വയനാട്ടിൽ വികസനം വേഗത്തിലാക്കാൻ എം.പി ദിശ യോഗത്തിൽ നിർണായക തീരുമാനങ്ങളുമായി പ്രിയങ്ക ഗാന്ധി
വയനാട് കളക്ട്രേറ്റിൽ ചേർന്ന ദിശ യോഗത്തിൽ പിഎംജിഎസ് വൈ റോഡുകൾ, ജൽ ജീവൻ മിഷൻ, കണക്റ്റിവിറ്റി പ്രശ്നങ്ങൾ, ടൗൺഷിപ്പ് നിർമ്മാണം തുടങ്ങിയ വികസന പദ്ധതികളുടെ സമഗ്ര വിശകലനം നടത്തി പ്രിയങ്ക ഗാന്ധി എം.പി.
വയനാട്ടിൽ വികസനം വേഗത്തിലാക്കാൻ എം.പി ദിശ യോഗത്തിൽ നിർണായക തീരുമാനങ്ങളുമായി പ്രിയങ്ക ഗാന്ധി
വയനാട് : ജില്ലയിൽ പ്രധാനമന്ത്രി ഗ്രാമീണ സഡക്ക് യോജന പദ്ധതിക്ക് കീഴിലെ മുഴുവന്‍ റോഡുകളുടെയും ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ എം.പി പ്രിയങ്ക ഗാന്ധി നിര്‍ദേശിച്ചു. കളക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ദിശ യോഗത്തില്‍ സംസാരിക്കുകയായിരുന്നു എം.പി. കല്ലോടി - വെള്ളമുണ്ട - തോട്ടോളിപ്പടി റോഡ്, പുല്ലുമല - കരിവയൽ റോഡ് റോഡുകളുടെ നിര്‍മ്മാണ പ്രവൃത്തി വൈകുന്ന സാഹചര്യത്തില്‍ ജല്‍ ജീവന്‍ മിഷന്‍, പി.ഡബ്ല്യൂ.ഡി വകുപ്പ് ഉദ്യോഗസ്ഥർ, കരാറുകാർ എന്നിവരെ ഉള്‍പ്പെടുത്തി അടിയന്തിര യോഗം ചേരാന്‍ എം.പി ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഡ്രെയിനേജ്, കൾവർട്ട്, സൈഡ് പ്രൊട്ടക്ഷൻ തുടങ്ങിയ പ്രവൃത്തികള്‍ വേഗത്തിലാക്കണം. റോഡ് പ്രവൃത്തിയുടെ കാലതാമസം ഒഴിവാക്കാൻ വിവിധ വകുപ്പുകളുമായി ആലോചിച്ച് നടപടി സ്വീകരിക്കണമെന്നും കൃത്യമായ വിലയിരുത്തൽ നടത്തി മുന്നോട്ട് പോകണമെന്നും എം.പി നിര്‍ദ്ദേശിച്ചു. ജൽ ജീവൻ മിഷൻ പദ്ധതി കുടി വെള്ളത്തിന്റെ ഗുണനിലവാരം, വാട്ടർ ടാങ്കുകളുടെ ശുചിത്വം ഉറപ്പാക്കണമെന്നും എം.പി നിര്‍ദ്ദേശിച്ചു. ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ പ്രത്യേക ക്വാളിറ്റി കൺട്രോൾ വിഭാഗം പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ച് സാമ്പിളുകൾ പരിശോധിച്ച് റിപ്പോർട്ട് ചെയ്യുന്നുണ്ട്. തുറന്ന കിണറുകൾ, കുഴൽ കിണറുകളിലെ ജല സ്രോതസ്സുകളിലെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പാക്കുന്നുണ്ടെന്ന് യോഗത്തിൽ അധികൃതർ അറിയിച്ചു. ജൽ ജീവൻ മിഷൻ പദ്ധതി സംബന്ധിച്ച് പഞ്ചായത്തുകളിൽ കളക്ടറുടെ നേതൃത്വത്തിൽ യോഗങ്ങൾ ചേർന്ന് പ്രശ്നങ്ങൾ പരിഹരിച്ച് പ്രവൃത്തികളുടെ പുരോഗതി ഉറപ്പാക്കുന്നുണ്ടെന്നും യോഗത്തിൽ അറിയിച്ചു. പൈപ്പ് ലൈൻ ഇടാൻ റോഡിൽ കുഴിച്ച് കേടുപാടുകൾ സംഭവിച്ച റോഡുകളുടെ പുനരുദ്ധാരണം നടക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലൂടെ 2,731 കുടുംബങ്ങൾക്ക് വിവിധ ഘട്ടങ്ങളിലായി ധനസഹായം വിതരണം ചെയ്തു. ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് ബാക്കി കുടുംബങ്ങൾക്ക് വീടുപണി സമയബന്ധിതമായി പൂർത്തിയാക്കാനാകുമെന്ന് അധികൃതര്‍ അറിയിച്ചു. ആദിവാസി ഊരുകളിലെ പുനരധിവാസ പുരോഗതി, കുടിവെള്ള പദ്ധതികൾ, വൈദ്യുതി ബിൽ കുടിശ്ശിക സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു. ഗോത്ര മേഖലകളിൽ പ്രവർത്തനരഹിതമായ കുടിവെള്ള പദ്ധതികൾ, വൈദ്യുതി ബിൽ അടയ്ക്കാത്തത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാൻ എം.പി യോഗത്തിൽ നിര്‍ദേശിച്ചു. ചെട്ട്യാലത്തൂരിലെ 71 കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയിട്ടുണ്ട്. ഇതിൽ 18 കുടുംബങ്ങളുടെ വീടുനിർമ്മാണം പൂർത്തിയാക്കി. 20 കുടുംബങ്ങളുടെ വീടുനിർമ്മാണം പുരോഗതിയിലാണ്. പൂച്ചാട് ഉന്നതിയിൽ 75 കുടുംബങ്ങൾക്ക് സഹായം നൽകിയിട്ടുണ്ട്. ഇതിൽ 54 കുടുംബങ്ങളുടെ പുനരധിവാസം പൂർത്തിയായി. 19 കുടുംബങ്ങളുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി. രണ്ട് കുടുംബങ്ങൾക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്താനുണ്ടെന്നും പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു.
തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിലെ തലപ്പുഴ, ബോയിസ് ടൗണ്‍ ഉള്‍പ്പെടെ ജില്ലയിൽ ബി.എസ്.എൻ.എൽ നെറ്റ്‌വർക്ക് കണക്റ്റിവിറ്റി മോശമായ 20 ഇടങ്ങളിലെ സാഹചര്യം ചൂണ്ടിക്കാട്ടി കമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിന് കത്തയച്ചുിട്ടുണ്ടെന്ന് എം.പി പറഞ്ഞു. കൂടാതെ ദുരന്തങ്ങളുടെ സമയത്ത് കണക്റ്റിവിറ്റി ഉറപ്പാക്കാൻ 'സെൽ ഓൺ വീൽസ്' വിന്യസിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. തിരുനെല്ലി അപ്പപ്പാറ കോളനി, പനവല്ലി എന്നിവിടങ്ങളിൽ രണ്ട് മൊബൈൽ ടവറുകൾ കേന്ദ്രമന്ത്രി അനുവദിച്ചിട്ടുണ്ടെന്നും ടവറുകൾക്കായുള്ള ഭൂമി അനുവദിക്കുന്നത് വേഗത്തിലാക്കാൻ റവന്യൂ വകുപ്പിനോട് അറിയിച്ചിട്ടുണ്ടെന്നും എം.