മാലിന്യത്തെ മൂല്യവത്തായ വിഭവമാക്കാം ശ്രദ്ധ നേടി സെന്റ് തെരേസാസിലെ റീലൗ സ്വാപ് ഷോപ്പ്
മാലിന്യസംസ്‌കരണത്തിനും സുസ്ഥിര ജീവിതശൈലിക്കും പ്രാധാന്യം നൽകി എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സെന്റ് തെരേസാസ് കോളേജിൽ റീലൗ സ്വാപ് ഷോപ്പ് മേളയ്ക്ക് തുടക്കമായി
മാലിന്യമുക്ത ക്യാമ്പസ് ലക്ഷ്യം; സെന്റ് തെരേസാസ് കോളേജിൽ 'റീലൗ സ്വാപ് ഷോപ്പ്' മേളയ്ക്ക് തുടക്കമായി
കൊച്ചി: മാലിന്യസംസ്‌കരണത്തിന്റെ ഭാഗമായി പുനരുപയോഗത്തിന്റെയും വിഭവസംരക്ഷണത്തിന്റെയും പ്രാധാന്യം വിദ്യാർത്ഥികളിലേക്കും പൊതുസമൂഹത്തിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ എറണാകുളം ജില്ലാ ഭരണകൂടം നടത്തുന്ന ‘റീലൗ സ്വാപ് ഷോപ്പ്’ മേളയ്ക്ക് സെന്റ് തെരേസാസ് കോളേജിൽ തുടക്കമായി. ജില്ലാ കളക്ടർ ജി. പ്രിയങ്ക സംരംഭത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
കോളേജിലെ ഭൂമിത്ര സേന ക്ലബ്, ശുചിത്വ മിഷൻ, അസോസിയേഷൻ ഓഫ് സെന്റ് തെരേസാസ് അലുമ്‌നേ (ASTA), നാഷണൽ സർവീസ് സ്കീം (NSS) എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് ഈ വേറിട്ട പരിപാടി സംഘടിപ്പിച്ചത്.
ഉപേക്ഷിക്കപ്പെടുന്ന വസ്തുക്കളെ പുനരുപയോഗത്തിലൂടെ മൂല്യവത്തായ വിഭവങ്ങളാക്കി മാറ്റുക, ഉപയോഗയോഗ്യമായ വസ്തുക്കളുടെ കൈമാറ്റവും പുനർവിനിയോഗവും പ്രോത്സാഹിപ്പിക്കുക, മാലിന്യത്തിന്റെ അളവ് കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സ്വാപ് ഷോപ്പ് വിഭാവനം ചെയ്തിരിക്കുന്നത്. കേവലൊരു ഉപഭോഗസംസ്കാരത്തിൽ നിന്ന് ഉത്തരവാദിത്തപരമായ ഉപയോഗത്തിലേക്കും വലിച്ചെറിയൽ ശീലത്തിൽ നിന്ന് പുനരുപയോഗത്തിലേക്കും സമൂഹത്തെ നയിക്കുന്നതിനുള്ള ബോധവത്കരണ വേദി കൂടിയാണിത്.
പുനരുപയോഗിച്ച മരത്തടികൾ ഉപയോഗിച്ച് വേസ്റ്റ് മാനേജ്‌മെന്റ് (W Kerala Waste Management) പ്രത്യേകം രൂപകൽപ്പന ചെയ്ത് നിർമ്മിച്ച സ്റ്റാളാണ് പരിപാടിയുടെ പ്രധാന ആകർഷണങ്ങളിലൊന്ന്. ഉപേക്ഷിക്കപ്പെട്ട വസ്തുക്കൾക്ക് പുതിയ ഉപയോഗവും മൂല്യവും നൽകുന്നതിലൂടെ പരിസ്ഥിതി സൗഹൃദപരമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാമെന്ന സന്ദേശമാണ് ഈ സ്റ്റാൾ മുന്നോട്ടുവെക്കുന്നത്.
ദൈനംദിന ജീവിതത്തിൽ പുനരുപയോഗം, പുനർചംക്രമണം, ഉത്തരവാദിത്തപരമായ ഉപഭോഗം എന്നിവ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ചടങ്ങിൽ സംസാരിച്ചവർ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പരിസ്ഥിതി അവബോധം വളർത്തുന്നതിനൊപ്പം വിദ്യാർത്ഥികളെ മാലിന്യസംസ്‌കരണ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളാക്കുന്നതിനും ഇത്തരം സംരംഭങ്ങൾ വലിയ പങ്കുവഹിക്കും.
ചടങ്ങിൽ ക്യാമ്പസ് ഡയറക്ടർ റവ. സി. ഫ്രാൻസിസ് ആൻ, സെൻ്റ് തെരേസാസ് കോളേജ് ഡീൻ (എക്സ്റ്റൻഷൻ ആൻഡ് ഇൻക്യുബേഷൻ) ഡോ. നിർമ്മല പത്മനാഭൻ, ശുചിത്വ മിഷൻ ജില്ലാ കോ-ഓഡിനേറ്റർ ഡോ. സുമി ചെറിയാൻ, ഭൂമിത്ര സേന ക്ലബ് ഫാക്കൽറ്റി ഇൻ-ചാർജ് ഡോ. ആര്യ പി. മോഹൻ തുടങ്ങിയവർ പങ്കെടുത്തു.
മാലിന്യത്തെ മൂല്യവത്തായ വിഭവമാക്കാം ശ്രദ്ധ നേടി സെന്റ് തെരേസാസിലെ റീലൗ സ്വാപ് ഷോപ്പ്
മത്സരപരീക്ഷകളെ നേരിടാൻ തിരുവമ്പാടി സജ്ജം ട്രീ പദ്ധതിയുടെ എൻ.എം.എം.എസ്. പരിശീലനത്തിന് സമാപനം
ഭാഷയാണ് ഏറ്റവും വലിയ രാഷ്ട്രീയം കളക്ടർ എം.എസ്. മാധവിക്കുട്ടി
കടലലകളെ കീഴടക്കി ലോകം ചുറ്റി ഐഎൻഎസ് സുദർശിനി 10 മാസം നീണ്ട ‘ലോകായൻ 26’ ദൗത്യം പൂർത്തിയാക്കി കൊച്ചിയിൽ തിരിച്ചെത്തി
മഹാരാജാസ് കോളജിൽ മന്ത്രി റോജി എം. ജോണിനെ തടഞ്ഞ സംഭവം കോളജ് യൂണിയൻ ഭാരവാഹികൾക്ക് സസ്പെൻഷൻ
അതിജീവനത്തിന്റെ കഥയുമായി ഒരു നായ്ക്കുട്ടി പ്രധാന വേഷത്തിൽ ഖുശ്പു വരുന്നു