​48 വർഷത്തെ കാത്തിരിപ്പിന് വിരാമം ഇടുക്കി പട്ടയമേളയിൽ കണ്ണീരണിഞ്ഞ് സരോജിനി 683 കുടുംബങ്ങൾക്ക് സ്വന്തം മണ്ണ്

ഇടുക്കി ചെറുതോണിയിൽ നടന്ന പട്ടയമേളയിൽ 48 വർഷത്തെ കാത്തിരിപ്പിനൊടുവിൽ മാരാക്കുഴിയിൽ സരോജിനിക്ക് പട്ടയം കൈമാറി. റവന്യൂ മന്ത്രിയിൽ നിന്ന് പട്ടയം ഏറ്റുവാങ്ങിയ സരോജിനിയടക്കം 683 കുടുംബങ്ങൾക്ക് സ്വന്തം ഭൂമിക്ക് അവകാശരേഖ ലഭിച്ചു.

​48 വർഷത്തെ കാത്തിരിപ്പിന് വിരാമം ഇടുക്കി പട്ടയമേളയിൽ കണ്ണീരണിഞ്ഞ് സരോജിനി 683 കുടുംബങ്ങൾക്ക് സ്വന്തം മണ്ണ്
കരുണാപുരം കുരുവിക്കാനം മാരാക്കുഴിയില്‍ സരോജിനിക്ക് മന്ത്രി എ.പി. അനില്‍കുമാര്‍ പട്ടയം കൈമാറുന്നു
​48 വർഷത്തെ കാത്തിരിപ്പിന് വിരാമം ഇടുക്കി പട്ടയമേളയിൽ കണ്ണീരണിഞ്ഞ് സരോജിനി 683 കുടുംബങ്ങൾക്ക് സ്വന്തം മണ്ണ്
​48 വർഷത്തെ കാത്തിരിപ്പിന് വിരാമം ഇടുക്കി പട്ടയമേളയിൽ കണ്ണീരണിഞ്ഞ് സരോജിനി 683 കുടുംബങ്ങൾക്ക് സ്വന്തം മണ്ണ്

നാല്‍പ്പത്തിയെട്ട് വര്‍ഷത്തിനു ശേഷം പട്ടയം സരോജിനിക്ക് ഇനി സ്വന്തം ഭൂമി  പട്ടയത്തിനു വേണ്ടി കാത്തിരിക്കേണ്ട അവസ്ഥ ഇനിയുണ്ടാവില്ല-മന്ത്രി എ.പി. അനില്‍കുമാര്‍

ചെറുതോണി :  നാല്‍പ്പത്തിയെട്ട് വര്‍ഷം മുന്‍പ് പത്തനംതിട്ടയിലെ കോന്നിയില്‍നിന്ന് നെടുംകണ്ടത്തിനടുത്ത് കരുണാപുരം കുരുവിക്കാനത്തേക്ക് ഭര്‍ത്താവ് ശേഖരനോടൊപ്പം കുടിയേറിയതാണ് മാരാക്കുഴിയില്‍ സരോജിനി. അന്ന് വാങ്ങിയ 62 സെന്റ് സ്ഥലത്തിന് പട്ടയം കിട്ടാന്‍വേണ്ടി പലതവണ ശ്രമങ്ങള്‍ നടത്തിയെങ്കിലും കിട്ടിയില്ല. 22 വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ചതോടെ അപേക്ഷ നല്‍കലും കാത്തിരിപ്പുമെല്ലാം ഒറ്റയ്ക്കായി. പ്രായം ഇപ്പോള്‍79. നടക്കാന്‍പോലും ബുദ്ധിമുട്ടുണ്ടായിട്ടും പട്ടയം ഏറ്റവാങ്ങാന്‍ മകന്‍ ഹരിയോടൊപ്പം ചെറുതോണിയിലെ പട്ടയമേളയിലെത്തി. സദസ്സിലിരുന്ന സരോജിനിക്ക് മന്ത്രി എ.പി. അനില്‍കുമാര്‍ താഴേയ്ക്കിറങ്ങി വന്ന് പട്ടയം കൈമാറിയപ്പോള്‍ ആ അമ്മയുടെ കണ്ണുനിറഞ്ഞു. മന്ത്രിക്കും സര്‍ക്കാരിനും കൈകൂപ്പി നന്ദി പറഞ്ഞ സരോജനിയുടെ ഉള്ളില്‍ വീട് വെച്ചു താമസിച്ചിരുന്ന സ്ഥലം സ്വന്തമായതിന്റെ സന്തോഷം നിറഞ്ഞു. പട്ടയം ഏറ്റുവാങ്ങി അടുത്തുവന്നിരുന്ന സമപ്രായക്കാരിയായ ഉളുപ്പുണി കോട്ടമല വടക്കേമുറിയില്‍ ഭവാനി ശ്രീധരനുമായി ഏറെനേരം വിശേഷങ്ങള്‍ പങ്കുവെച്ചു. 

വാളറ തുമ്പിപ്പാറക്കുടിയിലെ മന്നാംകണ്ടം ചെല്ലമ്മയ്ക്കാണ് മന്ത്രി ആദ്യം പട്ടയം കൈമാറിയത്. ഹൃദ്രോഗിയായ ചെല്ലമ്മ പതിനഞ്ചു വര്‍ഷമായി പട്ടയത്തിന് അപേക്ഷ നല്‍കി കാത്തിരിക്കുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജാശുപത്രിയിലെ ചികിത്സയുള്‍പ്പെടെ ഭാരിച്ച ചെലവുകളുണ്ടായിട്ടും വസ്തു ഈടുവെച്ച് ചെറിയ ലോണ്‍ പോലും എടുക്കാനാവാതെ ബുദ്ധിമുട്ടുകയായിരുന്നു ഇവര്‍. തൊഴിലുറപ്പ് പണിക്കു പോകുന്ന ഭര്‍ത്താവിന്റെ വരുമാനത്തിലാണിവര്‍ കഴിയുന്നത്.

