വയനാട്ടിൽ സ്കൂൾ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ: മന്ത്രി ടി. സിദ്ധിഖ് ആശുപത്രിയിലെത്തി കർശന നിരീക്ഷണത്തിന് അടിയന്തര നിർദ്ദേശം
വയനാട് കോളിയാടി സ്കൂളിൽ ഭക്ഷ്യവിഷബാധയേറ്റ കുട്ടികളെ കൃഷി വകുപ്പ് മന്ത്രി ടി. സിദ്ധിഖ് ആശുപത്രിയിൽ സന്ദർശിച്ചു. ഡിസ്ചാർജ് ചെയ്ത കുട്ടികളെയും മറ്റ് വിദ്യാർത്ഥികളെയും നിരീക്ഷിക്കാൻ അടിയന്തര നിർദ്ദേശം നൽകി.
ഭക്ഷ്യവിഷബാധ: മന്ത്രി ടി. സിദ്ധിഖ് ആശുപത്രിയിലെത്തി കുട്ടികളെ സന്ദർശിച്ചു; നിരീക്ഷണം ശക്തമാക്കാൻ നിർദ്ദേശം
കൽപ്പറ്റ: ഭക്ഷ്യവിഷബാധയെ തുടർന്ന് സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കോളിയാടി മാർ ബസേലിയോസ് എ.യു.പി സ്കൂളിലെ വിദ്യാർത്ഥികളെ കൃഷി വകുപ്പ് മന്ത്രി ടി. സിദ്ധിഖ് സന്ദർശിച്ചു. ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടികളുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയ മന്ത്രി, അവർക്ക് ലഭ്യമാകുന്ന ചികിത്സാ സൗകര്യങ്ങളും ഉറപ്പുവരുത്തി.
ആദ്യം ഡിസ്ചാർജ് ചെയ്ത കുട്ടികളിൽ ചിലർ വീണ്ടും രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ തിരിച്ചെത്തിയ സാഹചര്യം ഗൗരവത്തോടെയാണ് ആരോഗ്യവകുപ്പ് കാണുന്നത്. ഈ പശ്ചാത്തലത്തിൽ, ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യപ്പെടുന്ന മുഴുവൻ കുട്ടികളെയും കൃത്യമായി നിരീക്ഷിക്കാനുള്ള പ്രത്യേക സംവിധാനം ഒരുക്കണമെന്ന് മന്ത്രി ആരോഗ്യവകുപ്പ് അധികൃതർക്ക് കർശന നിർദ്ദേശം നൽകി. നിലവിൽ ആശുപത്രിയിൽ മരുന്നുകളുടെ ലഭ്യത പൂർണ്ണമാണെന്ന് മന്ത്രി ഉറപ്പാക്കിയിട്ടുണ്ട്.
എണ്ണൂറ്റമ്പതോളം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ, ഇതുവരെ ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ കാണിക്കാത്ത വിദ്യാർത്ഥികളെക്കൂടി നിരീക്ഷവലയത്തിലാക്കും. ഇതിനായി ആശാവർക്കർമാർ, ആരോഗ്യ പ്രവർത്തകർ എന്നിവരുൾപ്പെടുന്ന പ്രത്യേക സംഘത്തെ വിന്യസിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ദൂരപ്രദേശങ്ങളിലും ഉയർന്ന മേഖലകളിലും താമസിക്കുന്ന വിദ്യാർത്ഥികൾക്ക് ആവശ്യമെങ്കിൽ ആശുപത്രിയിലെത്താനുള്ള യാത്രാ സൗകര്യങ്ങൾ പൂർത്തിയാക്കാനും മന്ത്രി ആവശ്യപ്പെട്ടു.
ഭക്ഷ്യവിഷബാധയുടെ കൃത്യമായ ഉറവിടം കണ്ടെത്തുന്നതിനായുള്ള പരിശോധനകൾ നടന്നുവരികയാണ്. ഇതിന്റെ ഫലം രണ്ടു ദിവസത്തിനകം ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ മറ്റ് സ്കൂളുകളിലും അടിയന്തരമായി പരിശോധന നടത്താൻ മന്ത്രി നിർദ്ദേശം നൽകി.
മന്ത്രിക്കൊപ്പം ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ.ടി. രേഖ, താലൂക്ക് ആശുപത്രി സൂപ്രണ്ട് തുടങ്ങിയവരും സന്ദർശന സംഘത്തിലുണ്ടായിരുന്നു.

