ഓണം റേഷൻ അരി വിലകൂട്ടിയെന്ന പ്രചാരണം വ്യാജം അളവിലും വിലയിലും മാറ്റമില്ലെന്ന് ഭക്ഷ്യവകുപ്പ്

ഓണക്കാലത്ത് റേഷൻ അരിയുടെ വില വർധിപ്പിച്ചു എന്ന പ്രചാരണം വ്യാജമാണെന്ന് ഭക്ഷ്യവകുപ്പ്. എല്ലാ കാർഡുടമകൾക്കുമുള്ള ഓണക്കാല റേഷൻ വിഹിതം, വില, OMSS അരി വിതരണം എന്നിവയെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ വായിക്കാം.

ഓണം റേഷൻ അരി വിലകൂട്ടിയെന്ന പ്രചാരണം വ്യാജം അളവിലും വിലയിലും മാറ്റമില്ലെന്ന് ഭക്ഷ്യവകുപ്പ്
ഓണം റേഷൻ അരി വിലകൂട്ടിയെന്ന പ്രചാരണം വ്യാജം; അളവിലും വിലയിലും മാറ്റമില്ലെന്ന് ഭക്ഷ്യവകുപ്പ്

റേഷൻ അരിയുടെ അളവിലും വിലയിലും മാറ്റമില്ല; പ്രചരിക്കുന്നത് വ്യാജവാർത്തയെന്ന് ഭക്ഷ്യവകുപ്പ്

തിരുവനന്തപുരം: ഓണക്കാലത്ത് റേഷൻ അരിയുടെ വില വർധിപ്പിച്ചെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും അവാസ്തവമാണെന്ന് സംസ്ഥാന ഭക്ഷ്യവകുപ്പ് അറിയിച്ചു. സാധാരണ നൽകുന്ന റേഷൻ അരിവിഹിതം കുറയ്ക്കുകയോ വില കൂട്ടുകയോ ചെയ്തിട്ടില്ല. നിലവിൽ സൗജന്യമായും കുറഞ്ഞ നിരക്കിലും ലഭിക്കുന്ന വിഹിതത്തിന് പുറമെ കൂടുതൽ അരി ആവശ്യമുള്ളവർക്ക് നൽകാനാണ് OMSS (Open Market Sale Scheme) വഴി അധിക അരി ലഭ്യമാക്കുന്നത്.

​കേന്ദ്രസർക്കാരിന്റെ 'ടൈഡ് ഓവർ' അരിവിഹിതത്തിൽ കുറവുണ്ടായതാണ് ഉത്സവകാലത്തെ സ്പെഷ്യൽ അരി വിതരണത്തെ ബാധിച്ചതെന്നും ഇതിന് കാരണം മുൻ സർക്കാരിന്റെ തീരുമാനങ്ങളാണെന്നും ഭക്ഷ്യവകുപ്പ് വ്യക്തമാക്കി. ടൈഡ് ഓവർ വിഹിതത്തിൽ വന്നിട്ടുള്ള ക്ഷാമം പരിഹരിക്കാനാണ് നീല, വെള്ള, തവിട്ട് കാർഡുടമകൾക്ക് സാധാരണ വിഹിതത്തിന് പുറമെ 26 രൂപ നിരക്കിൽ ഉയർന്ന തുകയ്ക്ക് വാങ്ങിയ OMSS അരി ലഭ്യമാക്കുന്നത്.

​ഓണക്കാലത്ത് വിപണിയിലെ അരിവില നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ ആഗസ്റ്റ് മാസത്തിൽ 1,65,932 മെട്രിക് ടൺ അരിയും 24,506 മെട്രിക് ടൺ ഗോതമ്പും പൊതുവിതരണ ശൃംഖല വഴി വിതരണത്തിനെത്തിച്ചിട്ടുണ്ട്.

​ഈ വർഷത്തെ ഓണം റേഷൻ വിഹിതം താഴെ പറയുന്ന രീതിയിലാണ്:

​മഞ്ഞ കാർഡ് (AAY): മുൻ വർഷത്തെപ്പോലെ തന്നെ 30 കിലോ അരിയും 5 കിലോ വരെ ഗോതമ്പും (അല്ലെങ്കിൽ കിലോയ്ക്ക് 7 രൂപ നിരക്കിൽ 3 കിലോ ആട്ട) ഒപ്പം സൗജന്യ ഓണക്കിറ്റും ലഭിക്കും. അളവിലോ ലഭ്യതയിലോ മാറ്റമില്ല.

​പിങ്ക് കാർഡ് (PHH): ഒരംഗത്തിന് 4 കിലോ അരിയും 1 കിലോ ഗോതമ്പും (അല്ലെങ്കിൽ കിലോയ്ക്ക് 9 രൂപ നിരക്കിൽ 4 കിലോ വരെ ആട്ട) ലഭിക്കും. ടൈഡ് ഓവർ വിഹിതത്തിലെ കുറവ് കാരണം കഴിഞ്ഞ വർഷം നൽകിയ 10.90 രൂപയുടെ 5 കിലോ സ്പെഷ്യൽ അരി നൽകാനാവില്ല. പകരം ഒരു കുടുംബത്തിന് 3 കിലോ OMSS അരി കിലോയ്ക്ക് 26 രൂപ നിരക്കിൽ ലഭ്യമാക്കും.

​നീല കാർഡ് (NPS): ആളൊന്നിന് 2 കിലോ അരി (കിലോയ്ക്ക് 4 രൂപ) ലഭിക്കും. കൂടാതെ സ്പെഷ്യൽ വിഹിതമായി ഒരു കുടുംബത്തിന് 3 കിലോ അരി (കിലോയ്ക്ക് 10.90 രൂപ), 2 കിലോ ഗോതമ്പ് (കിലോയ്ക്ക് 8.70 രൂപ), 4 കിലോ വരെ ആട്ട (കിലോയ്ക്ക് 17 രൂപ) എന്നിവയ്ക്ക് പുറമെ കുടുംബമൊന്നിന് 10 കിലോ OMSS അരി കിലോയ്ക്ക് 26 രൂപ നിരക്കിലും നൽകും.

​വെള്ള കാർഡ് (NPNS): 10.90 രൂപ നിരക്കിൽ 7 കിലോ അരിയും 8.70 രൂപ നിരക്കിൽ സ്പെഷ്യൽ വിഹിതമായി 2 കിലോ ഗോതമ്പും 17 രൂപ നിരക്കിൽ 4 കിലോ വരെ ആട്ടയും നൽകും. ഇതിന് പുറമെ ഒരു കുടുംബത്തിന് 10 കിലോ OMSS അരി കിലോയ്ക്ക് 26 രൂപ നിരക്കിൽ ലഭ്യമാക്കും.

​തവിട്ട് കാർഡ് (ക്ഷേമ സ്ഥാപനങ്ങൾ): 2 കിലോ അരി (കിലോയ്ക്ക് 10.90 രൂപ), 2 കിലോ ഗോതമ്പ് (കിലോയ്ക്ക് 8.70 രൂപ), 1 കിലോ ആട്ട (17 രൂപ) എന്നിവ നൽകും. കൂടാതെ കാർഡൊന്നിന് 10 കിലോ OMSS അരി 26 രൂപ നിരക്കിലും ലഭ്യമാക്കും.