ഹോർട്ടികോർപിന്റെ സവാള വിൽപ്പനയ്ക്ക് തുടക്കം കിലോയ്ക്ക് 35 രൂപ
ഉള്ളി വില നിയന്ത്രിക്കുന്നതിനായി കണ്ണൂരിൽ ഹോർട്ടികോർപ് വഴി കിലോയ്ക്ക് 35 രൂപ നിരക്കിൽ സവാള വിൽപ്പന ആരംഭിച്ചു. എം.എൽ.എ അഡ്വ. ടി. ഒ. മോഹനൻ മൊബൈൽ വാഹന യൂണിറ്റ് ഉദ്ഘാടനം ചെയ്തു.
കണ്ണൂരിൽ ഹോർട്ടികോർപിന്റെ സവാള വിൽപ്പനയ്ക്ക് തുടക്കം; കിലോയ്ക്ക് 35 രൂപ
കണ്ണൂർ: വിപണിയിൽ അനിയന്ത്രിതമായി ഉയർന്ന സവാള വില നിയന്ത്രിക്കുന്നതിനായി സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ ഹോർട്ടികോർപ് വഴിയുള്ള സവാള വിൽപ്പനയ്ക്ക് കണ്ണൂരിൽ തുടക്കമായി. സവാള വിതരണത്തിനായുള്ള മൊബൈൽ വാഹന യൂണിറ്റിന്റെ ഉദ്ഘാടനം കളക്ടറേറ്റ് അങ്കണത്തിൽ അഡ്വ. ടി. ഒ. മോഹനൻ എം.എൽ.എ നിർവ്വഹിച്ചു.
'കരയിക്കുന്ന ഉള്ളി വില; കണ്ണുതുടയ്ക്കാൻ സർക്കാർ' എന്ന സന്ദേശ മുൻനിർത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. നാഷണൽ കോ ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (NCCF) വഴി സംഭരിച്ച സവാളയാണ് ഹോർട്ടികോർപ് വിപണിയിലെത്തിച്ചിട്ടുള്ളത്. പൊതുജനങ്ങൾക്ക് കിലോയ്ക്ക് 35 രൂപ നിരക്കിൽ സവാള ലഭ്യമാകും.
ആദ്യഘട്ടമായി പത്ത് ക്വിന്റൽ സവാളയാണ് കണ്ണൂരിൽ വിപണനത്തിനെത്തിച്ചിരിക്കുന്നത്. ചടങ്ങിൽ ഹോർട്ടികോർപ് ഉത്തര മേഖലാ റീജിയണൽ മാനേജർ സി. വി. ജിദേഷ്, ജില്ലാ മാനേജർ കെ. വി. ഷീന എന്നിവർ പങ്കെടുത്തു.