ഡിജിപി എസ്. ശ്രീജിത്തിനെതിരായ അഴിമതി ആരോപണം രേഖകൾ മുദ്രവെച്ച കവറിൽ ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവ്
ഡിജിപി എസ്.ശ്രീജിത്തിന്റെ വിദേശയാത്രയും അഴിമതി ആരോപണങ്ങളും അടങ്ങിയ കേസുകളിൽ രേഖകൾ സമർപ്പിക്കാൻ സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്ക് ഹൈക്കോടതി നിർദേശം നൽകി.
ഡിജിപി എസ്.ശ്രീജിത്തിനെതിരായ അഴിമതി ആരോപണം: രേഖകൾ സമർപ്പിക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം
കൊച്ചി: ഡിജിപി എസ്. ശ്രീജിത്തിന്റെ വിദേശയാത്ര ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വിവരങ്ങൾ അടങ്ങിയ രേഖകൾ സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം. സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്കാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ നിർദേശം നൽകിയത്. വിവരങ്ങൾ അടങ്ങിയ രേഖകൾ പത്ത് ദിവസത്തിനകം മുദ്രവെച്ച കവറിൽ നൽകാനാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.
അഴിമതി, ബെനാമി ഇടപാടുകൾ, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മോട്ടർ വാഹന വകുപ്പിലെ അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറായ ദിപിൻ ഇടവന സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി.
നിലവിൽ കേസെടുത്ത് അന്വേഷണം ആരംഭിക്കേണ്ട സാഹചര്യമില്ലെന്നായിരുന്നു വിജിലൻസ് വകുപ്പിന്റെ മുൻ ഉത്തരവ്. ഈ ഉത്തരവ് റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. ട്രാൻസ്പോർട്ട് കമ്മിഷണറായിരിക്കെ എസ്. ശ്രീജിത്ത് അഴിമതി നടത്തിയെന്നും, കീഴുദ്യോഗസ്ഥരെ ഇരയാക്കാനും അനധികൃത ഇടപാടുകൾ നടത്താനുമായി പ്രത്യേക ട്രാൻസ്പോർട്ട് കമ്മിഷണേഴ്സ് സ്ക്വാഡ് രൂപീകരിച്ചെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. കൂടാതെ യുഎഇയിൽ ബെനാമി പേരിൽ സ്പാ നടത്തുന്നുണ്ടെന്നും കള്ളപ്പണം വെളുപ്പിക്കാനായി അനധികൃതമായി വിദേശയാത്രകൾ നടത്തിയെന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്.