മയക്കുമരുന്നിനെതിരെ ദേശീയതലത്തിൽ ഓപ്പറേഷൻ തൂഫാൻ വേണം ഡീൻ കുര്യാക്കോസ്
കേരളത്തിന്റെ ഓപ്പറേഷൻ തൂഫാൻ മാതൃകയിൽ രാജ്യവ്യാപക മയക്കുമരുന്ന് വിരുദ്ധ കാമ്പയിൻ കേന്ദ്ര സർക്കാർ ആരംഭിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ലോക്‌സഭയിൽ ആവശ്യപ്പെട്ടു.
സിന്തറ്റിക് മയക്കുമരുന്നിനെതിരെ ദേശീയതലത്തിൽ 'ഓപ്പറേഷൻ തൂഫാൻ' മാതൃക വേണം: ഡീൻ കുര്യാക്കോസ് എം.പി
തൊടുപുഴ: രാജ്യത്തുടനീളം യുവാക്കൾക്കിടയിൽ എം.ഡി.എം.എ ഉൾപ്പെടെയുള്ള സിന്തറ്റിക് മയക്കുമരുന്നുകളുടെ ഉപയോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ, കേരളത്തിന്റെ 'ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്' മാതൃകയിൽ കേന്ദ്ര സർക്കാർ രാജ്യവ്യാപക കാമ്പയിൻ ആരംഭിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി. ലോക്‌സഭയിൽ റൂൾ 377 പ്രകാരമാണ് ഇടുക്കി എം.പി ഈ ആവശ്യം ഉന്നയിച്ചത്.
2026 ജൂണിൽ കേരളത്തിൽ ആഭ്യന്തര വകുപ്പ്, പോലീസ്, എക്‌സൈസ് വകുപ്പുകൾ എന്നിവയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആരംഭിച്ച പദ്ധതിയാണ് 'ഓപ്പറേഷൻ തൂഫാൻ'. കുറഞ്ഞ കാലയളവിനുള്ളിൽ മയക്കുമരുന്ന് കടത്തും ഉപയോഗവും ഫലപ്രദമായി പ്രതിരോധിക്കാൻ ഈ മാതൃകയ്ക്ക് സാധിച്ചതായി എം.പി ചൂണ്ടിക്കാട്ടി.
കർശന നിയമനടപടികൾ ഉറപ്പാക്കുന്ന 'തൂഫാൻ സ്‌ട്രൈക്ക്', പൊതുബോധവൽക്കരണവും യുവജന പങ്കാളിത്തവും ഉറപ്പാക്കുന്ന 'തൂഫാൻ വാരിയേഴ്സ്', പുനരധിവാസവും കൗൺസിലിംഗും നൽകുന്ന 'തൂഫാൻ കെയർ' എന്നിവ അടങ്ങിയ സമഗ്രമായ രീതിയാണ് കേരളം നടപ്പിലാക്കുന്നത്. ഇതിലൂടെ ആയിരക്കണക്കിന് കേസുകൾ രജിസ്റ്റർ ചെയ്യാനും വൻതോതിൽ മയക്കുമരുന്ന് പിടിച്ചെടുക്കാനും അന്തർസംസ്ഥാന ലഹരി ശൃംഖലകളെ തകർക്കാനും സാധിച്ചിട്ടുണ്ട്.
സംസ്ഥാന അതിർത്തികൾ കടന്നാണ് സംഘടിത ലഹരി കടത്ത് സംഘങ്ങൾ പ്രവർത്തിക്കുന്നത് എന്നതിനാൽ ഒറ്റപ്പെട്ട നടപടികൾ കൊണ്ട് ഇതിനെ പ്രതിരോധിക്കാനാകില്ല. അതിനാൽ കേന്ദ്ര ഏജൻസികളെയും വിവിധ സംസ്ഥാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ട് ദേശീയതലത്തിൽ ശക്തമായ മയക്കുമരുന്ന് വിരുദ്ധ ദൗത്യം ആരംഭിക്കണമെന്ന് അദ്ദേഹം പാർലമെന്റിൽ ആവശ്യപ്പെട്ടു.

