ലഹരി വ്യാപനം ആഗോള വെല്ലുവിളി രമേശ് ചെന്നിത്തല
കൊച്ചിന്‍ റോട്ടറി അപ്ടൗണ്‍ സംഘടിപ്പിച്ച തൂഫാന്‍ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി കൊച്ചിയിൽ ഉദ്ഘാടനം ചെയ്തു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
ലഹരി വ്യാപനം ആഗോള വെല്ലുവിളി; പ്രതിരോധത്തിന് ജനപങ്കാളിത്തം അനിവാര്യമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
കൊച്ചി: മയക്കുമരുന്ന് കേരളത്തിന്റെ മാത്രം പ്രശ്‌നമല്ലെന്നും, പണവും തീവ്രവാദവും അന്തര്‍ദേശീയ കുറ്റകൃത്യങ്ങളും ബന്ധിപ്പിക്കുന്ന ആഗോള വെല്ലുവിളിയാണെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. കൊച്ചിന്‍ റോട്ടറി അപ്ടൗണ്‍ സംഘടിപ്പിച്ച 'തൂഫാന്‍' ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി കൊച്ചിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് മയക്കുമരുന്ന് മാഫിയകള്‍ പ്രവര്‍ത്തിക്കുന്നത്. ആദ്യം ഉപയോക്താക്കളാക്കി മാറ്റിയ ശേഷം പിന്നീട് അവരെത്തന്നെ വിതരണക്കാരാക്കുന്ന അപകടകരമായ രീതിയാണ് ഇവർ പിന്തുടരുന്നത്. അതിനാല്‍ പൊലീസ് നടപടികള്‍ മാത്രം പോരെന്നും, കുടുംബങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതുസമൂഹവും ഒറ്റക്കെട്ടായി ഇതിനെതിരെ രംഗത്തുവരണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
'തൂഫാന്‍ കെയര്‍' പദ്ധതിയിലൂടെ ലഹരിക്കടിമകളായവരെ ചികിത്സയിലേക്കും പുനരധിവാസത്തിലേക്കും എത്തിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് അദ്ദേഹം അറിയിച്ചു. ഇതിനായി 35 സ്വകാര്യ ആശുപത്രികള്‍ സഹകരിക്കാന്‍ മുന്നോട്ടുവന്നിട്ടുണ്ട്. കൃത്യമായ കൗണ്‍സലിങ്ങും മാനസികാരോഗ്യ ചികിത്സയും നല്‍കി ഇവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനുള്ള വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മാതാപിതാക്കളും മക്കളും തമ്മിലുള്ള ആശയവിനിമയക്കുറവ് ലഹരിവ്യാപനത്തിന് ആക്കം കൂട്ടുന്നുണ്ടെന്നും, മക്കളോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ മാതാപിതാക്കള്‍ തയ്യാറാകണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
മയക്കുമരുന്ന് കടത്ത് തടയാന്‍ കേരളത്തിന് ഒറ്റയ്ക്ക് സാധിക്കില്ലെന്നും, തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെയും വിവിധ കേന്ദ്ര ഏജന്‍സികളുടെയും ഏകോപിത പ്രവര്‍ത്തനം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലഹരി മാഫിയയെ പൂര്‍ണമായും തുടച്ചുനീക്കുന്നതുവരെ ശക്തമായ പോരാട്ടം തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
കൊച്ചിന്‍ റോട്ടറി അപ്ടൗണ്‍ സംഘടിപ്പിച്ച ചടങ്ങില്‍ റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജോഷി ചാക്കോ അധ്യക്ഷത വഹിച്ചു. ടി.ജെ. വിനോദ് എം.എല്‍.എ., കൊച്ചി മേയര്‍ അഡ്വ. വി.കെ. മിനിമോള്‍, സിറ്റി പൊലീസ് കമ്മിഷണര്‍ കാളിരാജ് മഹേഷ് കുമാര്‍, റോട്ടറി ഭാരവാഹികളായ കെ.ബി. ജോസ്, വിഷ്ണു പിള്ള തുടങ്ങിയവര്‍ ചടങ്ങിൽ സംബന്ധിച്ചു.