നവംബർ 22ന് പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം

എറണാകുളം ജില്ലയിൽ അഞ്ച് വയസ്സിന് താഴെയുള്ള 1,61,529 കുട്ടികൾക്ക് നവംബർ 22ന് പൾസ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നൽകും. 1,881 ബൂത്തുകൾ ഇതിനായി സജ്ജീകരിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

നവംബർ 22ന് പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം
Al നിർമ്മിച്ച സാങ്കല്പിക ചിത്രം

​എറണാകുളം ജില്ലയിൽ നവംബർ 22ന് പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം 1.61 ലക്ഷം കുട്ടികൾക്ക് മരുന്ന് നൽകും

കൊച്ചി: എറണാകുളം ജില്ലയിൽ അഞ്ച് വയസ്സിന് താഴെയുള്ള 1,61,529 കുട്ടികൾക്ക് നവംബർ 22ന് പൾസ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നൽകും. പരിപാടിയുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാതല ടാസ്ക് ഫോഴ്സ് യോഗം ചേർന്നു.

​ജില്ലയിലുടനീളം 1,881 പൾസ് പോളിയോ ബൂത്തുകളാണ് ഇതിനായി സജ്ജീകരിക്കുന്നത്. യാത്രയിലുള്ള കുട്ടികൾക്ക് തുള്ളിമരുന്ന് ലഭ്യമാക്കുന്നതിനായി 40 ട്രാൻസിറ്റ് ബൂത്തുകളും 32 മൊബൈൽ ബൂത്തുകളും പ്രവർത്തിക്കും. കൂടാതെ, വീടുകളിലെത്തി തുള്ളിമരുന്ന് നൽകാൻ പ്രത്യേക ടീമുകളെയും നിയോഗിച്ചിട്ടുണ്ട്. അതിഥിത്തൊഴിലാളികളുടെ കുട്ടികൾക്ക് പ്രതിരോധ മരുന്ന് ഉറപ്പാക്കുന്നതിനായി മൈഗ്രന്റ് സൈറ്റുകൾ കേന്ദ്രീകരിച്ച് പ്രത്യേക ക്യാമ്പയിനുകളും നടത്തും.

​2014-ൽ ഇന്ത്യയെ പോളിയോ വിമുക്ത രാജ്യമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അയൽരാജ്യങ്ങളായ പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ഇപ്പോഴും പോളിയോ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. ആർ. ഷാഹിർ ഷാ പറഞ്ഞു. ഈ സാഹചര്യത്തിൽ രോഗപ്രതിരോധം തുടരേണ്ടത് അനിവാര്യമാണ്. നവംബർ 22ന് അഞ്ച് വയസ്സിൽ താഴെയുള്ള എല്ലാ കുട്ടികളെയും അടുത്തുള്ള ബൂത്തുകളിലെത്തിച്ച് തുള്ളിമരുന്ന് നൽകണമെന്ന് അദ്ദേഹം രക്ഷിതാക്കളോട് അഭ്യർത്ഥിച്ചു.

​അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ. മനോജ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡിഎംഒ ഡോ. ആരതി കൃഷ്ണൻ, ജില്ലാ മെഡിക്കൽ ഓഫീസ് പ്രോഗ്രാം ഓഫീസർമാർ, തദ്ദേശ സ്വയംഭരണം, ആയുഷ്, ഐഎസ്എം, വനിതാ ശിശു വികസന വകുപ്പ്, പൊലീസ്, മെഡിക്കൽ കോളേജ്, തൊഴിൽ, പട്ടികജാതി വികസനം, സാമൂഹ്യനീതി, പൊതുവിദ്യാഭ്യാസം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും കുടുംബശ്രീ മിഷൻ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു