കണ്ണഞ്ചിപ്പിക്കുന്ന സൂര്യകാന്തിപ്പാടവും ഗ്രാമീണ തനിമയും പെരിങ്ങമ്മലയിൽ വസന്തമൊരുക്കി നിറവ് 2026
തിരുവനന്തപുരം പെരിങ്ങമ്മല ജില്ലാ കൃഷിത്തോട്ടത്തിൽ ‘നിറവ് 2026’ കാർഷിക മേളയ്ക്ക് തുടക്കമായി. സംസ്ഥാനത്തെ ഫാമുകളെ കോർത്തിണക്കി അഗ്രി ടൂറിസം വ്യാപിപ്പിക്കുമെന്ന് മന്ത്രി ടി. സിദ്ദിഖ്. സെപ്റ്റംബർ 15 വരെയാണ് മേള.
പെരിങ്ങമ്മലയിൽ ‘നിറവ് 2026’ കാർഷിക മേളയ്ക്ക് തുടക്കമായി; കാർഷിക ഫാമുകളെ ഫാം-അഗ്രി ടൂറിസം മാതൃകയിൽ ബന്ധിപ്പിക്കുമെന്ന് മന്ത്രി ടി. സിദ്ദിഖ്
തിരുവനന്തപുരം: കേരളത്തിലെ കാർഷിക ഫാമുകളെ ഫാം-അഗ്രി ടൂറിസം മാതൃകയിൽ പരസ്പരം ബന്ധിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് കാർഷികവികസന കർഷക ക്ഷേമവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് അറിയിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്തും കൃഷി വികസന കർഷക ക്ഷേമ വകുപ്പും സംയുക്തമായി പെരിങ്ങമ്മല ജില്ലാ കൃഷിത്തോട്ടത്തിൽ സംഘടിപ്പിക്കുന്ന ജില്ലാ കാർഷിക മേള ‘ഫാം ഫെസ്റ്റ് നിറവ് 2026’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാൻ ശേഷിയുള്ള കാർഷിക മേഖല വാർത്തെടുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കർഷകരുടെയും വിളകളുടെയും സംരക്ഷണം ഉറപ്പാക്കുന്ന വിവിധ പദ്ധതികൾക്ക് കാർഷിക വകുപ്പ് നേതൃത്വം നൽകുമെന്നും മന്ത്രി പറഞ്ഞു. മേളയുടെ ഭാഗമായുള്ള പ്രദർശന വിപണന സ്റ്റാളുകളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. 22 പ്രദർശന വിപണന സ്റ്റാളുകളാണ് മേളയിൽ ഒരുക്കിയിട്ടുള്ളത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രിയദർശിനി വി. അധ്യക്ഷത വഹിച്ച ചടങ്ങിൽ സുധീർഷ പാലോട് എം.എൽ.എ. മുഖ്യാതിഥിയായിരുന്നു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഷീന എസ്. എൽ പദ്ധതി വിശദീകരിച്ചു.
മനോഹരമായ കാഴ്ചകളോടെ 'നിറവ് 2026'
രണ്ട് ഏക്കറിൽ വിരിഞ്ഞു നിൽക്കുന്ന സൂര്യകാന്തിപ്പാടം, നെൽപ്പാടം, ഏറുമാടം, കാവൽമാടം, നാടൻ ചായപ്പീടിക, കാളവണ്ടി മാതൃക എന്നിവയൊക്കെയായി ഗ്രാമീണ തനിമയിലാണ് മേള ഒരുക്കിയിരിക്കുന്നത്. അപൂർവ്വയിനം വാഴക്കുലകൾ, പൂച്ചെടികൾ, പച്ചക്കറി തൈകൾ, മൂല്യവർദ്ധിത ഫാം ഉൽപ്പന്നങ്ങൾ എന്നിവ മിതമായ നിരക്കിൽ സ്റ്റാളുകളിൽ ലഭ്യമാണ്.
സെപ്റ്റംബർ 15 വരെ നീളുന്ന മേളയിൽ പ്രവേശനം രാവിലെ 9 മുതൽ വൈകിട്ട് 7 വരെയാണ്. മുതിർന്നവർക്ക് 20 രൂപയും കുട്ടികൾക്ക് 10 രൂപയുമാണ് പ്രവേശന ഫീസ് (സ്കൂൾ കുട്ടികൾക്ക് സൗജന്യമാണ്). കാർഷിക സെമിനാറുകൾ, ക്വിസ് മത്സരങ്ങൾ, കലാപരിപാടികൾ എന്നിവയും മേളയുടെ ഭാഗമായി നടക്കും.