സഹകരണ ജപ്തിയും വിലക്കയറ്റവും ജനകീയ വിഷയങ്ങളിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് ഇക്വാലിറ്റി പാർട്ടി ഓഫ് ഇന്ത്യ

സഹകരണ മേഖലയിലെ ജപ്തി നടപടികൾ അടിയന്തരമായി നിർത്തിവെക്കണമെന്നും സംസ്ഥാനത്തെ രൂക്ഷമായ വിലക്കയറ്റം, ലഹരി വ്യാപനം, വന്യജീവി ആക്രമണം, തൊഴിലില്ലായ്മ എന്നിവയ്ക്ക് പരിഹാരം കാണണമെന്നും ഇക്വാലിറ്റി പാർട്ടി ഓഫ് ഇന്ത്യ (EPI) സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

സഹകരണ ജപ്തിയും വിലക്കയറ്റവും ജനകീയ വിഷയങ്ങളിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് ഇക്വാലിറ്റി പാർട്ടി ഓഫ് ഇന്ത്യ
തിരുവനന്തപുരം വൈ.എം.സി.എ ഹാളിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗം സംസ്ഥാന പ്രസിഡന്റ് നെടുമൺകാവ് ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു
സഹകരണ ജപ്തിയും വിലക്കയറ്റവും ജനകീയ വിഷയങ്ങളിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് ഇക്വാലിറ്റി പാർട്ടി ഓഫ് ഇന്ത്യ

സഹകരണ ജപ്തിയും വിലക്കയറ്റവും ജനകീയ വിഷയങ്ങളിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് ഇക്വാലിറ്റി പാർട്ടി ഓഫ് ഇന്ത്യ

തിരുവനന്തപുരം: സഹകരണ മേഖലയിൽ ദ്രുതഗതിയിൽ നടത്തിവരുന്ന ജപ്തി നടപടികൾ അടിയന്തരമായി നിർത്തിവെക്കണമെന്ന് ഇക്വാലിറ്റി പാർട്ടി ഓഫ് ഇന്ത്യ (EPI) സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. വായ്പക്കാരുടെ പലിശ പൂർണമായും എഴുതിത്തള്ളണമെന്നും, വായ്പകളെ ജി.ഡി.സി.എസ് (GDCS) വിഭാഗത്തിൽ ഉൾപ്പെടുത്തി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പിലാക്കണമെന്നും യോഗം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. തിരുവനന്തപുരം വൈ.എം.സി.എ ഹാളിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗം സംസ്ഥാന പ്രസിഡന്റ് നെടുമൺകാവ് ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി.സി. കുട്ടപ്പൻ അധ്യക്ഷത വഹിച്ചു.

​വിദ്യാഭ്യാസ വായ്പ എടുത്തിട്ടുള്ള വിദ്യാർത്ഥികൾക്ക് പലിശയിൽ ഇളവ് നൽകി ഒറ്റത്തവണ തീർപ്പാക്കലിന് അവസരമൊരുക്കണമെന്നും, കേരള പബ്ലിക് സർവീസ് കമ്മീഷന്റെ (PSC) വിശ്വാസ്യത കാത്തുസൂക്ഷിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ശബരിമലയുമായി ബന്ധപ്പെട്ട് അടിക്കടിയുണ്ടാകുന്ന പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം കാണുക, സർക്കാർ ഓഫീസുകളിൽ പൊതുജനങ്ങളുടെ ആവശ്യങ്ങൾ യഥാസമയം നടപ്പിലാക്കുക, സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഡിജിറ്റൽ സർവേ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം മുന്നോട്ടുവെച്ചു.

​സംസ്ഥാനം നേരിടുന്ന ഗുരുതരമായ സാമൂഹിക-സാമ്പത്തിക പ്രതിസന്ധികളും യോഗത്തിൽ ചർച്ചയായി. വിദ്യാർത്ഥികൾക്കിടയിലും യുവാക്കൾക്കിടയിലും സിന്തറ്റിക് ഡ്രഗ്സ് ഉൾപ്പെടെയുള്ള രാസലഹരികളുടെ ഉപയോഗം വർദ്ധിച്ചുവരുന്നത് കുടുംബങ്ങളുടെ ഭദ്രതയെയും സാമൂഹിക സമാധാനത്തെയും സാരമായി ബാധിക്കുന്നുണ്ടെന്ന് യോഗം വിലയിരുത്തി. ഉന്നത വിദ്യാഭ്യാസം നേടിയവർക്ക് സംസ്ഥാനത്തിനകത്ത് യോഗ്യതയ്ക്കനുസരിച്ചുള്ള തൊഴിലവസരങ്ങൾ കുറയുന്നതിനാൽ യുവതലമുറ വലിയ തോതിൽ വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്ന സാഹചര്യം ഒഴിവാക്കാൻ തൊഴിലവസരങ്ങൾ സൃഷ്ടിക്കണം. സംസ്ഥാനത്തിന്റെ പൊതുസാമ്പത്തിക രംഗം കടുത്ത സമ്മർദ്ദത്തിലായിരിക്കെ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കണമെന്നും, യുവജനങ്ങളുടെ കുടിയേറ്റം മൂലം വീടുകളിൽ തനിച്ചാകുന്ന വയോജനങ്ങളുടെ ആരോഗ്യ-മാനസിക സംരക്ഷണം ഉറപ്പാക്കാൻ രൂപീകരിക്കാൻ തീരുമാനിച്ച പ്രത്യേക വയോജന കമ്മീഷന്റെ പ്രവർത്തനം വേഗത്തിലാക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.

​മലയോര മേഖലകളിൽ കർഷകരുടെ ജീവനും കൃഷിക്കും ഭീഷണിയാകുന്ന മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമാകുന്നതിൽ യോഗം ആശങ്ക രേഖപ്പെടുത്തി. കാലാവസ്ഥാ വ്യതിയാനം, തീരശോഷണം, മാലിന്യ സംസ്കരണത്തിലെ അപാകതകൾ, ജലാശയങ്ങളുടെ മലിനീകരണം എന്നിവ പരിഹരിക്കാൻ ശാസ്ത്രീയ ഇടപെടൽ വേണം. വിളകളുടെ ഉത്പാദനക്ഷമത കുറയുന്നതും ഉൽപ്പന്നങ്ങൾക്ക് ന്യായവില ലഭിക്കാത്തതും കർഷകത്തൊഴിലാളികളുടെ ക്ഷാമവും മൂലം പ്രതിസന്ധിയിലായ കാർഷിക മേഖലയെ സംരക്ഷിക്കാനും, അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ തൊഴിൽ സുരക്ഷ, വേതന തുല്യത, പൊതുസ്ഥലങ്ങളിലെ സുരക്ഷ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കാനും സർക്കാർ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.

​യോഗത്തിൽ എയ്ഞ്ചൽ വർഗീസ് സ്വാഗതം ആശംസിച്ചു. സി.ജി. ബാബു (കോട്ടയം), ജോർജ് മറ്റം (കാസർകോട്), ഉമ്മർ (വയനാട്), ഹംസ റാവുത്തർ (പാലക്കാട്), അനില എം. കൃഷ്ണൻ (മൂവാറ്റുപുഴ), സുനിത (തിരുവനന്തപുരം), സുനിൽകുമാർ (കൊല്ലം), രഞ്ജിത്ത് (മലപ്പുറം) തുടങ്ങിയവർ സംസാരിച്ചു.

https://youtube.com/shorts/Aq-D2-eo3Fc?feature=share