പി പറഞ്ഞു. പോഷൻ ട്രാക്കർ ആപ്പുമായി ബന്ധപ്പെട്ട് അങ്കണവാടി ജീവനക്കാരും ഗുണഭോക്താക്കളും നേരിടുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി വനിതാ ശിശുവികസന മന്ത്രാലയത്തിന് കത്തയച്ചതായി എം.പി അറിയിച്ചു. നെറ്റ് വര്‍ക്ക് കുറവുള്ള പ്രദേശങ്ങളിൽ ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റത്തിലും ഒ.ടി.പി പരിശോധനയിലും ഉണ്ടാകുന്ന പിഴവുകൾ സംബന്ധിച്ച് കേന്ദ്ര സർക്കാരുമായി സംസാരിച്ചിട്ടുണ്ട്. ക്ഷയരോഗ നിർമ്മാർജ്ജന പരിപാടിയുടെ പുരോഗതി കേന്ദ്ര മന്ത്രിയുമായി നടത്തിയ യോഗത്തിൽ വിലയിരുത്തി. ഗോത്രവർഗ്ഗ വിഭാഗങ്ങളുടെ ആരോഗ്യനില മെച്ചപ്പെടുത്തുന്നതിനായി അവരുടെ സംസ്കാരത്തിന് അനുയോജ്യമായ ഇടപെടലുകൾ നടത്തേണ്ടതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്തി. പോഷകാഹാര ലഭ്യതയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംബന്ധിച്ച് കേന്ദ്ര മന്ത്രിക്ക് റിപ്പോര്‍ട് നൽകുമെന്നും എം.പി പ്രിയങ്ക ഗാന്ധി പറഞ്ഞു.
പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട് സുൽത്താൻ ബത്തേരി - അമ്പുകുത്തി - അമ്പലവയൽ റോഡ്, അമ്പലവയൽ - അമ്മയിപ്പാലം റോഡ്, സി.ആർ.ഐ.എഫ് പദ്ധതിക്ക് കീഴിൽ ഉൾപ്പെടുത്തി മുൻഗണനാടിസ്ഥാനത്തിൽ നിർമ്മാണം ഏറ്റെടുക്കാൻ ശുപാർശ ചെയ്തിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചിട്ടുണ്ടെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. മുൻഗണനാടിസ്ഥാനത്തിൽ ഏറ്റെടുക്കേണ്ട പി.ഡബ്ല്യു.ഡി റോഡ് പ്രവൃത്തികൾ വിവിധ പദ്ധതികളില്‍ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി ഉറപ്പുനൽകിയതായും എം.പി അറിയിച്ചു. വയനാട്ടിലെ ടൂറിസം മേഖല മെച്ചപ്പെടുത്തുന്നതിന് 'ബ്രാൻഡ് വയനാട് ടൂറിസം' എന്ന ആശയം മുൻനിർത്തി ടൂറിസം മന്ത്രിയുമായി വിശദമായ ചർച്ച നടത്തും. പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രിയുമായി ഗോത്രവർഗ്ഗ മേഖലകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നടത്തേണ്ട ഇടപെടലുകളെക്കുറിച്ച് ചർച്ച നടത്തി. ജില്ലയിലെ ട്രൈബൽ യൂണിവേഴ്സിറ്റി സംബന്ധിച്ച് മുഖ്യമന്ത്രിയുമായി വിപുലമായ ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും വേഗത്തിൽ പ്രായോഗികമായ പരിഹാരം കണ്ടെത്തി പ്രവൃത്തികൾ ആരംഭിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും എം.പി പറഞ്ഞു.
മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതര്‍ക്കുള്ള ടൗണ്‍ഷിപ്പിൻ്റെ രണ്ടാംഘട്ട നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുകയാണെന്നും ശേഷിക്കുന്ന 150 ഓളം വീടുകളുടെ നിർമ്മാണം ഒക്ടോബർ 31 നകം പൂർത്തിയാക്കുമെന്നും ടൗൺഷിപ്പ് ചീഫ് ഓപറേറ്റിങ് ഓഫീസര്‍ യോഗത്തിൽ അറിയിച്ചു. ടൗൺഷിപ്പിലെ അങ്കണവാടി, പ്രാഥമിക ആരോഗ്യ ഉപകേന്ദ്രങ്ങൾ, എം.സി.എഫ്, പൊതുശൗചാലയങ്ങൾ, ഫുട്ബോൾ കോർട്ട് തുടങ്ങിയ മുഴുവൻ നിർമ്മാണ പ്രവൃത്തികളും ഡിസംബർ 31 ഓടെ പൂർത്തിയാക്കാൻ സാധിക്കും. ഉപജീവന മാർഗ്ഗങ്ങളുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കൾക്ക് തുക വിതരണം ചെയ്തിട്ടുണ്ട്. വീടുകളിൽ രണ്ട് കിലോവാട്ട് ശേഷിയുള്ള സോളാർ പ്ലാന്റുകൾ സ്ഥാപിക്കുന്ന ജോലികൾ നടക്കുന്നുണ്ടെന്നും പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു.
ആസ്പിരേഷണൽ ഡിസ്ട്രിക്ട് പ്രോഗ്രാം, സമഗ്ര ശിക്ഷാ കേരള, ദീൻദയാൽ അന്ത്യോദയ യോജന - എൻ.ആർ.എൽ.എം, പ്രധാൻ മന്ത്രി കൃഷി സിഞ്ചായി യോജന, ഇന്റഗ്രേറ്റഡ് ചൈൽഡ് ഡെവലപ്മെന്റ് സ്കീം, പ്രൈം മിനിസ്റ്റേഴ്സ് എംപ്ലോയ്മെന്റ് ജനറേഷൻ പ്രോഗ്രാം, നാഷണൽ സോഷ്യൽ അസിസ്റ്റന്റ്സ് പ്രോഗ്രാം, വയനാട് ഡെവലപ്മെന്റ് പാക്കേജ്, നാഷണൽ ഫുഡ് സെക്യൂരിറ്റി ആക്ട് 2013, ഡയറി സെക്ടർ, ബേട്ടി ബച്ചാവോ ബേട്ടി പഠാവോ, ഉച്ചഭക്ഷണ പദ്ധതികള്‍ തുടങ്ങിയ പദ്ധതികളുടെ പുരോഗതി യോഗത്തില്‍ വിലയിരുത്തി.
കളക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, ഉഷ വിജയന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ കളക്ടര്‍ സി. ചെല്‍സസിനി, എ.ഡി.എം ക അജീഷ്, പി.എ.യു പ്രൊജക്ട് ഡയറക്ടര്‍ ജി.പി ശ്രീജിത്ത്, ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
വയനാട്ടിൽ വികസനം വേഗത്തിലാക്കാൻ എം.പി ദിശ യോഗത്തിൽ നിർണായക തീരുമാനങ്ങളുമായി പ്രിയങ്ക ഗാന്ധി
സ്കിൽ ഡെവലപ്മെന്റ് സെന്ററുകളിലെ പഠനരീതി വിദ്യാർത്ഥി കേന്ദ്രീകൃതം മന്ത്രി എൻ. ഷംസുദ്ദീൻ
നടികർ തിലകം ശിവാജി ഗണേശന്റെ ചെറുമകൻ ദർഷൻ ഗണേശൻ നായകനാകുന്നു ലെനിൻ പാണ്ഡ്യൻ സെപ്റ്റംബർ 25 ന്
കരൂണാപുരം ഗവ. ഐ.ടി.ഐയിൽ സ്പോട്ട് അഡ്മിഷൻ പ്രവേശനം സെപ്റ്റംബർ 28 വരെ
അളവിൽ കൂടുതൽ മദ്യം സൂക്ഷിച്ച കേസ് ആന്റോ അഗസ്റ്റിന് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി
ജീവിതശൈലി മാറ്റാതെ രോഗങ്ങൾ തടയാനാവില്ല ആര്യാടൻ ഷൗക്കത്ത് എം.എൽ.എ