മൃഗസംരക്ഷണ പദ്ധതികൾ കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആസൂത്രണം ചെയ്യണം കൊച്ചി മേയർ വി.കെ. മിനിമോൾ

മൃഗസംരക്ഷണ മേഖലയിലെ പദ്ധതികൾ കൃത്യമായ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ ആസൂത്രണം ചെയ്യണമെന്നും പൊതുപണം ഫലപ്രദമായി വിനിയോഗിക്കണമെന്നും കൊച്ചി കോർപറേഷൻ മേയർ വി.കെ. മിനിമോൾ പറഞ്ഞു. മൃഗസംരക്ഷണ വകുപ്പിന്റെ സംയോജിത സാമ്പിൾ സർവേ സംസ്ഥാനതല പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയർ.

മൃഗസംരക്ഷണ പദ്ധതികൾ കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആസൂത്രണം ചെയ്യണം കൊച്ചി മേയർ വി.കെ. മിനിമോൾ
മൃഗസംരക്ഷണ വകുപ്പിന്റെ സംയോജിത സാമ്പിൾ സർവേയുടെ (ISS) ബ്രോഷറും റിപ്പോർട്ടും എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ കൊച്ചി കോർപ്പറേഷൻ മേയർ വി.കെ. മിനിമോൾ പ്രകാശനം ചെയ്യുന്നു.

മൃഗസംരക്ഷണ പദ്ധതികൾ കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആസൂത്രണം ചെയ്യണം: മേയർ വി.കെ. മിനിമോൾ

​കൊച്ചി: മൃഗസംരക്ഷണ മേഖലയിലെ വികസന പദ്ധതികൾ കൃത്യമായ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ ആസൂത്രണം ചെയ്യണമെന്നും അനുവദിക്കുന്ന ഫണ്ട് കർഷകർക്ക് നേരിട്ട് പ്രയോജനപ്പെടുന്ന രീതിയിൽ വിനിയോഗിക്കണമെന്നും കൊച്ചി കോർപറേഷൻ മേയർ വി.കെ. മിനിമോൾ പറഞ്ഞു. മൃഗസംരക്ഷണ വകുപ്പിന്റെ സംയോജിത സാമ്പിൾ സർവേയുടെ (ISS) സംസ്ഥാനതല പരിശീലന ക്യാമ്പ് എറണാകുളം ഗവ. ഗസ്റ്റ് ഹൗസ് ബാങ്ക്വറ്റ് ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

​ചടങ്ങിൽ സംയോജിത സാമ്പിൾ സർവേയുടെ റിപ്പോർട്ടും ബ്രോഷറും മേയർ പ്രകാശനം ചെയ്തു.

​തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മൃഗസംരക്ഷണ മേഖലയ്ക്കായി ചെലവഴിക്കുന്ന പദ്ധതി തുകയുടെ ഗുണഫലം കൃത്യമായി വിലയിരുത്താൻ വിവരശേഖരണം അനിവാര്യമാണെന്ന് മേയർ ചൂണ്ടിക്കാട്ടി. മുട്ടക്കോഴി വിതരണം പോലുള്ള പദ്ധതികൾ നടപ്പാക്കുമ്പോൾ അവയുടെ യഥാർഥ പ്രയോജനം എത്രത്തോളമുണ്ടെന്ന് പരിശോധിക്കണം. കൃത്യമായ കണക്കുകളില്ലാതെ പദ്ധതികൾ നടപ്പാക്കുന്നത് പൊതുപണത്തിന്റെ ഫലപ്രദമായ വിനിയോഗത്തിന് തടസ്സമാകും. വിവരശേഖരണത്തിനായി ജിയോ ടാഗിങ് ഉൾപ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തണമെന്നും അവർ കൂട്ടിച്ചേർത്തു.

​പാൽ, മുട്ട, മാംസം എന്നിവയുടെ ഉത്പാദന മേഖലകളിലെ യഥാർഥ സ്ഥിതി മനസ്സിലാക്കാൻ ഇന്റഗ്രേറ്റഡ് സാമ്പിൾ സർവേ സഹായിക്കും. സർവേ പഠന റിപ്പോർട്ടുകൾ സമയബന്ധിതമായി തയ്യാറാക്കേണ്ടതുണ്ട്. കാലതാമസത്തോടെ ലഭിക്കുന്ന കണക്കുകൾക്ക് പ്രായോഗിക പ്രയോജനം കുറവാണെന്നതിനാൽ ഫീൽഡിലെത്തി കൃത്യമായ വിവരങ്ങൾ ശേഖരിക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്നും മേയർ നിർദേശിച്ചു.

​ഉയർന്ന വിദ്യാഭ്യാസം നേടിയ യുവാക്കൾ മൃഗസംരക്ഷണ മേഖലയിലേക്ക് കടന്നുവരുന്നത് പ്രതീക്ഷ നൽകുന്ന കാര്യമാണ്. കർഷകരുടെ ക്ഷേമവും ഉപജീവനമാർഗങ്ങളുടെ സംരക്ഷണവും ലക്ഷ്യമിട്ട് വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പൊതുസമൂഹവും കൂട്ടായി പ്രവർത്തിക്കണമെന്നും മേയർ പറഞ്ഞു.

​ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. എൽദോസ് എ. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജോയിന്റ് ഡയറക്ടർ ഗോപകുമാർ എസ്., ഡെപ്യൂട്ടി ഡയറക്ടർ ഷറഫുദ്ദീൻ സി.എം., മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടർ (സ്റ്റാറ്റിസ്റ്റിക്സ്) കെ. സിൻസിമോൾ ആന്റണി, റിസർച്ച് ഓഫീസർമാരായ ചിന്തു വർഗ്ഗീസ്, ബിനോജ് ജി., റീജ പി.എസ്. തുടങ്ങിയവർ സംസാരിച്ചു.