മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചത് കഴിഞ്ഞ സർക്കാരിന്റെ വീഴ്ച മൂലം പ്രത്യേക അപേക്ഷ നൽകിയാൽ പരിഗണിക്കാമെന്ന് സുരേഷ് ഗോപി

കഴിഞ്ഞ സർക്കാരിന്റെ വീഴ്ച മൂലം വെട്ടിക്കുറച്ച കേരളത്തിന്റെ മണ്ണെണ്ണ വിഹിതം പുനഃസ്ഥാപിക്കാനാവില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം. മന്ത്രി അനൂപ് ജേക്കബ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുമായി നടത്തിയ ചർച്ചയിൽ, പ്രത്യേക അപേക്ഷ നൽകിയാൽ ഒറ്റത്തവണ അധിക വിഹിതം പരിഗണിക്കാമെന്ന് കേന്ദ്രം ഉറപ്പുനൽകി.

മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചത് കഴിഞ്ഞ സർക്കാരിന്റെ വീഴ്ച മൂലം പ്രത്യേക അപേക്ഷ നൽകിയാൽ പരിഗണിക്കാമെന്ന് സുരേഷ് ഗോപി
ഡൽഹിയിലെ കർത്തവ്യഭവനിൽ കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിയുമായി സംസ്ഥാന ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് ചർച്ച നടത്തുന്നു.
മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചത് കഴിഞ്ഞ സർക്കാരിന്റെ വീഴ്ച മൂലം പ്രത്യേക അപേക്ഷ നൽകിയാൽ പരിഗണിക്കാമെന്ന് സുരേഷ് ഗോപി

​കേരളത്തിന്റെ മണ്ണെണ്ണ വിഹിതം പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്രം; പ്രത്യേക അപേക്ഷയിൽ ഒറ്റത്തവണ അധിക വിഹിതം പരിഗണിക്കും

​ന്യൂഡൽഹി: കേരളത്തിന് വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിതം പുനഃസ്ഥാപിക്കാനാവില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. 2025-ലും 2026 മാർച്ചിലും അനുവദിച്ച 4,068 കിലോലിറ്റർ മണ്ണെണ്ണ പൂർണമായും കേരളം ഏറ്റെടുക്കാത്തതാണ് വിഹിതം വെട്ടിക്കുറയ്ക്കാൻ കാരണമെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിയുമായി സംസ്ഥാന ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് ഡൽഹിയിലെ കർത്തവ്യഭവനിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്.

​അനുവദിച്ച മുഴുവൻ മണ്ണെണ്ണയും ഏറ്റെടുക്കാതിരുന്നതിന്റെ കാരണം മുൻ സംസ്ഥാന സർക്കാർ മന്ത്രാലയത്തെ അറിയിച്ചിരുന്നില്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. ഇതേത്തുടർന്ന് 2026 ഏപ്രിൽ മുതൽ കേരളത്തിന്റെ ത്രൈമാസ മണ്ണെണ്ണ വിഹിതം 5,676 കിലോലിറ്ററിൽനിന്ന് 4,068 കിലോലിറ്ററായി കേന്ദ്രം കുറയ്ക്കുകയും, 2025-26 മുതൽ സബ്‌സിഡിയില്ലാത്ത വിഭാഗങ്ങൾക്കുള്ള വിഹിതം നിർത്തലാക്കുകയും ചെയ്തിരുന്നു.

​വെട്ടിക്കുറച്ച വിഹിതം പുനഃസ്ഥാപിക്കാൻ കഴിയില്ലെന്ന നിലപാടിൽ കേന്ദ്രം ഉറച്ചുനിന്നെങ്കിലും, മന്ത്രി അനൂപ് ജേക്കബിന്റെ അഭ്യർഥനയെത്തുടർന്ന് പ്രത്യേക അപേക്ഷയുടെ അടിസ്ഥാനത്തിൽ ഒറ്റത്തവണ അധിക വിഹിതം അനുവദിക്കാനുള്ള സാധ്യത കേന്ദ്രം തുറന്നിട്ടു. പ്രത്യേക സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാനം വീണ്ടും അപേക്ഷ സമർപ്പിച്ചാൽ ഇക്കാര്യം പരിഗണിക്കാമെന്ന് കേന്ദ്രം ഉറപ്പുനൽകിയിട്ടുണ്ട്.

​സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ, കുടിയേറ്റ തൊഴിലാളികൾ, മറ്റ് ദുർബല വിഭാഗങ്ങൾ എന്നിവരുടെ ആവശ്യങ്ങൾ പരിഗണിച്ച് ഒരു പാദത്തിൽ 5,496 കിലോലിറ്റർ അധിക മണ്ണെണ്ണ വിഹിതമാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിലെ വിഹിതം ഉപയോഗിച്ച് ഏകദേശം 95.5 ലക്ഷം റേഷൻ കാർഡ് ഉടമകൾക്ക് ഓരോ പാദത്തിലും അര ലിറ്റർ മണ്ണെണ്ണയാണ് വിതരണം ചെയ്യുന്നത്. ഇത് ഒരു ലിറ്ററായി ഉയർത്തുകയാണ് സംസ്ഥാനത്തിന്റെ ലക്ഷ്യം. ഇതിനായി പ്രത്യേക സാഹചര്യം വിശദീകരിച്ചുള്ള അപേക്ഷ കേരളം ഉടൻ കേന്ദ്രത്തിന് സമർപ്പിക്കും.

​കൂടിക്കാഴ്ചയിൽ കേന്ദ്ര പെട്രോളിയം സെക്രട്ടറി ഡോ. നീരജ് മിത്തൽ, ഫിഷറീസ് സെക്രട്ടറി ഡോ. അഭിലക്ഷ് ലിഥി, സംസ്ഥാന ഭക്ഷ്യ-പൊതുവിതരണ സെക്രട്ടറി ഡി. ബാലമുരളി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.