാം എം.ഡി.എം.എയും പോലീസ് പിടിച്ചെടുത്തു.

​നിലവിൽ മൈസൂരിനടുത്തുള്ള നഞ്ചൻഗുഡുവിൽ താമസിക്കുന്ന ധനേഷ്, അവിടെയുള്ള തന്റെ വാഴത്തോട്ടങ്ങളുടെയും കൃഷിയിടങ്ങളുടെയും മറവിലാണ് ലഹരിക്കടത്ത് നടത്തിയിരുന്നത്. യുവാക്കളെ റിക്രൂട്ട് ചെയ്ത് കർണാടകയിൽ എത്തിച്ച ശേഷം, വാഴക്കുലകൾക്കുള്ളിൽ പൊതിഞ്ഞ് ഒളിപ്പിച്ചു കടത്തുന്നതായിരുന്നു ഇയാളുടെ രീതി. പ്രതികളുടെ മൊബൈൽ ഫോണുകളിൽ നിന്ന് ഇത്തരം കടത്തുരീതികൾ വ്യക്തമാക്കുന്ന വീഡിയോകളും ദൃശ്യങ്ങളും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

​കഴിഞ്ഞദിവസം ആലുവയിലെ ലോഡ്ജിൽനിന്ന് 185 ഗ്രാം എം.ഡി.എം.എയുമായി ഹരികൃഷ്ണൻ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ ഫോൺ പരിശോധിച്ചതിനെ തുടർന്നാണ് ശൃംഖലയിലെ പ്രധാനിയായ ധനേഷിനെക്കുറിച്ച് വിവരം ലഭിക്കുന്നത്. തുടർന്ന് കൊച്ചി സിറ്റി പോലീസുമായി സഹകരിച്ച് തോപ്പുംപടിയിൽനിന്ന് ഏഴ് ഗ്രാം എം.ഡി.എം.എയുമായി ഷിനു സെബാസ്റ്റ്യൻ എന്നയാളെയും പിടികൂടി. 'ഡാനി ഭായ്' എന്ന പേരിൽ ഇൻസ്റ്റഗ്രാം വഴിയാണ് ഇയാൾ സംഘത്തിന് നിർദേശങ്ങൾ നൽകിയിരുന്നത്.

​എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ മേൽനോട്ടത്തിൽ തമിഴ്നാട്ടിലേക്കും കർണാടകയിലേക്കും അന്വേഷണം വ്യാപിപ്പിച്ച അന്വേഷണസംഘം ഒടുവിൽ അങ്കമാലിയിൽ വെച്ച് പ്രതിയെ സാഹസികമായി വലയിലാക്കുകയായിരുന്നു. ബംഗളൂരു-മൈസൂരു മേഖലകളിൽ പ്രവർത്തിക്കുന്ന ലഹരി ശൃംഖലയിലെ മറ്റു കണ്ണികളെ കണ്ടെത്താനായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.