പെരുമ്പാവൂർ അപകടം ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി
പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയിൽ യന്ത്രത്തിൽ കുടുങ്ങി നാലുവയസ്സുകാരൻ മരിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ ഇടപെട്ടു. ജില്ലാ കലക്ടർ, റൂറൽ പോലീസ് മേധാവി എന്നിവരോട് കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടി.
പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിലെ യന്ത്രത്തിൽ കുടുങ്ങി നാലുവയസ്സുകാരൻ മരിച്ച സംഭവം; റിപ്പോർട്ട് തേടി ബാലാവകാശ കമ്മീഷൻ
കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിലെ യന്ത്രത്തിൽ കുടുങ്ങി നാലുവയസ്സുകാരൻ ദാരുണമായി മരിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഇടപെട്ടു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ വിവിധ വകുപ്പ് മേധാവികൾക്ക് കമ്മീഷൻ നിർദ്ദേശം നൽകി.
മുടിക്കൽ വെട്ടിക്കാട്ടുകുന്നിലുള്ള പ്ലൈവുഡ് കമ്പനിയിലാണ് അപകടം നടന്നത്. ഇവിടെ ജോലി ചെയ്യുന്ന പശ്ചിമ ബംഗാൾ സ്വദേശികളായ ദമ്പതികളുടെ നാലുവയസ്സുള്ള മകനാണ് യന്ത്രത്തിൽ കുടുങ്ങി മരണപ്പെട്ടത്.
അപകടത്തിന്റെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലാ കലക്ടർ, എറണാകുളം റൂറൽ പോലീസ് മേധാവി, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് ജില്ലാ മേധാവി, വനിതാ ശിശു വികസന വകുപ്പ് ജില്ലാ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ, പെരുമ്പാവൂർ മുനിസിപ്പൽ സെക്രട്ടറി എന്നിവരോടാണ് കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
വ്യവസായ മേഖലകളിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളുടെ മക്കളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് കർശന നടപടികൾ സ്വീകരിക്കുമെന്നും, ഇതിനായി ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും ബാലാവകാശ സംരക്ഷണ കമ്മീഷൻ വ്യക്തമാക്കി.
ഫാക്ടറി താൽക്കാലികമായി അടച്ചു പൂട്ടാൻ ഉത്തരവിട്ട് ജില്ലാ കളക്ടർ
ഫാക്ടറി താൽക്കാലികമായി അടച്ചുപൂട്ടാൻ ജില്ലാ കളക്ടർ ജി പ്രിയങ്ക ഉത്തരവിറക്കി. മാതാപിതാക്കൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ യന്ത്രത്തിൽ കുട്ടിയുടെ വസ്ത്രം കുരുങ്ങിയാണ് അപകടം സംഭവിച്ചത്.
നവംബർ 24 ന് എം എൽ എയുടെ നേതൃത്വത്തിൽ പെരുമ്പാവൂരിൽ യോഗം ചേരുന്നത് വരെ ഫാക്ടറി പ്രവർത്തിക്കാനോ, തുറക്കാനോ പാടില്ലെന്ന് ജില്ലാകളക്ടർ കർശന നിർദേശം നൽകി. യോഗത്തിൽ പ്ലൈവുഡ് അസോസിയേഷൻ അംഗങ്ങൾ, തൊഴിലാളികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
സംഭവത്തെത്തുടർന്ന് ഡിസ്ട്രിക്ട് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ, ചൈൽഡ് ഡെവലപ്മെന്റ് പ്രോജക്ട് ഓഫീസർ, ഐസിഡിഎസ്, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഉദ്യോഗസ്ഥർ എന്നിവർ ആശുപത്രിയിലും ഫാക്ടറിയിലും പരിശോധന നടത്തി.തൊഴിലാളികളുടെ കൃത്യമായ രജിസ്റ്ററോ രേഖകളോ സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. ജോലിസ്ഥലത്ത് കുട്ടിയുണ്ടായിരുന്നിട്ടും സ്ഥാപനത്തിൽ ക്രഷ് സൗകര്യം ഉണ്ടായിരുന്നില്ല.
ഡിസിപിയു, ഐസിഡിഎസ് എന്നിവരുടെ നേതൃത്വത്തിൽ കുടുംബത്തിന് കൗൺസലിംഗും അടിയന്തര സഹായവും ലഭ്യമാക്കണമെന്നും പ്രദേശത്തെ പ്ലൈവുഡ് യൂണിറ്റുകളിൽ ജോലിസ്ഥലങ്ങളിൽ കുട്ടികൾ ഉണ്ടോയെന്ന് പരിശോധിക്കാനും ജില്ലാ കളക്ടർ നിർദ്ദേശം നൽകി.
കുട്ടിയുടെ മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം പോസ്റ്റ്മോർട്ടത്തിനായി കളമശ്ശേരി ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയതായി ജില്ലാ കളക്ടർ അറിയിച്ചു.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
