ഇടുക്കിയിലെ ആദ്യ ആധാർ സേവാ കേന്ദ്രം കട്ടപ്പനയിൽ പ്രവർത്തനം തുടങ്ങി

യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) നേരിട്ട് നടത്തുന്ന ഇടുക്കി ജില്ലയിലെ ആദ്യ ആധാർ സേവാ കേന്ദ്രം കട്ടപ്പന പാറക്കടവ് റോഡിൽ പ്രവർത്തനമാരംഭിച്ചു. പ്രവർത്തന സമയവും സേവനങ്ങളും അറിയാം.

ഇടുക്കിയിലെ ആദ്യ ആധാർ സേവാ കേന്ദ്രം കട്ടപ്പനയിൽ പ്രവർത്തനം തുടങ്ങി
ഇടുക്കിയിലെ ആദ്യ ആധാർ സേവാ കേന്ദ്രം കട്ടപ്പനയിൽ പ്രവർത്തനം തുടങ്ങി
ഇടുക്കിയിലെ ആദ്യ ആധാർ സേവാ കേന്ദ്രം കട്ടപ്പനയിൽ പ്രവർത്തനം തുടങ്ങി

​ഇടുക്കി ജില്ലയിലെ ആദ്യ ആധാർ സേവാ കേന്ദ്രം കട്ടപ്പനയിൽ പ്രവർത്തനം തുടങ്ങി

​കട്ടപ്പന: യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (UIDAI) നേതൃത്വത്തിൽ ഇടുക്കി ജില്ലയിലെ ആദ്യത്തെ ആധാർ സേവാ കേന്ദ്രം കട്ടപ്പനയിൽ പ്രവർത്തനമാരംഭിച്ചു. കട്ടപ്പന പാറക്കടവ് റോഡിലാണ് പുതിയ കേന്ദ്രം സജ്ജമാക്കിയിരിക്കുന്നത്. എ.ഡി.എം. മിനി കെ. ജോൺ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

​യു.ഐ.ഡി.എ.ഐ. നേരിട്ട് പ്രവർത്തിപ്പിക്കുന്ന പുതിയ മാതൃകയിലുള്ള ജില്ലയിലെ ഏക ആധാർ സേവാ കേന്ദ്രമാണിത്. പുതിയ ആധാർ എൻറോൾമെന്റ് മുതൽ കാർഡുകളിലെ പേരുമാറ്റം, മേൽവിലാസം പുതുക്കൽ തുടങ്ങിയ എല്ലാ സേവനങ്ങളും ഇവിടെ ലഭ്യമാകും. കൂടാതെ, ആധാർ സംബന്ധമായ സംശയങ്ങളും പരാതികളും പരിഹരിക്കുന്നതിനായി പ്രത്യേക പരാതിപരിഹാര സെല്ലും കേന്ദ്രത്തിൽ പ്രവർത്തിക്കുന്നുണ്ട്.

​ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും തടസ്സമില്ലാതെ സേവനം ഉറപ്പാക്കുന്നതിനായി വീൽചെയർ സൗകര്യവും ഭിന്നശേഷി സൗഹൃദ ശുചിമുറികളും ഇവിടെ ഒരുക്കിയിട്ടുണ്ട്. പൊതു അവധി ദിനങ്ങൾ ഒഴികെ എല്ലാ ദിവസവും രാവിലെ 9.30 മുതൽ വൈകുന്നേരം 5 മണി വരെയാണ് കേന്ദ്രത്തിന്റെ പ്രവർത്തന സമയം. തിരക്കൊഴിവാക്കാനായി പൊതുജനങ്ങൾക്ക് bookappointment.uidai.gov.in എന്ന വെബ്സൈറ്റ് വഴി മുൻകൂട്ടി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാവുന്നതാണ്.

​സംസ്ഥാനത്ത് ആധാർ എൻറോൾമെന്റിനും വിവരങ്ങൾ പുതുക്കുന്നതിനുമായി എത്തുന്നവരുടെ തിരക്ക് വർധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്താണ് യു.ഐ.ഡി.എ.ഐ. എല്ലാ ജില്ലകളിലും ഇത്തരത്തിലുള്ള ആധാർ സേവാ കേന്ദ്രങ്ങൾ ആരംഭിക്കുന്നത്.

​യു.ഐ.ഡി.എ.ഐ. എസ്.ഒ.ടി. ഡയറക്ടർ വിനോദ് ജേക്കബ് ജോൺ അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ സോഫ്ജി എസ്. ഭദ്രൻ, എസ്.എൽ. കൃഷ്ണേന്ദ്, പി.കെ. സുനിൽകുമാർ, ദിനേശ് ബാബു തുടങ്ങിയവർ പങ്കെടുത്തു.