രോഗിയുമായി പാഞ്ഞെത്തിയ കാർ കാറിലും സ്കൂട്ടറിലും ഇടിച്ചു അമ്മയ്ക്ക് ദാരുണാന്ത്യം, മകൻ ഗുരുതരാവസ്ഥയിൽ

​പാലാ പൊൻകുന്നം റോഡിൽ പൂവരണിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് സ്കൂട്ടറിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ സ്ത്രീ മരിച്ചു; മകന് ഗുരുതര പരുക്ക്.

രോഗിയുമായി പാഞ്ഞെത്തിയ കാർ കാറിലും സ്കൂട്ടറിലും ഇടിച്ചു അമ്മയ്ക്ക് ദാരുണാന്ത്യം, മകൻ ഗുരുതരാവസ്ഥയിൽ
പാലാ - പൊൻകുന്നം റോഡിൽ പൂവരണിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച്

പാലാ: പാലാ - പൊൻകുന്നം റോഡിൽ പൂവരണിയിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രിക മരിച്ചു. ഉരുളികുന്നം സ്വദേശിനി സുജിത കുമാരി (47) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകൻ അതുൽ കൃഷ്ണയ്ക്ക് ഗുരുതരമായി പരുക്കേറ്റു. അതുലിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

​ഞായറാഴ്ച വൈകിട്ട് 3.15 നാണ് നാടിനെ നടുക്കിയ അപകടം നടന്നത്. പൈക ഭാഗത്തുനിന്ന് എത്തിയ കാറും പാലായിൽ നിന്ന് പൈക ഭാഗത്തേക്ക് പോവുകയായിരുന്ന കാറും തമ്മിൽ പൂവരണിയിൽ വച്ച് ആദ്യം കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽപെട്ട കാറുകളിലൊന്ന് മറ്റൊരു അപകടത്തിൽ പരുക്കേറ്റ ആളുമായി പൈക ഭാഗത്തുനിന്ന് വേഗതയിൽ വന്നതായിരുന്നു.

​കൂട്ടിയിടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ഒരു കാർ, പാലാ ഭാഗത്തുനിന്ന് ഉരുളിക്കുന്നത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറിലേക്ക് പാഞ്ഞുകയറുകയായിരുന്നു. സുജിത കുമാരിയാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. കാർ ഇടിച്ചയുടൻ സുജിത കുമാരിയും മകനും സ്കൂട്ടറിൽ നിന്ന് തെറിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും സുജിത കുമാരിയുടെ ജീവൻ രക്ഷിക്കാനായില്ല.