സഹകരണ ബാങ്കിൽ നിന്ന് 4.25 കോടി തട്ടി ഓഹരി വിപണിയിൽ നിക്ഷേപിച്ചു മുൻ സെക്രട്ടറിയുടെ നിക്ഷേപം മരവിപ്പിച്ചു

നന്തിപുലം സർവീസ് സഹകരണ ബാങ്കിൽ നിന്ന് 4.25 കോടി രൂപ തട്ടിയെടുത്ത മുൻ സെക്രട്ടറി, ആ തുക സ്വന്തം പേരിൽ ഓഹരി വിപണിയിൽ നിക്ഷേപിച്ചതായി കണ്ടെത്തി. വിരമിക്കും മുൻപാണ് ഇയാൾ ക്രമക്കേട് നടത്തിയത്

സഹകരണ ബാങ്കിൽ നിന്ന് 4.25 കോടി തട്ടി ഓഹരി വിപണിയിൽ നിക്ഷേപിച്ചു മുൻ സെക്രട്ടറിയുടെ നിക്ഷേപം മരവിപ്പിച്ചു
Al നിർമ്മിച്ച സാങ്കല്പിക ചിത്രം

നന്തിപുലം സഹകരണ ബാങ്കിൽ 4.25 കോടിയുടെ തട്ടിപ്പ്; പണം ഓഹരി വിപണിയിൽ നിക്ഷേപിച്ച് മുൻ സെക്രട്ടറി

​തൃശൂർ: അരനൂറ്റാണ്ടോളമായി സിപിഎം ഭരിക്കുന്ന നന്തിപുലം സർവീസ് സഹകരണ ബാങ്കിന്റെ നിക്ഷേപ ഫണ്ടിൽ നിന്ന് 4.25 കോടി രൂപ തട്ടിയെടുത്ത മുൻ സെക്രട്ടറി, ആ തുക സ്വന്തം പേരിൽ ഓഹരി വിപണിയിൽ നിക്ഷേപിച്ചതായി കണ്ടെത്തി. കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ ഭാരവാഹി കൂടിയായിരുന്ന മുൻ സെക്രട്ടറിയാണ് പദവിയിൽ നിന്ന് വിരമിക്കുന്നതിന് മുൻപ് വൻ വെട്ടിപ്പ് നടത്തിയത്.

​കഴിഞ്ഞ വർഷം മേയ് മുതൽ ജൂലൈ വരെയുള്ള മൂന്ന് മാസത്തിനിടെ പലതവണയായാണ് പണം തട്ടിയെടുത്തത്. ഓഡിറ്റ് പരിശോധനയ്ക്കിടെ ബാങ്കിന്റെ നിക്ഷേപ ഫണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ നന്തിപുലം ബാങ്ക് മറ്റു ബാങ്കുകളിൽ നിക്ഷേപിച്ചിട്ടുള്ള തുകയിൽ നിന്ന് 4.25 കോടി രൂപയോളം കാണാനില്ലെന്ന് വ്യക്തമായി. ഈ തുക മുൻ സെക്രട്ടറിയുടെ പേരിൽ നാല് കമ്പനികളുടെ ഓഹരികൾ വാങ്ങാനായി ചെലവഴിച്ചെന്നാണ് കണ്ടെത്തൽ.

​ഒടിപി തട്ടിപ്പ് നടത്തിയത് ഇങ്ങനെ

ബാങ്കിൽ നിന്ന് പണം കൈമാറ്റം ചെയ്യുമ്പോൾ പ്രസിഡന്റിനും സെക്രട്ടറിക്കും ഒടിപി (വൺ ടൈം പാസ്‍വേഡ്) ലഭിക്കുന്ന തരത്തിലായിരുന്നു ക്രമീകരണം. എന്നാൽ തട്ടിപ്പ് പുറത്തറിയാതിരിക്കാൻ പ്രസിഡന്റിന്റെ ഫോൺ നമ്പറിന് പകരം തന്റെ സ്വകാര്യ നമ്പറാണ് സെക്രട്ടറി റജിസ്റ്റർ ചെയ്തിരുന്നത്. ഇത്തരത്തിൽ ഒടിപി സ്വന്തം ഫോണിലേക്ക് വരുത്തിയാണ് ഇയാൾ പണം തട്ടിയെടുത്തത്.

​സ്വത്ത് കണ്ടുകെട്ടാൻ നടപടി

തട്ടിപ്പ് നടന്ന് മാസങ്ങൾക്ക് ശേഷം കഴിഞ്ഞ മാർച്ചിൽ ഇയാൾ സർവീസിൽ നിന്ന് വിരമിച്ചിരുന്നു. ഓഡിറ്റിൽ ക്രമക്കേട് വ്യക്തമായതോടെ ബാങ്ക് ഭരണസമിതി തന്നെ പൊലീസിൽ പരാതി നൽകുകയായിരുന്നു. നഷ്ടപ്പെട്ട തുക മുൻ സെക്രട്ടറിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഈടാക്കാനുള്ള നിയമനടപടികൾ ആരംഭിച്ചതായി സഹകരണ ജോയിന്റ് റജിസ്ട്രാർ പി. രാമചന്ദ്രൻ അറിയിച്ചു. നിലവിൽ മുൻ സെക്രട്ടറിയുടെ പേരിൽ സ്വർണമായും പണമായും നന്തിപുലം ബാങ്കിലുള്ള ഒരു കോടിയോളം രൂപയുടെ നിക്ഷേപം അധികൃതർ മരവിപ്പിച്ചിട്ടുണ്ട്.