 തലമാലക്കുടിയില്‍ നിന്നെത്തിയ ആര്‍. ബിന്ദുവിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അച്ഛനമ്മമാര്‍ നല്‍കിയ വസ്തുവിന്റെ പട്ടയം കൈയ്യില്‍ കിട്ടിയതിന്റെ സന്തോഷം. 

പതിനഞ്ചു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് തുമ്പിപ്പാറക്കുടിയിലെ അനീഷ് തങ്കപ്പന്റെ പേരില്‍ പട്ടയം ലഭിക്കുന്നത്. പട്ടയം ഏറ്റുവാങ്ങിയ ഭാര്യ ചിന്നു പങ്കുവെച്ചത് പ്ലസ് ടൂവിന് പഠിക്കുന്ന ഇരട്ടപ്പെണ്‍കുട്ടികളുടെ ഉപരിപഠനത്തിന് ഇനി ബാങ്ക് വായ്പ എടുക്കാമല്ലോ എന്ന സന്തോഷം.

ആകെ 683 പട്ടയങ്ങളാണ് വ്യാഴാഴ്ച വിതരണം ചെയ്തത്. ഇതില്‍ 645 എണ്ണം 1993ലെ ഭൂമി പതിവ് ചട്ടങ്ങളനുസരിച്ചുള്ളതും 15 എണ്ണം വനാവകാശരേഖയുമാണ്. ഏഴ് മിച്ചഭൂമി പട്ടയം, എട്ടു വീതം എല്‍.ടി. ക്രയസര്‍ട്ടിഫിക്കറ്റ്, ഹൈറേഞ്ച് കോളനൈസേഷന്‍ സ്‌കീം പ്രകാരമുള്ള പട്ടയങ്ങളുമാണ് നല്‍കിയത്. 

നൂറുദിന കര്‍മപരിപാടിയിലുള്‍പ്പെടുത്തി സംസ്ഥാനത്ത് ഏഴായിരം പട്ടയം വിതരണം ചെയ്യാനായത് ഇക്കാര്യത്തില്‍ സര്‍ക്കാരിനുള്ള പ്രതിബദ്ധയാണ് കാണിക്കുന്നതെന്ന് റവന്യൂ വകുപ്പു മന്ത്രി എ.പി. അനില്‍കുമാര്‍ പറഞ്ഞു. ചെറുതോണിയില്‍ നടന്ന ഇടുക്കി ജില്ലാതല പട്ടയമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട്ടെ പട്ടയ വിതരണം കൂടി കഴിയുമ്പോള്‍ ഇത് പതിനായിരത്തിലധികമാകും.

 ജനങ്ങള്‍ക്ക് ലഭിക്കേണ്ട ആവശ്യങ്ങള്‍ ഏറ്റവും വേഗത്തില്‍ സുതാര്യമായി നല്‍കുക എന്നുള്ളതാണ് സര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട അജണ്ട. പട്ടയത്തിനു വേണ്ടി വര്‍ഷങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥ ഇനിയുണ്ടാവില്ല. എത്രയും വേഗം ജനങ്ങള്‍ക്ക് പട്ടയം നല്‍കുവാനുള്ള നടപടി യുണ്ടാകും. 

ഇടുക്കിയിലെ കാര്യങ്ങളോട് വളരെ അനുകമ്പാപൂര്‍ണ്ണമായ സമീപനമാണ് സര്‍ക്കാരിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റംബര്‍ 30നകം പുതുക്കിയ കുത്തകപ്പാട്ട നിരക്ക് ഉള്‍പ്പെടുത്തിയുള്ള ഉത്തരവിറങ്ങും, അടുത്ത മാസം മുതല്‍ കുത്തകപ്പാട്ടവുമായി ബന്ധപ്പെട്ട നികുതി അടയ്ക്കാനുള്ള സൗകര്യമുണ്ടാകും.

നിര്‍മ്മാണ നിയന്ത്രണം അടക്കമുള്ള കാര്യങ്ങളിലെ നിയന്ത്രണങ്ങള്‍ നീക്കം ചെയ്യാനുള്ള നടപടികളും നിയമനടപടികളും ഉണ്ടാകും. 

ഭൂമിയുടെ ന്യായവില നിശ്ചയിക്കുമ്പോള്‍ ഉണ്ടാകുന്ന അപാകതകള്‍ വില്ലേജ് അടിസ്ഥാനത്തില്‍ തന്നെ പരിഹരിക്കാനുള്ള നടപടി ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും. 

പൈനാവില്‍ ഒരു ടൗണ്‍ഷിപ്പ് എന്നുള്ള ഏറെക്കാലത്തെ ആവശ്യം സാക്ഷാത്കരിക്കുവാനുള്ള പ്രവര്‍ത്തനങ്ങളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

റോയി കെ.പൗലോസ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്, ഡീന്‍ കുര്യാക്കോസ് എം.പി, എം.എല്‍.എ മാരായ സേനാപതി വേണു,അഡ്വ. സിറിയക് തോമസ്,എഫ്. രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊപ. ഷീല സ്റ്റീഫന്‍,ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എച്ച്. ദിനേശന്‍, ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രാമോള്‍ ജിന്നി,ദേവികുളം സബ് കളക്ടര്‍ വി.എം. ആര്യ,വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ്,ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ ഫ്രാന്‍സീസ് അറയ്ക്കപ്പറമ്പില്‍, വിവിധ തദ്ദേശ സ്ഥാപന അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.