കുടിവെള്ളത്തിന് അഡ്മിനിസ്ട്രേറ്റീവ് ചാർജ് ഒഴിവാക്കണം ജില്ലാ വികസന സമിതി യോഗത്തിൽ പ്രമേയം
കേരള വാട്ടർ അതോറിറ്റി കുടിവെള്ളത്തിന് അഡ്മിനിസ്ട്രേറ്റീവ് ചാർജ് ഈടാക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ വികസന സമിതി യോഗത്തിൽ പ്രമേയം. നഗരത്തിലെ ജലക്ഷാമം, അനധികൃത പാർക്കിംഗ്, യാചാടനം എന്നിവയ്‌ക്കെതിരെ നടപടിക്ക് നിർദേശം.
കുടിവെള്ളത്തിന് അഡ്മിനിസ്ട്രേറ്റീവ് ചാർജ് ഈടാക്കുന്നത് ഒഴിവാക്കണം: ജില്ലാ വികസന സമിതി യോഗത്തിൽ പ്രമേയം
കൊച്ചി: കേരള വാട്ടർ അതോറിറ്റി കുടിവെള്ള വിതരണം നടത്തുമ്പോൾ വെള്ളത്തിന്റെ നിരക്കിന് പുറമെ അഡ്മിനിസ്ട്രേറ്റീവ് ചാർജ് ഈടാക്കുന്ന നടപടി ഒഴിവാക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തിൽ പ്രമേയം. ടി.ജെ. വിനോദ് എം.എൽ.എ അവതരിപ്പിച്ച പ്രമേയത്തെ ഷിബു തെക്കുംപുറം എം.എൽ.എ പിന്താങ്ങി. വിഷയം ചൂണ്ടിക്കാട്ടി സർക്കാരിലേക്ക് അടിയന്തരമായി കത്തയക്കുമെന്ന് ടി.ജെ. വിനോദ് എം.എൽ.എ വ്യക്തമാക്കി. വടുതല, പച്ചാളം, ചേരാനല്ലൂർ, അയ്യപ്പൻകാവ് തുടങ്ങിയ പ്രദേശങ്ങളിലെ രൂക്ഷമായ ജലക്ഷാമത്തിന് വേഗത്തിൽ പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നഗരത്തിലെ പൊതുയിടങ്ങളിൽ നാടോടികൾ കൂട്ടമായി തങ്ങുന്നതും ട്രാഫിക് സിഗ്നലുകളിൽ കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തുന്നതും വർധിച്ചുവരുന്നത് എം.എൽ.എ യോഗത്തിൽ ഉന്നയിച്ചു. ഇത് പരിശോധിക്കുന്നതിനായി കോർപ്പറേഷൻ, പോലീസ്, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസ് (DCPO) എന്നിവരുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്താൻ യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടർ ജി. പ്രിയങ്ക നിർദേശം നൽകി.
തങ്കളം-കോഴിപ്പിള്ളി ബൈപ്പാസിന്റെ ബാക്കി നിർമാണ പ്രവർത്തനങ്ങളും കുടമുണ്ട പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണവും അടിയന്തരമായി പൂർത്തിയാക്കി ഗതാഗതയോഗ്യമാക്കണമെന്ന് ഷിബു തെക്കുംപുറം എം.എൽ.എ ആവശ്യപ്പെട്ടു. മേഖലയിലെ ഇറിഗേഷൻ കനാലുകൾ വൃത്തിയാക്കുന്ന പ്രവൃത്തികൾ വേഗത്തിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അത്താണി പാലം നിർമാണത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടികൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് ഉമ തോമസ് എം.എൽ.എ നിർദേശിച്ചു. കളക്ടറേറ്റ് ജംഗ്ഷൻ മുതൽ ഐ.എം.ജി വരെയുള്ള റോഡിൽ അനധികൃത പാർക്കിംഗ് മൂലം കടുത്ത ഗതാഗത തടസ്സമുണ്ടാകുന്നതായി ചൂണ്ടിക്കാട്ടിയതിനെ തുടർന്ന്, വിഷയത്തിൽ കർശന പരിശോധന നടത്താൻ സിറ്റി പോലീസിനെ ജില്ലാ കളക്ടർ ചുമതലപ്പെടുത്തി.
അധ്യാപകരുടെയും ജീവനക്കാരുടെയും നിയമന ഫയലുകളുടെ നിലവിലെ പുരോഗതി മുഖ്യമന്ത്രിയുടെ പ്രതിനിധി യോഗത്തിൽ ആരായഞ്ഞു. അദാലത്തുകളും ആഴ്ചതോറുമുള്ള അവലോകനങ്ങളും നടക്കുന്നുണ്ടെന്നും നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ മറുപടി നൽകി.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ അഡിഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ. മനോജ്, ഫോർട്ട് കൊച്ചി സബ് കളക്ടർ ഗ്രന്ഥേ സായ് കൃഷ്ണ, മലയാറ്റൂർ ഡി.എഫ്.ഒ പി. കാർത്തിക്, ജില്ലാ പ്ലാനിംഗ് ഓഫീസർ ടി. ജ്യോതി മോൾ തുടങ്ങിയവർ പങ്കെടുത്തു.
ജൽജീവൻ മിഷൻ പദ്ധതികൾ വേഗത്തിലാക്കണം മന്ത്രി സണ്ണി ജോസഫ്
3.69 കോടിയുടെ വായ്പ വിതരണം ചെയ്ത് രമേശ് ചെന്നിത്തല
കുടിവെള്ളത്തിന് അഡ്മിനിസ്ട്രേറ്റീവ് ചാർജ് ഒഴിവാക്കണം ജില്ലാ വികസന സമിതി യോഗത്തിൽ പ്രമേയം
മത്സ്യഫെഡ് ഐസ് ആൻഡ് ഫ്രീസിംഗ് പ്ലാന്റിന്റെ നവീകരണം ആരംഭിച്ചു
ക്ഷീരമേഖലയെ തൊഴിലുറപ്പിൽ ഉൾപ്പെടുത്താൻ കേന്ദ്രത്തോട് ആവശ്യപ്പെടും മന്ത്രി സണ്ണി ജോസഫ്
യുവ സംരംഭകർക്ക് കൈത്താങ്ങായി സർക്കാർ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി