ആൺകുട്ടികൾക്കും മുടി വളർത്താം വിദ്യാലയങ്ങളിൽ വിവേചനം പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ
Description: ആൺകുട്ടികൾക്കും ലിംഗനിർണയം നടത്താത്ത കുട്ടികൾക്കും ഇഷ്ടാനുസരണം മുടി വളർത്താൻ സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവിട്ടു
ആൺകുട്ടികൾക്കും ഇനി മുടി വളർത്താം സ്കൂളുകളിൽ വിവേചനം പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം: ആൺകുട്ടികൾക്കും ലിംഗനിർണയം നടത്താത്ത കുട്ടികൾക്കും അവരുടെ താത്പര്യപ്രകാരം തലമുടി വളർത്തുന്നതിന് പൂർണ സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ. മുടിയുടെ നീളത്തിന്റെയോ രൂപത്തിന്റെയോ പേരിൽ ആൺകുട്ടികളെയും ട്രാൻസ്ജെൻഡർ കുട്ടികളെയും മാനസികമായി ബുദ്ധിമുട്ടിക്കാനോ, ക്ലാസിൽ നിന്ന് മാറ്റിനിർത്താനോ, മറ്റ് വിവേചനപരമായ ശിക്ഷാനടപടികൾക്ക് വിധേയമാക്കാനോ പാടില്ലെന്ന് കമ്മീഷൻ അംഗം പി. ഷാജേഷ് ഭാസ്കർ ഉത്തരവിട്ടു.
വിദ്യാർഥികളുടെ ബാഹ്യരൂപത്തേക്കാൾ ഉപരി അവരുടെ പഠനപുരോഗതിക്കും വ്യക്തിത്വവികാസത്തിനുമാണ് വിദ്യാലയങ്ങൾ മുൻഗണന നൽകേണ്ടതെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
പ്രധാന നിർദേശങ്ങൾ:
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: കണ്ണ്, മുഖം എന്നിവ മറയാത്ത രീതിയിലും വൃത്തിയായും സുരക്ഷിതമായും മുടി സംരക്ഷിക്കാൻ കുട്ടികൾക്ക് ഉത്തരവാദിത്തമുണ്ട്.
ലാബ്, കായിക പരിശീലനങ്ങൾ: ലബോറട്ടറി പ്രവർത്തനങ്ങൾ, പ്രാക്ടിക്കൽ ക്ലാസുകൾ, കായിക മത്സരങ്ങൾ എന്നിവയിൽ പങ്കെടുക്കുമ്പോൾ സുരക്ഷ മുൻനിർത്തി മുടി കെട്ടിവെക്കുകയോ ഹെയർ ബാൻഡ് ഉപയോഗിച്ച് ഒതുക്കിവെക്കുകയോ വേണം.
ഡ്രസ് കോഡ് സ്വാതന്ത്ര്യം: ലിംഗനിർണയം നടത്തിയിട്ടില്ലാത്ത കുട്ടികൾക്ക് അവരുടെ താത്പര്യത്തിനനുസരിച്ച് മുടി പരിപാലിക്കുന്നതിനും ഡ്രസ് കോഡ് തിരഞ്ഞെടുക്കുന്നതിനും പൂർണ അവകാശമുണ്ട്.
രാസവസ്തുക്കളുടെ ഉപയോഗം: മുടിയിൽ ആരോഗ്യത്തിന് ഹാനികരമാകുന്ന തരത്തിലുള്ള കളറുകളോ രാസവസ്തുക്കളോ ഉപയോഗിക്കുന്നത് ഗുണകരമല്ലെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി.
രണ്ട് ഹർജികളിൽ സംയുക്ത തീരുമാനം
തലമുടി നീട്ടി വളർത്തുന്ന ആൺകുട്ടികളെ കുറ്റവാളികളെപ്പോലെയാണ് സ്കൂൾ അധികൃതർ സമീപിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി രാമനാട്ടുകര സ്വദേശി ഇന്ദു മേനോൻ നൽകിയ ഹർജിയിലാണ് ഈ നടപടി. കൂടാതെ, പതിനൊന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടി മുടി വെട്ടാൻ തയാറാകാത്ത സാഹചര്യത്തിൽ വ്യക്തമായ മാർഗനിർദേശം ആവശ്യപ്പെട്ട് കോട്ടക്കൽ സേക്രഡ് ഹാർട്ട് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പലും ഹർജി സമർപ്പിച്ചിരുന്നു. ഈ രണ്ട് ഹർജികളും പരിഗണിച്ചാണ് കമ്മീഷന്റെ ഉത്തരവ്.
കുട്ടികളുടെ ഭാഗം കേട്ട ശേഷം മുടി വളർത്തുന്നതുമായി ബന്ധപ്പെട്ട കൃത്യമായ മാർഗനിർദേശങ്ങൾ വിദ്യാലയങ്ങൾക്ക് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പിനോടും സി.ബി.എസ്.ഇയോടും കമ്മീഷൻ ആവശ്യപ്പെട്ടു. നിർദേശത്തിന്മേൽ കൈക്കൊണ്ട നടപടികൾ സംബന്ധിച്ച് 45 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും ബന്ധപ്പെട്ട അധികൃതർക്ക് കമ്മീഷൻ നിർദേശം നൽകി.
ആൺകുട്ടികൾക്കും മുടി വളർത്താം വിദ്യാലയങ്ങളിൽ വിവേചനം പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ
ശുചിത്വ മാനദണ്ഡം പാലിച്ചില്ല 3 ഭക്ഷ്യ വിതരണ സ്ഥാപനങ്ങൾ അടപ്പിച്ചു 84 കടകൾക്ക് നോട്ടീസ്
കട്ടപ്പനയിലെ തിയേറ്ററുകളിൽ മിന്നൽ പരിശോധനഭക്ഷണത്തിന് അമിതവില കേസെടുത്തു
യുവാവിനെ തലകീഴായി നിലത്തടിച്ച് കൊലപ്പെടുത്തി സിപിഎം അംഗം ഉൾപ്പെടെ 6 പേർ അറസ്റ്റിൽ
വയനാട്ടിൽ റിയൽ ടൈം കമാൻഡ് സെന്റർ വരുന്നു വന്യമൃഗ ആക്രമണ ഇരകൾക്ക് പെൻഷൻ മന്ത്രി ഷിബു ബേബി ജോൺ
കൃഷിനാശത്തിന് ശേഷമല്ല, പ്രതിരോധത്തിനാണ് ധനസഹായം വേണ്ടത് ദക്ഷിണേന്ത്യൻ കാർഷിക സമ്മേളനത്തിൽ മന്ത്രി ടി. സിദ്ദിഖ്