നാടിനെ വിഷം കുടിപ്പിച്ചു റോഡ് പൊളിച്ച് പൈപ്പിലൂടെ മലിനജലം തോട്ടിലേക്ക് ലോണ്ടറി പൂട്ടിച്ച് പഞ്ചായത്ത്
ഇടുക്കി വെള്ളത്തൂവലിൽ മലിനജല സംസ്‌കരണ പ്ലാന്റില്ലാതെ പ്രവർത്തിച്ച ഫൈവ് സ്റ്റാർ പവർ ലോണ്ടറിക്കെതിരെ ഗ്രാമപഞ്ചായത്ത് കർശന നിയമനടപടി സ്വീകരിച്ചു. രാസവസ്തുക്കൾ കലർന്ന മലിനജലം പൊതുതോട്ടിലേക്ക് ഒഴുക്കിയതിനെത്തുടർന്നാണ് സ്ഥാപനം അടച്ചുപൂട്ടാൻ നോട്ടീസ് നൽകിയതും പിഴ ചുമത്തിയതും.
ഇടുക്കിയിൽ മലിനജലം പൊതുതോട്ടിലേക്ക് ഒഴുക്കിയ ലോണ്ടറിക്കെതിരെ പഞ്ചായത്തിന്റെ കർശന നടപടി
ഇടുക്കി: മലിനജല സംസ്‌കരണ പ്ലാന്റില്ലാതെ നിയമവിരുദ്ധമായി പ്രവർത്തിച്ച സ്ഥാപനത്തിനെതിരെ വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത് എൻഫോഴ്സ്മെന്റ് സംഘത്തിന്റെ നടപടി. പഞ്ചായത്തിലെ 'ഫൈവ് സ്റ്റാർ പവർ ലോണ്ടറി' എന്ന സ്ഥാപനത്തിൽ നടത്തിയ പരിശോധനയിലാണ് ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയത്. രാസവസ്തുക്കൾ കലർന്ന മലിനജലം സമീപത്തെ കുളത്തിലേക്കും പൊതുതോട്ടിലേക്കും അനധികൃതമായി ഒഴുക്കിവിടുകയായിരുന്നു.
ലോണ്ടറിയിൽ നിന്നുള്ള രാസമാലിന്യങ്ങൾ ആദ്യം സമീപത്തെ കുളത്തിലേക്ക് ഒഴുക്കുകയും, തുടർന്ന് റോഡ് പൊളിച്ച് സ്ഥാപിച്ച ആറിഞ്ച് വീതിയുള്ള മൂന്ന് പൈപ്പുകൾ വഴി സ്വകാര്യ വ്യക്തികളുടെ പറമ്പുകളിലൂടെ തോട്ടിലേക്ക് തള്ളുകയുമായിരുന്നുവെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി. എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടത്തിയ വിശദമായ പരിശോധനയിലാണ് അനധികൃത പൈപ്പ് ലൈനുകൾ കണ്ടെത്തിയത്.
മലിനജലം ഒഴുക്കിവിടാൻ സ്ഥാപിച്ച പൈപ്പുകൾ പൊളിച്ചുമാറ്റുമെന്ന് അധികൃതർ അറിയിച്ചു. സ്ഥാപനത്തിന്റെ പ്രവർത്തനം അടിയന്തരമായി നിർത്തിവെപ്പിക്കാൻ നോട്ടീസ് നൽകുകയും വൻ തുക പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. ജനങ്ങളുടെ കുടിവെള്ള സ്രോതസ്സുകൾ മലിനമാക്കുകയും കടുത്ത ആരോഗ്യഭീഷണി ഉയർത്തുകയും ചെയ്ത സ്ഥാപനത്തിനെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ കർശന നടപടിയുമായി മുന്നോട്ടുപോകുമെന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ കൂട്ടിച്ചേർത്തു

