മഹാരാജാസ് കോളജിൽ മന്ത്രി റോജി എം. ജോണിനെ തടഞ്ഞ സംഭവം കോളജ് യൂണിയൻ ഭാരവാഹികൾക്ക് സസ്പെൻഷൻ
എറണാകുളം മഹാരാജാസ് കോളജിൽ മന്ത്രി റോജി എം. ജോണിനെ തടഞ്ഞ സംഭവത്തിൽ കോളജ് യൂണിയൻ ഭാരവാഹികളായ രണ്ട് എസ്എഫ്ഐ പ്രവർത്തകർക്ക് സസ്പെൻഷൻ. കൗൺസിൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർനടപടികൾ.
മഹാരാജാസ് കോളജിൽ മന്ത്രി റോജി എം. ജോണിനെ തടഞ്ഞ സംഭവം: കോളജ് യൂണിയൻ ഭാരവാഹികൾക്ക് സസ്പെൻഷൻ
കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ ബിരുദദാന ചടങ്ങിനെത്തിയ മന്ത്രി റോജി എം. ജോണിനെ തടഞ്ഞു പ്രതിഷേധിച്ച സംഭവത്തിൽ കോളജ് യൂണിയൻ ഭാരവാഹികളായ രണ്ട് എസ്എഫ്ഐ പ്രവർത്തകർക്ക് സസ്പെൻഷൻ. കോളജ് ചെയർമാൻ പ്രണിൽ രാജ്, വൈസ് ചെയർപേഴ്സൺ നഫീസത്ത് മുസ്‌ലിയാർ എന്നിവരെയാണ് 10 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തത്. സംഭവത്തെക്കുറിച്ച് കോളജ് കൗൺസിൽ അന്വേഷിച്ച് സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർനടപടികൾ സ്വീകരിക്കുക.
കഴിഞ്ഞ ദിവസമാണ് ക്യാംപസിലെ ബിരുദദാന ചടങ്ങിനിടെ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മന്ത്രി റോജി എം. ജോൺ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ എസ്എഫ്ഐ പ്രവർത്തകർ ബാനറുകൾ ഉയർത്തി പ്രതിഷേധിക്കുകയായിരുന്നു. തുടക്കത്തിൽ, ജനാധിപത്യപരമായ ഇത്തരം സമരങ്ങളെ സ്വാഗതം ചെയ്യുന്നു എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
എന്നാൽ, ഇതിനുശേഷം കോളജ് വൈസ് ചെയർപേഴ്സന്റെ നേതൃത്വത്തിൽ എസ്എഫ്ഐ പ്രവർത്തകർ മന്ത്രിയോട് നേരിട്ട് ചോദ്യങ്ങൾ ഉന്നയിക്കുകയും വേദിയിൽ വച്ചുതന്നെ മറുപടി നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പരിപാടിക്ക് ശേഷം ചോദ്യങ്ങൾക്ക് മറുപടി നൽകാം എന്ന് മന്ത്രി വ്യക്തമാക്കിയെങ്കിലും, അപ്പോൾത്തന്നെ വേദിയിൽ കയറി മറുപടി വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന്, ഇത്തരം ഗുണ്ടായിസത്തിന് വഴങ്ങില്ലെന്ന് വ്യക്തമാക്കി ബിരുദദാന ചടങ്ങ് പൂർത്തിയാക്കാതെ മന്ത്രി മടങ്ങി.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന് പുറമെയാണ് കോളജ് കൗൺസിലിന്റെ അന്വേഷണം. അന്വേഷണ റിപ്പോർട്ട് അടുത്ത കൗൺസിൽ യോഗത്തിൽ സമർപ്പിച്ച ശേഷമായിരിക്കും അടുത്ത നടപടികളിലേക്ക് കടക്കുക.
അതേസമയം, കോളജ് അധികൃതരുടെ നടപടി നീതിനിഷേധമാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് പ്രതികരിച്ചു. കാലടി സർവകലാശാലയിൽ കഴിഞ്ഞ 60 ദിവസമായി സസ്പെൻഷനിലുള്ള 16 വിദ്യാർഥികൾക്ക് വേണ്ടി ചോദ്യം ഉന്നയിച്ചതിനാണ് ഈ നടപടിയെന്നും, സസ്പെൻഷൻ പ്രഖ്യാപിച്ച അതേസമയത്ത് തന്നെയാണ് അന്വേഷണവും പ്രഖ്യാപിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സസ്പെൻഷനെതിരെ എസ്എഫ്ഐ പ്രവർത്തകർ ക്യാംപസിൽ പ്രതിഷേധം സംഘടിപ്പിച്ചു.
മാലിന്യത്തെ മൂല്യവത്തായ വിഭവമാക്കാം ശ്രദ്ധ നേടി സെന്റ് തെരേസാസിലെ റീലൗ സ്വാപ് ഷോപ്പ്
മത്സരപരീക്ഷകളെ നേരിടാൻ തിരുവമ്പാടി സജ്ജം ട്രീ പദ്ധതിയുടെ എൻ.എം.എം.എസ്. പരിശീലനത്തിന് സമാപനം
ഭാഷയാണ് ഏറ്റവും വലിയ രാഷ്ട്രീയം കളക്ടർ എം.എസ്. മാധവിക്കുട്ടി
കടലലകളെ കീഴടക്കി ലോകം ചുറ്റി ഐഎൻഎസ് സുദർശിനി 10 മാസം നീണ്ട ‘ലോകായൻ 26’ ദൗത്യം പൂർത്തിയാക്കി കൊച്ചിയിൽ തിരിച്ചെത്തി
മഹാരാജാസ് കോളജിൽ മന്ത്രി റോജി എം. ജോണിനെ തടഞ്ഞ സംഭവം കോളജ് യൂണിയൻ ഭാരവാഹികൾക്ക് സസ്പെൻഷൻ
അതിജീവനത്തിന്റെ കഥയുമായി ഒരു നായ്ക്കുട്ടി പ്രധാന വേഷത്തിൽ ഖുശ്പു വരുന്നു