പട്ടിമറ്റത്ത് വൻ കവർച്ച; എട്ട് പവനും ഒരു ലക്ഷത്തിലധികം രൂപയും കവർന്ന അസം സ്വദേശി അറസ്റ്റിൽ
പട്ടിമറ്റം ഭണ്ഡാരക്കവലയിൽ വാടകവീട്ടിൽ നിന്നും സ്വർണ്ണവും പണവും കവർന്ന കേസിൽ അസം സ്വദേശി ഫൈജുദീനെ കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തു.
പട്ടിമറ്റത്ത് വൻ കവർച്ച: അസം സ്വദേശി കുന്നത്തുനാട് പൊലീസിന്റെ പിടിയിൽ
പട്ടിമറ്റം: പട്ടിമറ്റത്ത് വാടകവീട്ടിൽ കയറി സ്വർണ്ണവും പണവും കവർന്ന കേസിൽ അസം സ്വദേശി അറസ്റ്റിൽ. അസം സിമലുഗുരി സ്വദേശി ഫൈജുദീൻ (23) നെയാണ് കുന്നത്തുനാട് പോലീസ് പിടികൂടിയത്. പട്ടിമറ്റം ഭണ്ഡാരക്കവലയിൽ വാടകയ്ക്ക് താമസിക്കുന്ന കന്യാകുമാരി സ്വദേശിയുടെ മുറിയിൽ നിന്നാണ് ഇയാൾ കവർച്ച നടത്തിയത്.
മേയ് 30-നായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിൽ സൂക്ഷിച്ചിരുന്ന എട്ട് പവൻ സ്വർണ്ണാഭരണങ്ങൾ, 1,20,000 രൂപ, സ്കൂട്ടറിന്റെ ആർ.സി ബുക്ക്, ഒപ്പിട്ട ചെക്ക് ലീഫ് എന്നിവയാണ് പ്രതി മോഷ്ടിച്ചത്. പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ വലയിലാക്കിയത്.
കുന്നത്തുനാട് ഇൻസ്പെക്ടർ എസ്. ശിവലാൽ, എസ്.ഐ എം. അഭിജിത്, എ.എസ്.ഐ എ.ഐ നാദിർഷ, എസ്.സി.പി.ഒ പി.എ റിഷാദ്, സി.പി.ഒമാരായ ഒ.എസ് ബിബിൻരാജ്, എബി ഗോപാലൻ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.