പി.എസ്‌.സി പരീക്ഷാ ക്രമക്കേട് ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിടാനുള്ള പരാതിയിൽ ഗവർണർ നിയമോപദേശം തേടി

പി.എസ്‌.സി പരീക്ഷാ ക്രമക്കേട് ആരോപണങ്ങളിൽ ശക്തമായി ഇടപെട്ട് ഗവർണർ. പി.എസ്‌.സി ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിടണമെന്ന യുവമോർച്ചയുടെ പരാതിയിൽ ഗവർണർ നിയമോപദേശം തേടി.

പി.എസ്‌.സി പരീക്ഷാ ക്രമക്കേട് ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിടാനുള്ള പരാതിയിൽ ഗവർണർ നിയമോപദേശം തേടി
ഗവർണർ രാജേന്ദ്ര ആർലേക്കർ

​പി.എസ്‌.സി പരീക്ഷാ ക്രമക്കേട്: ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിടാനുള്ള പരാതിയിൽ ഗവർണർ നിയമോപദേശം തേടി

തിരുവനന്തപുരം: സംസ്ഥാനത്തെ പി.എസ്‌.സി (PSC) പരീക്ഷാ ക്രമക്കേട് ആരോപണങ്ങളിൽ നിർണായക ഇടപെടലുമായി ഗവർണർ. പി.എസ്‌.സി ചെയർമാനെയും ഭരണസമിതി അംഗങ്ങളെയും സ്ഥാനത്തുനിന്ന് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച സമർപ്പിച്ച പരാതിയിലാണ് ഗവർണർ നിയമോപദേശം തേടിയത്.

​ഈ വിഷയത്തിൽ ഗവർണർ എന്ന നിലയിൽ ഭരണഘടനാപരമായി എന്തെല്ലാം നടപടികൾ സ്വീകരിക്കാൻ സാധിക്കുമെന്ന് വ്യക്തമാക്കാനാണ് നിയമോപദേശകരോട് ആവശ്യപ്പെട്ടിരിക്കുന്നത്. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകരുമായി വിശദമായ ആശയവിനിമയം നടത്തിയ ശേഷമായിരിക്കും നിയമോപദേശകർ ഗവർണർക്ക് അന്തിമ മറുപടി നൽകുക എന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ

പബ്ലിക് സർവീസ് കമ്മീഷൻ ഒരു ഭരണഘടനാ സ്ഥാപനമായതിനാൽ ചെയർമാനേയോ അംഗങ്ങളെയോ നേരിട്ട് പിരിച്ചുവിടാൻ ഗവർണർക്ക് അധികാരമില്ല.

​ഇതിൽ അന്തിമ നടപടിയെടുക്കാൻ രാഷ്ട്രപതിക്കാണ് ഭരണഘടനാപരമായ അധികാരം.

​പരാതിയിൽ ഗവർണറുടെ ശുപാർശപ്രകാരം രാഷ്ട്രപതി വിഷയം സുപ്രീം കോടതിയുടെ അന്വേഷണത്തിന് റഫർ ചെയ്യുകയാണെങ്കിൽ, കേസിൽ അന്വേഷണം നടക്കുന്ന കാലയളവിൽ ചെയർമാനെയും അംഗങ്ങളെയും സസ്‌പെൻഡ് ചെയ്യാൻ ഗവർണർക്ക് സാധിക്കും.

​അതിനുശേഷം സുപ്രീം കോടതി സമർപ്പിക്കുന്ന റിപ്പോർട്ടിന്റെയും നിർദേശത്തിന്റെയും അടിസ്ഥാനത്തിൽ രാഷ്ട്രപതിക്ക് ഇവരെ സ്ഥാനത്തുനിന്ന് പിരിച്ചുവിടാം.

​പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പി.എസ്‌.സിക്കെതിരെ ഗുരുതരമായ ഒട്ടേറെ ആരോപണങ്ങൾ ഉയർന്നുവന്നിട്ടും വിഷയം കൈകാര്യം ചെയ്തതിൽ സർക്കാരിന് വീഴ്ച സംഭവിച്ചതായി രാജഭവന് അതൃപ്തിയുണ്ടെന്നാണ് സൂചന. ആസൂത്രണ ബോർഡ് പരീക്ഷാ തട്ടിപ്പിൽ മാത്രമാണ് നിലവിൽ കേസെടുത്തിട്ടുള്ളത്. സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ഈ മൃദുസമീപനമാണ് ഗവർണറുടെ നേരിട്ടുള്ള ഇടപെടലിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.