ഏഷ്യൻ ഗെയിംസ് ഇരട്ട തിളക്കത്തിൽ വിദർശ ആവേശത്തോടെ വരവേറ്റ് ജന്മനാട്
ഏഷ്യൻ ഗെയിംസിൽ ഇരട്ട മെഡൽ നേടിയ വിദർശ കെ. വിനോദിന് തിരുവമ്പാടിയിൽ പ്രോജ്ജ്വല സ്വീകരണം. മെഡൽ ജേതാക്കൾക്ക് ജോലിയും പിന്തുണയും നൽകുന്നത് സർക്കാരിന്റെ പരിഗണനയിലാണെന്ന് മന്ത്രി ടി. സിദ്ദിഖ്.
ഏഷ്യൻ ഗെയിംസ് ജേതാക്കളുടെ തുടർപ്രയാണത്തിന് സർക്കാർ പ്രോത്സാഹനം നൽകും: മന്ത്രി ടി.സിദ്ദിഖ് വിദർശയ്ക്ക് ജന്മനാടിൻ്റെ പ്രോജ്ജ്വല സ്വീകരണം
കോഴിക്കോട് : ഏഷ്യൻ ഗെയിംസിലെ മെഡൽ ജേതാക്കൾക്ക് കൂടുതൽ ഉയരങ്ങൾ താണ്ടാൻ സംസ്ഥാന സർക്കാരിന്റെ പിന്തുണയുണ്ടാകുമെന്ന് കൃഷിവകുപ്പ് മന്ത്രി ടി.സിദ്ദിഖ്. ഏഷ്യൻ ഗെയിംസിൽ ഇരട്ട മെഡൽ നേട്ടത്തോടെ രാജ്യത്തിന്റെ അഭിമാനമായി മാറിയ തിരുവമ്പാടി സ്വദേശിനി വിദർശ കെ വിനോദിന് ജന്മനാട് നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വിദർശയും തന്റെ മണ്ഡലത്തിൽപ്പെട്ട ടി എസ് മനുവും അടക്കമുള്ള കായികതാരങ്ങളുടെ ഏഷ്യൻ ഗെയിംസിലെ മെഡൽ നേട്ടം ഏറെ അഭിമാനകരമാണ്. മെഡൽ ജേതാക്കൾക്ക് ജോലിയും തുടർന്നുള്ള പിന്തുണയും നൽകുന്ന കാര്യം കഴിഞ്ഞ മന്ത്രിസഭായോഗം വിശദമായി ചർച്ച ചെയ്തു.രാജ്യത്തിന്റെ യശസ്സുയർത്തിയ വിദർശയ്ക്ക് ഇനിയും കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു. വിദർശയുടെ കായിക സ്വപ്നങ്ങളെ പിന്തുണച്ച കുടുംബാംഗങ്ങളെയും പരിശീലകനെയും അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.
വാദ്യമേളങ്ങളുടെ അകമ്പടിയോടെ തുറന്ന വാഹനത്തിലാണ് വിദർശയെ ആനയിച്ചത്. മന്ത്രി ടി.സിദ്ദിഖ്, സി.കെ കാസിം എംഎൽഎ, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജിതിൻ പല്ലാട്ട് എന്നിവരും ജീപ്പിൽ കായികതാരത്തോടൊപ്പം ഉണ്ടായിരുന്നു. പി.സി.മുക്കിൽ നിന്നും ആരംഭിച്ച സ്വീകരണ റാലി തിരുവമ്പാടി ബസ് സ്റ്റാൻഡിലാണ് സമാപിച്ചത്.
നാടിൻ്റെ അഭിമാനമായ പ്രിയതാരത്തെ കാണാനും അഭിവാദ്യമർപ്പിക്കാനുമായി നൂറുകണക്കിനാളുകളാണ് വഴിയോരങ്ങളിൽ തടിച്ചുകൂടിയത്. സ്വീകരണ സമ്മേളനത്തിൽ സി.കെ.കാസിം എംഎൽഎ അധ്യക്ഷത വഹിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജിതിൻ പല്ലാട്ട് വിദർശയെ പൊന്നാട അണിയിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മില്ലി മോഹൻ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അംബിക മംഗലത്ത്, വിവിധ തദ്ദേശസ്ഥാപന അധ്യക്ഷന്മാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
ഏഷ്യൻ ഗെയിംസ് ഇരട്ട തിളക്കത്തിൽ വിദർശ ആവേശത്തോടെ വരവേറ്റ് ജന്മനാട്
കേരളത്തിൽ കാലിഗ്രാഫിക്ക് പുതിയ സ്ഥാപനം ആരംഭിക്കുംമുഖ്യമന്ത്രി വി. ഡി. സതീശൻ
മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച മഹാത്മാവായിരുന്നു ഗാന്ധിജി ഡോ. ജേക്കബ് ഇട്ടൂപ്പ് ഗാന്ധിമാർഗ്ഗം ക്വിസ് മത്സരം സംഘടിപ്പിച്ചു
ശുചിത്വ കേരളത്തിനായി കൈകോർത്ത് വയനാട്
പുതിയ തലമുറയുടെ സ്വപ്നങ്ങളും പോരാട്ടവും പറഞ്ഞ് ആമസോൺ പ്രണയം ചിത്രീകരണത്തിന് തുടക്കമായി
കാൻവാസിൽ ഗാന്ധിസ്മരണയൊരുക്കി ഭിന്നശേഷി കുട്ടികൾ ഗാന്ധി പാർക്കിൽ പ്രൗഢഗംഭീരമായ ദിനാചരണം