അനധികൃത ബോർഡ് നീക്കം ചെയ്യൽ ഒറ്റമാസത്തിനിടെ 4.45 ലക്ഷം രൂപ പിഴ ഈടാക്കി

ദേശീയ പാതയോരങ്ങളിൽ നിന്നുള്ള അനധികൃത ബോർഡുകളും ബാനറുകളും നീക്കം ചെയ്യുന്നതിന് സർവ്വകക്ഷി യോഗം വിളിക്കാൻ ജില്ലാതല മോണിറ്ററിങ് സമിതി തീരുമാനിച്ചു. സെപ്റ്റംബർ മാസത്തിൽ 4.45 ലക്ഷം രൂപ പിഴ ഈടാക്കി.

അനധികൃത ബോർഡ് നീക്കം ചെയ്യൽ ഒറ്റമാസത്തിനിടെ 4.45 ലക്ഷം രൂപ പിഴ ഈടാക്കി
Al നിർമ്മിച്ച സാങ്കല്പിക ചിത്രം

അനധികൃത ബോർഡ് നീക്കം ചെയ്യൽ കണ്ണൂരിൽ ഒറ്റമാസത്തിനിടെ 4.45 ലക്ഷം രൂപ പിഴ ഈടാക്കി

കണ്ണൂര്‍:   സംസ്ഥാനത്തെ ദേശീയ പാതയോരങ്ങളിൽ നിന്നും അനധികൃത ബോർഡുകൾ, ബാന റുകൾ, കൊടിതോരണങ്ങൾ എന്നിവ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ജില്ലാ - പ്രാദേശിക തലങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ, യുവജന , സർവ്വീസ്, സാമൂഹ്യ, സാംസ്‌കാരിക സംഘടനകളുടെ യോഗം വിളിച്ച് ചേർക്കാൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ്റെ നേതൃത്വത്തിൽ ചേർന്ന ജില്ലാതല മോണിറ്ററിംഗ് കമ്മറ്റി തീരുമാനിച്ചു. പരസ്യഎജൻസികൾ സ്ഥാപിക്കുന്ന ഹോർഡിംഗുകൾ സംബന്ധിച്ച വിവരങ്ങളും നിലവാരവും പരിശോധിക്കാൻ ജില്ലാ പൊല്യൂഷൻ കൺട്രോൾ ബോർഡ് മേധാവിയെ ചുമതലപ്പെടുത്തി. ജില്ലയിൽ സപ്തംബർ ഒന്നു മുതൽ 29 വരെ ഇക്കാര്യത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപന ങ്ങൾ നടത്തിയ പ്രവർത്തനങ്ങളും യോഗം വിലയിരുത്തി.

ഇക്കാലയളവിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ആകെ 189 ബോർഡ്, ബാനർ മുതലായവ നീക്കം ചെയ്തു. മൊത്തം 4,45,000 രൂപ പിഴ ഈടാക്കി .ഇതുവരെ 9,45,000 രൂപ പിഴ ചുമത്തി നോട്ടീസ് നൽകി. അതിൽ 4,35,000 രൂപയാണ് ഈടാക്കിയത്. മുൻകാലയളവിൽ നീക്കം ചെയ്ത് പിഴചുമത്തി നോട്ടീസ് നൽകിയ ഇനത്തിൽ ഇനത്തിൽ ലഭിച്ച10,000 രൂപ ഉൾപ്പെടെയാണ് 4,45,000 രൂപ ഈടാക്കിയത്.

കണ്ണൂർ കോർപ്പറേഷൻ ആകെ 22 ബോർഡ്, ബാനർ മുതലായവ നീക്കം ചെയ്തു അതിന് 1,60,000 രൂപ പിഴ ചുമത്തി നോട്ടീസ് നൽകുകയും 35,000 രൂപ ഈടാക്കുകയും ചെയ്തു.

മുനിസിപ്പാലിറ്റികളിൽ ആകെ 32 ബോർഡ്, ബാനർ മുതലായവ നീക്കം ചെയ്ത് 2,80,000 രൂപ പിഴ ചുമത്തി നോട്ടീസ് നൽകി. മുൻകാലയളവിൽ ചുമത്തിയ ഇനത്തിൽ 10,000 രൂപ അടക്കം ആകെ 1,75,000 രൂപ ഈടാക്കി. 

