കുട്ടികളുടെ സൈബർ സുരക്ഷയ്ക്ക് സൈബർ സേഫ് കേരള 2026 ആസിഫ് അലി അംബാസഡർ
സൈബർ സേഫ് കേരള 2026 പ്രഖ്യാപിച്ചു; ലക്ഷ്യം ഒറ്റത്തവണ ബോധവത്കരണമല്ല, സുസ്ഥിര സൈബർ സുരക്ഷയെന്ന് രമേശ് ചെന്നിത്തല
ഒറ്റത്തവണ ബോധവത്കരണമല്ല, സുസ്ഥിര സൈബർ സുരക്ഷയാണ് ലക്ഷ്യം: രമേശ് ചെന്നിത്തല
എറണാകുളം: കുട്ടികളുടെ സൈബർ സുരക്ഷ ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ‘സൈബർ സേഫ് കേരള 2026’ എന്ന പുതിയ പദ്ധതി ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കേരള പോലീസിന്റെ സൈബർ ഡോമിന്റെ നേതൃത്വത്തിൽ ലെ മെറിഡിയനിൽ സംഘടിപ്പിച്ച കിഡ് ഗ്ലോ സൈബർ സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിജിറ്റൽ ലോകത്തിൽ നിന്ന് ആർക്കും ഒഴിഞ്ഞുനിൽക്കാനാകാത്ത സാഹചര്യത്തിൽ കുട്ടികളെ സൈബർ ഇടങ്ങളിൽ നിന്ന് അകറ്റിനിർത്തുകയല്ല, മറിച്ച് സൈബർ സ്മാർട്ടായും ഉത്തരവാദിത്തത്തോടെയും ഇടപെടാൻ പ്രാപ്തരാക്കുകയാണ് ലക്ഷ്യമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സൈബർ ബുള്ളിയിങ്, വ്യാജവാർത്ത, ഗെയിമിങ് അഡിക്ഷൻ തുടങ്ങിയ അപകടങ്ങളെക്കുറിച്ച് കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും തുടർച്ചയായ ബോധവത്കരണം ആവശ്യമാണ്. ഒരുതവണത്തെ ബോധവത്കരണത്തിൽ ഒതുങ്ങാതെ സുസ്ഥിരമായ ഡിജിറ്റൽ ഉത്തരവാദിത്തം വളർത്തിയെടുക്കണം. കുട്ടികളുടെ സൈബർ സുരക്ഷ ഉറപ്പാക്കുന്നതിൽ പോലീസിനൊപ്പം രക്ഷിതാക്കളുടെയും അധ്യാപകരുടെയും സമൂഹത്തിന്റെയും പിന്തുണ അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കുട്ടികളെ ഭയപ്പെടുത്തി നിയന്ത്രിക്കുന്നതിന് പകരം ക്ഷമയോടെയും കരുതലോടെയും അപകടങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. സൈബർ ബുള്ളിയിങ് നേരിട്ടാൽ കുട്ടികൾ ഭയന്ന് മിണ്ടാതിരിക്കരുതെന്നും രക്ഷിതാക്കളോടും അധ്യാപകരോടും പോലീസിനോടും വിവരം പങ്കുവയ്ക്കണമെന്നും അദ്ദേഹം നിർദേശിച്ചു. വ്യക്തിഗത വിവരങ്ങൾ, ഫോൺ നമ്പർ, വിലാസം, ചിത്രങ്ങൾ തുടങ്ങിയവ അപരിചിതരുമായി ഓൺലൈനിൽ പങ്കുവയ്ക്കുന്നതിലും ജാഗ്രത വേണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ ദുരുപയോഗം ചെയ്ത് ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കപ്പെടാനുള്ള സാഹചര്യം നിലനിൽക്കുന്നതിനാൽ ഡിജിറ്റൽ സംവിധാനം ഉപയോഗിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ 15,000-ലധികം വിദ്യാലയങ്ങളിൽ സൈബർ സുരക്ഷാ ബോധവത്കരണവും സൈബർ പ്രതിജ്ഞയും നടപ്പാക്കുന്ന പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്. സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സ്കൂളുകളിലേക്കും കിഡ് ഗ്ലോ പദ്ധതിയും സൈബർ പ്രതിജ്ഞാ പരിപാടികളും വ്യാപിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സൈബർ ക്യാപ്റ്റൻ പ്രോഗ്രാം, മെന്റൽ ഹെൽത്ത് ഫസ്റ്റ് റെസ്‌പോൺസ്, പരിശീലകരുടെയും കൗൺസിലർമാരുടെയും ശൃംഖല തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.
സൈബർ സേഫ് കേരള പദ്ധതിയുടെ വിശദമായ രൂപരേഖ തയ്യാറാക്കി ഒരു മാസത്തിനകം പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. നടൻ ആസിഫ് അലിയെ സൈബർ സേഫ് കേരളയുടെ ബ്രാൻഡ് അംബാസഡറായി ചടങ്ങിൽ പ്രഖ്യാപിച്ചു.
എം.എൽ.എമാരായ ദീപക് ജോയ്, ടി. ജെ. വിനോദ്, ഡിജിപിമാരായ രവാദ ചന്ദ്രശേഖർ, മനോജ് എബ്രഹാം, എഡിജിപി പി വിജയൻ, എസ്.പി. (സൈബർ ഓപറേഷൻസ്), അങ്കിത് അശോകൻ, ചലച്ചിത്രതാരം ആസിഫ് അലി, വാർഡ് മെമ്പർ സുനില സിബി എന്നിവർ പങ്കെടുത്തു.
കുട്ടികളുടെ സൈബർ സുരക്ഷയ്ക്ക് സൈബർ സേഫ് കേരള 2026 ആസിഫ് അലി അംബാസഡർ
കളമശ്ശേരി ലൈംഗിക അതിക്രമം അതിജീവിതയ്ക്ക് പിന്തുണയുമായി വനിതാ കമ്മീഷൻ
സപ്ലൈകോ ഗോ കൺവീനിയൻസ് സ്റ്റോർ പ്രവർത്തനമാരംഭിച്ചു ആദ്യ സ്റ്റോർ വൈറ്റില ഹബ്ബിൽ
നടനും സംവിധായകനുമായ നാനാ പടേക്കർ അന്തരിച്ചു
മാക്കേക്കടവ് നേരേക്കടവ് പാലം ഒക്ടോബർ 18 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
അഞ്ച് സെന്റിൽ കാർഷിക വിപ്ലവം മാതൃകാ കുട്ടി കർഷകരെ വീട്ടിലെത്തി അഭിനന്ദിച്ച് കൃഷിമന്ത്രി ടി. സിദ്ദിഖ്