ഞാൻ ദൈവമാണ്, അനുസരിക്കണം ഇന്ദ്രദേവ് മഹാരാജിനെതിരെ ലൈംഗിക പീഡന പരാതിയുമായി ഭക്ത

വൃന്ദാവനിലെ ആശ്രമത്തിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന ഭക്തയുടെ പരാതിയിൽ ആത്മീയ പ്രഭാഷകൻ ഇന്ദ്രദേവ് മഹാരാജിനെതിരെ പൂണെ പൊലീസ് കേസെടുത്തു.

ഞാൻ ദൈവമാണ്, അനുസരിക്കണം ഇന്ദ്രദേവ് മഹാരാജിനെതിരെ ലൈംഗിക പീഡന പരാതിയുമായി ഭക്ത
പ്രമുഖ ആത്മീയ പ്രഭാഷകൻ ഇന്ദ്രദേവ് മഹാരാജാവ്

ലൈംഗികാതിക്രമ ആരോപണത്തിൽ ആത്മീയ പ്രഭാഷകൻ ഇന്ദ്രദേവ് മഹാരാജിനെതിരെ എഫ്.ഐ.ആർ

​പൂണെ: പ്രമുഖ ആത്മീയ പ്രഭാഷകൻ ഇന്ദ്രദേവ് മഹാരാജിനെതിരെ ലൈംഗിക പീഡനത്തിനും ഭീഷണിപ്പെടുത്തലിനും പൊലീസ് കേസെടുത്തു. പൂണെ സ്വദേശിനിയായ ഭക്ത നൽകിയ പരാതിയിലാണ് വിആർഒ (VRO) സ്റ്റേഷനിൽ നടപടി സ്വീകരിച്ചിരിക്കുന്നത്. ഉത്തർപ്രദേശിലെ വൃന്ദാവനിലുള്ള ഇന്ദ്രദേവ് മഹാരാജിന്റെ സേവാധാം ആശ്രമത്തിൽ വെച്ചും തുടർന്ന് വീഡിയോ കോളുകളിലൂടെയും ലൈംഗികാതിക്രമവും ഭീഷണിയും നേരിടേണ്ടി വന്നതായി യുവതി വ്യക്തമാക്കുന്നു.

​2023-ൽ സമൂഹമാധ്യമങ്ങളിലൂടെ ആത്മീയ പ്രഭാഷണങ്ങൾ കണ്ടാണ് യുവതി ഇന്ദ്രദേവ് മഹാരാജുമായി ബന്ധപ്പെടുന്നത്. പിന്നീട് മുംബൈയിൽ നടന്ന സത്സംഗത്തിൽ പങ്കെടക്കുകയും ഇയാളിൽ നിന്ന് ദീക്ഷ സ്വീകരിക്കുകയും ചെയ്തു. വ്യക്തിപരമായ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പ് നൽകി വിശ്വാസം പിടിച്ചുപറ്റിയതിനെ തുടർന്നാണ് വൃന്ദാവനിലെ ആശ്രമം സന്ദർശിച്ചതെന്ന് യുവതി പറയുന്നു.

​ആശ്രമത്തിൽ താമസിക്കുന്നതിനിടെ രാത്രി വൈകി മുറിയിലേക്ക് വിളിച്ചുവരുത്തി വാതിലടച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. പീഡനവിവരം പുറത്തുപറയാതിരിക്കാൻ ഭീഷണിപ്പെടുത്തുകയും, ആരെങ്കിലും ചോദിച്ചാൽ മരുന്ന് വാങ്ങാൻ വന്നതാണെന്ന് പറയാൻ നിർബന്ധിക്കുകയും ചെയ്തു. ആശ്രമത്തിൽ നിന്ന് മടങ്ങിയ ശേഷവും ഫോണിലൂടെയും വീഡിയോ കോളുകളിലൂടെയും അശ്ലീല പ്രവൃത്തികൾക്ക് നിർബന്ധിക്കുകയും വസ്ത്രം മാറുന്നത് റെക്കോർഡ് ചെയ്യുകയും ചെയ്തതായി പരാതിയിൽ ആരോപിക്കുന്നു. "ഞാൻ ദൈവമാണ്, എന്നെ അനുസരിക്കണം" എന്ന് പറഞ്ഞ് അപകീർത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി വെളിപ്പെടുത്തി.

​മാസങ്ങളായി നീതിക്കായി ശ്രമിച്ചെങ്കിലും അധികൃതർ പരാതി അവഗണിക്കുകയായിരുന്നുവെന്ന് യുവതി ആരോപിച്ചു. തുടർന്ന് ഭൂമാതാ ബ്രിഗേഡ് അധ്യക്ഷയും സാമൂഹിക പ്രവർത്തകയുമായ തൃപ്തി ദേശായിയുടെ ഇടപെടലിനെത്തുടർന്നാണ് ഇപ്പോൾ എഫ്.ഐ.ആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്. പൂണെയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ മറ്റ് ചില സ്ത്രീകളും സമാന ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. സംഭവത്തിൽ ഇന്ദ്രദേവ് മഹാരാജിനെ അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും തൃപ്തി ദേശായി ആവശ്യപ്പെട്ടു. അതേസമയം ആരോപണങ്ങളിൽ ഇന്ദ്രദേവ് മഹാരാജ് ഇതുവരെ പ്രതികരിച്ചിട്ടില്ല.