അട്ടപ്പാടിയുടെ ഗോത്ര സുഗന്ധം ഡൽഹിയിലും അന്താരാഷ്ട്ര വ്യാപാരമേളയിൽ താരമായി കേരള സ്റ്റാൾ

45 ാമത് ഇന്ത്യ അന്താരാഷ്ട്ര വ്യാപാരമേളയിലെ കേരള പവലിയനിൽ അട്ടപ്പാടിയിലെ ഗോത്ര വിഭാഗങ്ങളുടെ തനത് ജൈവ ഉത്പന്നങ്ങൾ വിപണനത്തിനെത്തി. ജിയോ ടാഗിങ് സാങ്കേതികവിദ്യയോടെ എത്തുന്ന ഉത്പന്നങ്ങൾക്ക് മികച്ച സ്വീകാര്യത.

അട്ടപ്പാടിയുടെ ഗോത്ര സുഗന്ധം ഡൽഹിയിലും അന്താരാഷ്ട്ര വ്യാപാരമേളയിൽ താരമായി കേരള സ്റ്റാൾ
45ാ-മത് ഇന്ത്യ അന്താരാഷ്ട്ര വ്യാപാരമേളയിലെ കേരള പവലിയനിലെ പട്ടികവർഗ വികസന വകുപ്പിൻ്റെ സ്റ്റാളിൻ്റെ ആകർഷണം. അട്ടപ്പാടി കോ-ഓപ്പറേറ്റീവ് ഫാമിങ്ങ് സൊസൈറ്റി (എസിഎഫ്എസ്) യുടെ വിവിധ ഉത്പന്നങ്ങൾ സ്റ്റാളിൽ ലഭ്യമാണ്
അട്ടപ്പാടിയുടെ ഗോത്ര സുഗന്ധം ഡൽഹിയിലും അന്താരാഷ്ട്ര വ്യാപാരമേളയിൽ താരമായി കേരള സ്റ്റാൾ
അട്ടപ്പാടിയുടെ ഗോത്ര സുഗന്ധം ഡൽഹിയിലും അന്താരാഷ്ട്ര വ്യാപാരമേളയിൽ താരമായി കേരള സ്റ്റാൾ

അട്ടപ്പാടിയുടെ ഗോത്ര സുഗന്ധം അന്താരാഷ്ട്ര വ്യാപാരമേളയിൽ ശ്രദ്ധേയമായി കേരള പവലിയൻ സ്റ്റാൾ

ന്യൂഡൽഹി: നൂറ്റാണ്ടുകളുടെ ഗോത്ര കാർഷിക പാരമ്പര്യത്തിൽ വിളയുന്ന അട്ടപ്പാടിയുടെ തനത് ജൈവ ഉത്പന്നങ്ങൾ പരിചയപ്പെടാനും വാങ്ങാനും അവസരമൊരുക്കി 45-ാമത് ഇന്ത്യ അന്താരാഷ്ട്ര വ്യാപാരമേളയിലെ കേരള പവലിയൻ. പട്ടികവർഗ വികസന വകുപ്പിന്റെ സ്റ്റാളിലാണ് അട്ടപ്പാടിയുടെ തനത് സുഗന്ധവ്യഞ്ജനങ്ങളും ജൈവ ഉത്പന്നങ്ങളും പ്രദർശിപ്പിച്ചിരിക്കുന്നത്.

​അട്ടപ്പാടി കോ-ഓപ്പറേറ്റീവ് ഫാമിങ്ങ് സൊസൈറ്റിയുടെ (എസിഎഫ്എസ്) നേതൃത്വത്തിലാണ് ഉത്പന്നങ്ങൾ മേളയിലെത്തിച്ചിട്ടുള്ളത്. ഏലം, കുരുമുളക്, കാപ്പി, ഗ്രാമ്പൂ തുടങ്ങിയവയ്ക്ക് ഉത്തരേന്ത്യയിലെ തണുപ്പുകാലത്ത് മികച്ച വിപണിയാണ് ലഭിക്കുന്നത്. ഇതിനുപുറമെ മഞ്ഞൾ, കുടമ്പുളി, റാഗി, ചാമ എന്നിവയും വനത്തിൽനിന്ന് നേരിട്ട് ശേഖരിക്കുന്ന തേനും കുന്തിരിക്കവും 'അട്ടപ്പാടി' എന്ന ബ്രാൻഡിൽ സ്റ്റാളിൽ ലഭ്യമാണ്. മുൻവർഷങ്ങളിൽ മേളയിൽ നിന്ന് ഉത്പന്നങ്ങൾ വാങ്ങിയവരും പിന്നീട് ഓൺലൈൻ വഴി പതിവായി ഇവ വാങ്ങുന്നവരുമായ നിരവധി പേരാണ് സ്റ്റാളിലെത്തുന്നത്.

​ജിയോ-ടാഗിങ്ങിലൂടെ നൂറുശതമാനം സുതാര്യത

​ഗോത്ര പാരമ്പര്യവും അത്യാധുനിക ജിയോ-ടാഗിങ് സാങ്കേതികവിദ്യയും സമന്വയിപ്പിച്ചാണ് സൊസൈറ്റി ഈ ഉത്പന്നങ്ങളെ ആഗോള വിപണിയിലേക്ക് എത്തിക്കുന്നത്. 1975-ൽ സ്ഥാപിതമായ സൊസൈറ്റി ഇന്ന് ഇരുള, മുഡുക, കുറുമ്പ വിഭാഗങ്ങളിൽപ്പെട്ട 420-ലധികം ആദിവാസി കുടുംബങ്ങളുടെ അതിജീവനത്തിന്റെ നെടുംതൂണാണ്.

​ഓരോ കൃഷിയിടവും ഡിജിറ്റലായി മാപ്പ് ചെയ്ത് ജിയോ-ടാഗ് ചെയ്യുന്നതിലൂടെ, ഉപഭോക്താക്കൾക്ക് തങ്ങൾ വാങ്ങുന്ന ഉത്പന്നം അട്ടപ്പാടിയുടെ ഏതു ഭാഗത്തുനിന്നാണ് വരുന്നതെന്ന് കൃത്യമായി തിരിച്ചറിയാൻ സാധിക്കും. വിതരണ ശൃംഖലയിൽ പൂർണ്ണ സുതാര്യത ഉറപ്പാക്കുന്ന ഈ സംവിധാനം ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാനും ഗോത്രജനതയ്ക്ക് ന്യായവില ഉറപ്പാക്കാനും സഹായിക്കുന്നുണ്ട്.

​മേളയുടെ ഇത്തവണത്തെ പ്രമേയമായ 'വികസനവും പൈതൃകവും' എന്ന ആശയത്തോട് പൂർണമായി ചേർന്നുനിൽക്കുന്നതാണ് അട്ടപ്പാടി സ്റ്റാളിന്റെ പ്രവർത്തനം. സംസ്ഥാന സർക്കാരിന്റെയും പട്ടികവർഗ വികസന വകുപ്പിന്റെയും ശക്തമായ പിന്തുണയോടെ മികച്ചൊരു കാർഷിക വിപണന മാതൃകയായി മാറുകയാണ് അട്ടപ്പാടി ഫാമിങ്ങ് സൊസൈറ്റി.