ജനങ്ങൾക്ക് നീതി ഉറപ്പാക്കുമെന്ന് മന്ത്രി കെ.എ തുളസി
തിരുവനന്തപുരം തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗ വികസന വകുപ്പുകളുടെ ഫയൽ അദാലത്തിന് തുടക്കമായി. മന്ത്രി കെ.എ തുളസി അധ്യക്ഷത വഹിച്ചു.
തിരുവനന്തപുരം ജില്ലയിൽ പട്ടികജാതി-വർഗ ഫയൽ അദാലത്തിന് തുടക്കമായി
തിരുവനന്തപുരം: പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗ വികസന വകുപ്പുകളുടെ തിരുവനന്തപുരം ജില്ലയിലെ ഫയൽ അദാലത്തിന് തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ തുടക്കമായി. പട്ടികജാതി-പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ.എ തുളസിയുടെ അധ്യക്ഷതയിലാണ് രണ്ട് ദിവസങ്ങളിലായി അദാലത്ത് സംഘടിപ്പിച്ചിരിക്കുന്നത്.
2019 വരെയുള്ള ഫയലുകൾ, പുതിയ സർക്കാർ അധികാരമേറ്റ 2026 മേയ് 18 മുതൽ ജൂൺ 30 വരെയുള്ള ഫയലുകൾ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തിരിച്ചാണ് അദാലത്ത് നടക്കുന്നത്. ഫയലുകളുടെ എണ്ണം കുറയ്ക്കുകയല്ല, മറിച്ച് ജനങ്ങൾക്ക് നീതി നടപ്പാക്കുകയാണ് അദാലത്തിന്റെ ലക്ഷ്യമെന്ന് മന്ത്രി കെ.എ തുളസി വ്യക്തമാക്കി.
തീർപ്പാക്കേണ്ട ഫയലുകളുടെ നിലവിലെ സ്ഥിതി, കാലതാമസത്തിനുള്ള കാരണങ്ങൾ, ഇതുവരെ സ്വീകരിച്ചതും തുടർന്നു സ്വീകരിക്കേണ്ടതുമായ നടപടികൾ എന്നിവ വ്യക്തമായി രേഖപ്പെടുത്തി സമഗ്ര റിപ്പോർട്ട് നൽകണമെന്ന് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
പട്ടികവർഗ വികസന വകുപ്പിന്റെയും പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെയും അദാലത്തുകൾ പൂർത്തിയായി. വെള്ളിയാഴ്ച (ജൂലൈ 31) പട്ടികജാതി വികസന വകുപ്പിന്റെ അദാലത്ത് നടക്കും.
ചടങ്ങിൽ പട്ടികവർഗ വികസന വകുപ്പ് സെക്രട്ടറി ഡോ. എ. കൗശിഗൻ, വകുപ്പ് ഡയറക്ടർ മിഥുൻ പ്രേം രാജ്, പിന്നാക്കക്ഷേമ വകുപ്പ് ഡയറക്ടർ രഞ്ജിത്ത്, കെ.എസ്.ബി.സി.ഡി.സി എം.ഡി അഞ്ജു കെ.എസ്, മിനിസ്റ്റർ പ്രൈവറ്റ് സെക്രട്ടറി ഇർഷാദ് എം.എസ്, സ്പെഷ്യൽ സെക്രട്ടറി മിനിമോൾ തുടങ്ങിയ ഉദ്യോഗസ്ഥർ പങ്കെടുത്തു.