ശുചിത്വ കേരളത്തിനായി കൈകോർത്ത് വയനാട്

സ്വച്ഛതാ ഹി സേവ 2026, നിര്‍മലം പുതുയുഗ ശുചിത്വ കേരളം ക്യാമ്പയിന്റെ ഭാഗമായി കൽപറ്റ നഗരസഭയുടെ നേതൃത്വത്തിൽ വിപുലമായ ശുചിത്വ റാലിയും ബൈപ്പാസ് റോഡ് കേന്ദ്രീകരിച്ച് മെഗാ ക്ലീനിങ് ഡ്രൈവും സംഘടിപ്പിച്ചു.

ശുചിത്വ കേരളത്തിനായി കൈകോർത്ത് വയനാട്
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കല്‍പ്പറ്റ നഗരസഭയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ടൗണില്‍ സംഘടിപ്പിച്ച ശുചിത്വ സന്ദേശ റാലി- മെഗാ ക്ലീനിങ് ഡ്രൈവിന് നഗരസഭ അധ്യക്ഷന്‍ പി. വിശ്വനാഥന്‍ നേതൃത്വം നല്‍കുന്നു

ഗാന്ധിജയന്തി ദിനത്തിൽ വയനാട്ടിൽ ശുചിത്വ സന്ദേശ റാലിയും മെഗാ ക്ലീനിങ് ഡ്രൈവും സംഘടിപ്പിച്ചു

കൽപറ്റ: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കൽപറ്റ നഗരസഭയുടെ നേതൃത്വത്തിൽ വിപുലമായ ശുചിത്വ സന്ദേശ റാലിയും മെഗാ ക്ലീനിങ് ഡ്രൈവും സംഘടിപ്പിച്ചു. 'സ്വച്ഛതാ ഹി സേവ 2026', 'നിർമലം പുതുയുഗ ശുചിത്വ കേരളം' എന്നീ ക്യാമ്പയിനുകളുടെ ഭാഗമായാണ് പരിപാടി നടത്തിയത്.

​നഗരസഭാ പരിസരത്ത് നിന്ന് ആരംഭിച്ച ശുചിത്വ സന്ദേശ റാലിയും മെഗാ ക്ലീനിങ് ഡ്രൈവും കൽപറ്റ നഗരസഭ അധ്യക്ഷൻ പി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. നഗരസഭയിൽ നിന്ന് ആരംഭിച്ച റാലി കൽപറ്റ ട്രാഫിക് ജങ്ഷനിൽ സമാപിച്ചു. തുടർന്ന് ക്യാമ്പയിന്റെ ഭാഗമായി കൽപറ്റ ബൈപ്പാസ് റോഡ് കേന്ദ്രീകരിച്ച് ജനകീയ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു.

​ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ മുഹമ്മദ് റാഫിൽ, നഗരസഭാ സ്വച്ഛ് അംബാസിഡറും സിനിമാ താരവുമായ അബു സലീം, മറ്റ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺമാർ, കൗൺസിലർമാർ, നഗരസഭാ ജീവനക്കാർ എന്നിവർ പങ്കെടുത്തു. കൂടാതെ, എസ്.കെ.എം.ജെ. സ്കൂൾ എൻ.സി.സി. കേഡറ്റുകൾ, ഫാത്തിമ മാതാ കോളേജ് വിദ്യാർത്ഥികൾ, ഹരിതകർമ്മ സേനാംഗങ്ങൾ, ശുചീകരണ തൊഴിലാളികൾ, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവരും ശുചിത്വ യജ്ഞത്തിൽ സജീവമായി പങ്കാളികളായി.