താമരശ്ശേരി ചുരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം വലിയ വാഹനങ്ങള്‍ക്ക് വിലക്ക്

വയനാട്ടിലെ അതിതീവ്ര മഴയെ തുടര്‍ന്നു താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഹെവി വാഹനങ്ങളും ടൂറിസ്റ്റ് വാഹനങ്ങളും കടന്നുപോകുന്നതിന് നിരോധനം.

താമരശ്ശേരി ചുരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം വലിയ വാഹനങ്ങള്‍ക്ക് വിലക്ക്
താമരശ്ശേരി ചുരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം; വലിയ വാഹനങ്ങള്‍ക്ക് വിലക്ക്

താമരശ്ശേരി ചുരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം; വലിയ വാഹനങ്ങള്‍ക്ക് വിലക്ക്

കോഴിക്കോട്: വയനാട് ജില്ലയിലെ ലക്കിടി, വൈത്തിരി മേഖലകളില്‍ അതിതീവ്ര മഴ രേഖപ്പെടുത്തിയ സാഹചര്യത്തില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, പാറകള്‍ അടര്‍ന്നുവീഴല്‍ എന്നിവക്കുള്ള സാധ്യത കണക്കിലെടുത്ത് താമരശ്ശേരി ചുരം വഴിയുള്ള വാഹന ഗതാഗതത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. കോഴിക്കോട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണും ജില്ലാ കലക്ടറുമായ എം.എസ് മാധവിക്കുട്ടിയാണ് ഉത്തരവിറക്കിയത്.

​താമരശ്ശേരി ചുരം വഴി ഹെവി വാഹനങ്ങള്‍, മള്‍ട്ടി ആക്‌സില്‍ ലോറികള്‍, ട്രെയിലറുകള്‍, ഭാരവാഹനങ്ങള്‍ എന്നിവയുടെ ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചു. ഇത്തരം വാഹനങ്ങള്‍ കുറ്റ്യാടി ചുരം അല്ലെങ്കില്‍ നാടുകാണി ചുരം വഴി പോകേണ്ടതാണ്. വിനോദസഞ്ചാര വാഹനങ്ങള്‍, അത്യാവശ്യമല്ലാത്ത സ്വകാര്യ വാഹനങ്ങള്‍ എന്നിവയ്ക്ക് താമരശ്ശേരി ചുരം വഴി വയനാട്ടിലേക്കുള്ള പ്രവേശനവും താല്‍ക്കാലികമായി വിലക്കിയിട്ടുണ്ട്.

​അതേസമയം, കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള പൊതുഗതാഗത വാഹനങ്ങള്‍, ആംബുലന്‍സുകള്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ്, സിവില്‍ ഡിഫന്‍സ്, പൊലീസ് വാഹനങ്ങള്‍, അവശ്യദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിട്ടുള്ള വാഹനങ്ങള്‍ എന്നിവയ്ക്ക് നിയന്ത്രണം ബാധകമല്ല. തുടര്‍ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ നിയന്ത്രണങ്ങള്‍ തുടരും.

​ചുരത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് വാഹനങ്ങള്‍ പരിശോധിച്ച് നിയന്ത്രിക്കുന്നതിനായി അടിവാരം ചെക്ക് പോസ്റ്റില്‍ ആവശ്യമായ പൊലീസ് സേനയെ ഉടന്‍ വിന്യസിക്കാന്‍ കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടുന്നതിനുള്ള സജ്ജീകരണങ്ങള്‍ ശക്തമാക്കാന്‍ താമരശ്ശേരി ചുരത്തില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകളെ നിയോഗിച്ചിട്ടുണ്ട്. മണ്ണും മറ്റ് തടസ്സങ്ങളും നീക്കം ചെയ്യുന്നതിനായി സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ഉപകരണങ്ങളും ജെ.സി.ബി/എക്‌സ്‌കവേറ്ററുകളും ഹെയര്‍പിന്‍ വളവുകളില്‍ സജ്ജമാക്കിയിട്ടുണ്ട്.

​നിലവിലെ പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് കോഴിക്കോട്-വയനാട് ജില്ലകള്‍ക്കിടയിലെ അത്യാവശ്യമല്ലാത്ത യാത്രകള്‍ പൊതുജനങ്ങള്‍ പരമാവധി ഒഴിവാക്കണമെന്ന് കലക്ടര്‍ അഭ്യര്‍ഥിച്ചു. ദുരന്തനിവാരണ നിയമം 2005-ലെ സെക്ഷന്‍ 30, 34 പ്രകാരമാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമം 2005-ലെ സെക്ഷന്‍ 51, മോട്ടോര്‍ വാഹന നിയമം 1988-ലെ വ്യവസ്ഥകള്‍ പ്രകാരം കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.