ചാലക്കുടി റിവർ ഡൈവേർഷൻ സ്കീം കനാൽ ജലവിതരണം നവംബർ 15 ന് ആരംഭിക്കും
ചാലക്കുടി റിവർ ഡൈവേർഷൻ സ്കീമിന്റെ കനാലുകൾ വഴിയുള്ള ജലവിതരണം നവംബർ 15 ന് ആരംഭിക്കും. കളക്ടർ ശിഖ സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
ചാലക്കുടി റിവർ ഡൈവേർഷൻ സ്കീം കനാൽ ജലവിതരണം നവംബർ 15-ന് ആരംഭിക്കും
ചാലക്കുടി: ചാലക്കുടി റിവർ ഡൈവേർഷൻ സ്കീമിന്റെ (CRDS) വലതുകര, ഇടതുകര കനാലുകൾ വഴിയുള്ള ഈ വർഷത്തെ ജലവിതരണം നവംബർ 15-ന് ആരംഭിക്കും. ചാലക്കുടി ഐ.ഐ.പി. ഇൻസ്പെക്ഷൻ ബംഗ്ലാവിൽ തൃശ്ശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന പ്രൊജക്റ്റ് അഡ്വൈസറി കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സി.ആർ.ഡി.എസ്. കനാലുകളുടെ അറ്റകുറ്റപ്പണികൾക്കുള്ള ഫണ്ട് ലഭ്യത ഉറപ്പാക്കുന്നതിനും പൊരിങ്ങൽകുത്തിൽ നിന്ന് കൂടുതൽ വെള്ളം ലഭ്യമാക്കുന്നതിനുമായി മുഖ്യമന്ത്രിയുടെയും ജലസേചനം, വൈദ്യുതി, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പ് മന്ത്രിമാരുടെയും പങ്കാളിത്തത്തോടെ പ്രത്യേക യോഗം വിളിച്ചുചേർക്കാനും യോഗത്തിൽ തീരുമാനമായി.
ഈ വർഷത്തെ മഴക്കുറവ് മൂലം കനാലുകളിൽ പ്രതീക്ഷിക്കുന്ന ജലക്ഷാമം നേരിടാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പ്രാദേശിക കമ്മിറ്റികൾ രൂപീകരിച്ച് ജലവിതരണം കാര്യക്ഷമമാക്കണമെന്ന് യോഗത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ നിർദ്ദേശിച്ചു. കനാലുകളിൽ നിന്ന് നീക്കം ചെയ്യുന്ന മാലിന്യങ്ങൾ കനാൽ ബണ്ടിൽ നിക്ഷേപിക്കുന്നത് ഒഴിവാക്കാനും, അവ നീക്കം ചെയ്യാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം നൽകുന്ന കാര്യത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തി തീരുമാനമെടുക്കുമെന്ന് യുവജനക്ഷേമ കായിക വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് അറിയിച്ചു.
പറമ്പിക്കുളം അളിയാർ (P.A.P.) കരാർ പ്രകാരം തമിഴ്നാട്ടിൽ നിന്നുള്ള വെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കണമെന്നും, ഫണ്ടുകളുടെ അപര്യാപ്തത പരിഹരിക്കണമെന്നും, തുമ്പൂർമുഴിക്ക് മുകളിലായി ഒരു സ്റ്റോറേജ് സംവിധാനം വേണമെന്നും സനീഷ്കുമാർ ജോസഫ് എം.എൽ.എ. ആവശ്യപ്പെട്ടു. കരാർ പ്രകാരമുള്ള വെള്ളം ലഭ്യമാക്കാനും കനാൽ മാലിന്യനീക്കത്തിന് ആവശ്യമായ നിയമനിർമ്മാണം നടത്താനും നടപടി വേണമെന്ന് ബെന്നി ബെഹനാൻ എം.പിയും ആവശ്യപ്പെട്ടു. പി.എ.പി. എഗ്രിമെന്റ് പ്രകാരമുള്ള വെള്ളം കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് തോമസ് ഉണ്ണിയാടൻ എം.എൽ.എ. പറഞ്ഞു. കൂടാതെ, ജലവിതരണത്തിനു മുന്നോടിയായി പ്രദേശത്തെ ചിറകളും കുളങ്ങളും നിറയ്ക്കണമെന്നും കെ. കെ രാമചന്ദ്രൻ എം.എൽ.എ.യുടെ പ്രതിനിധി ആവശ്യപ്പെട്ടു.
കനാലുകളിലെ ചോർച്ച കണ്ടെത്താൻ ടെക്നിക്കൽ മോണിറ്ററിംഗും ജി.ഐ.എസ്. മാപ്പിങ്ങും നടത്തുമെന്നും, കനാലുകൾ വൃത്തിയാക്കാൻ ഡിസാസ്റ്റർ മാനേജ്മെന്റിൽ നിന്ന് മാർഗ്ഗരേഖ ആവശ്യമാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.
റിവർ ഡൈവേർഷൻ സ്കീമിന് സ്വന്തമായി സ്റ്റോറേജ് സംവിധാനം ഇല്ലാത്തതിനാൽ പൊരിങ്ങൽകുത്ത് കെ.എസ്.ഇ.ബി. പവർ ഹൗസിൽ നിന്നുള്ള വെള്ളത്തെ മാത്രമാണ് ആശ്രയിക്കുന്നതെന്നും, വെള്ളത്തിന്റെ അളവിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും കനാലുകളുടെ കേടുപാടുകളും കാരണം പല ടേണുകളിലും വാലറ്റം വരെ വെള്ളം എത്തിക്കാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും ഐ.ഐ.പി. ഡിവിഷൻ നം. 2 എക്സിക്യൂട്ടീവ് എഞ്ചിനീയർ ജിഷ എ. വ്യക്തമാക്കി. തമിഴ്നാട് ഷോളയാറിൽ നിന്ന് കേരള ഷോളയാറിലേക്ക് സെപ്റ്റംബർ ഒന്നിന് നടത്തേണ്ട ഫില്ലിംഗ് പൂർണ്ണമല്ലായിരുന്നുവെന്നും, ഫെബ്രുവരി ഒന്നിലെ ഫില്ലിംഗ് ഉറപ്പാക്കിയില്ലെങ്കിൽ ആവശ്യത്തിന് ജലലഭ്യത ഉണ്ടാവില്ലെന്നും കെ.എസ്.ഇ.ബി. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ഗിരിജ ടി.സി. അറിയിച്ചു.
യോഗത്തിൽ എറണാകുളം എ ഡി എം കെ മനോജ്., സർക്കാർ നോമിനികൾ, കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർ, കനാൽ കമ്മിറ്റിയംഗങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