ആന്തൂർ മുനിസിപ്പാലിറ്റി 11 എണ്ണം നീക്കം ചെയ്തു. 55,000 രൂപ പിഴ ചുമത്തി ഈടാക്കി. ഇരിട്ടി മുനിസിപ്പാലിറ്റി അഞ്ച് എണ്ണം നീക്കം ചെയ്തു. 25,000 രൂപ പിഴ ചുമത്തി ഈടാക്കി. കൂത്തുപറമ്പ് മുനിസിപ്പാലിറ്റി രണ്ടെണ്ണം നീക്കം ചെയ്തു. 10,000 രൂപ പിഴ ചുമത്തിയെങ്കിലും പിഴത്തുക ഈടാക്കിയില്ല. മട്ടന്നൂർ മുനിസിപ്പാലിറ്റി ഏഴെണ്ണം നീക്കം ചെയ്തു. 35,000 രൂപ പിഴ ഈടാക്കി. പാനൂർ മുനിസിപ്പാലിറ്റി 4 എണ്ണം നീക്കം ചെയ്തു. 20,000 രൂപ പിഴ ചുമത്തിയെങ്കിലും ഈടാക്കിയിട്ടില്ല. പയ്യന്നൂർ മുനിസിപ്പാലിറ്റി 1 എണ്ണം നീക്കം ചെയ്യുകയും 5,000 രൂപ പിഴ ച ഈടാക്കുകയും ചെയ്തു. ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി 9 എണ്ണം നീക്കം ചെയ്തു. 45,000 രൂപ പിഴ ചുമത്തി അതിൽ 40,000 രൂപ ഈടാക്കി. തലശ്ശേരി മുനിസിപ്പാലിറ്റി 10 എണ്ണം നീക്കം ചെയ്തു. 50,000 രൂപ പിഴ ചുമത്തി. അതിൽ 5000 രൂപ ഈടാക്കി. തളിപ്പറമ്പ് മുനിസിപ്പാലിറ്റി ഏഴെണ്ണം നീക്കം ചെയ്തു. 35000 രൂപ പിഴ ചുമത്തിയെങ്കിലും ഈടാക്കിയിട്ടില്ല. 

71 ൽ 40 പഞ്ചായത്തുകളിൽ ആകെ 101 എണ്ണം നീക്കം ചെയ്യുകയും 5,05,000 രൂപ പിഴ ചുമത്തുകയും 235000 രൂപ ഈടാക്കുകയും ചെയ്തു. ആറളം, അഴിക്കോട്, ചപ്പാരപ്പടവ്, ചെമ്പിലോട്, ചിറക്കൽ, എരിവേശ്ശി, ഏഴോം, ഇരിക്കൂർ, കടന്നപ്പള്ളി-പാണപ്പുഴ, കണിച്ചാർ, കരിവെള്ളൂർ-പെരളം, കേളകം, കോളയാട്, കോട്ടയം, കുറുമാത്തൂർ, കുറ്റ്യാട്ടൂർ, മാടായി, മലപ്പട്ടം, മാലൂർ, മാങ്ങാട്ടിടം, മാട്ടൂൽ, മയ്യിൽ, മൊകേരി, മുഴക്കുന്ന്, പന്ന്യന്നൂർ, പെരളശ്ശേരി, രാമന്തളി, തില്ലങ്കരി, ഉദയഗിരി, വളപട്ടണം, വേങ്ങാട് എന്നീ പഞ്ചായത്തുകൾ ഈ കാലയളവിൽ യാതൊരു ബോർഡോ ബാനറോ ഒന്നും നീക്കം ചെയ്തതായി റിപ്പോർട്ട് ചെയ്തില്ല.

തദ്ദേശ സ്ഥാപന തലത്തിൽ ബോർഡുകൾ, ബാനറുകൾ മുതലായവ നീക്കം ചെയ്യുന്നത് സംബന്ധിച്ച കമ്മിറ്റികൾ ഓരോ 15 ദിവസം കൂടുമ്പോഴും യോഗം ചേർന്ന് ബോർഡ്, ബാനർ മുതലായവ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതും ആയത് സംബന്ധിച്ച റിപ്പോർട്ട് ജില്ലാതല മോണിറ്റിങ് സമിതിക്ക് സമർപ്പിക്കുന്നതിനു കൂടി യോഗം നിർദ്ദേശം നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ ബിനോയ് കുര്യൻ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയരക്ടർ പി. എം ധനീഷ്. മറ്റ് കമ്മറ്റിഅംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.