​13 ജീവനുകൾ കവർന്ന ദുരന്തമുനമ്പ് ഇടുക്കി തൂവൽ വെള്ളച്ചാട്ടത്തിൽ സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചു

തുടർച്ചയായ അപകടങ്ങളെ തുടർന്ന് ഇടുക്കി ഉടുമ്പൻചോല തൂവൽ വെള്ളച്ചാട്ടത്തിൽ സഞ്ചാരികൾക്ക് ജില്ലാ കളക്ടർ കർശന പ്രവേശന വിലക്ക് ഏർപ്പെടുത്തി.

​13 ജീവനുകൾ കവർന്ന ദുരന്തമുനമ്പ് ഇടുക്കി തൂവൽ വെള്ളച്ചാട്ടത്തിൽ സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചു
ഇടുക്കി തൂവൽ വെള്ളച്ചാട്ടത്തിൽ സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചു

ഇടുക്കി തൂവൽ വെള്ളച്ചാട്ടത്തിൽ സഞ്ചാരികൾക്ക് നിരോധനം കർശന നടപടിയുമായി ജില്ലാ കളക്ടർ

​ഇടുക്കി: ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല തൂവൽ വെള്ളച്ചാട്ടത്തിൽ സഞ്ചാരികൾക്ക് ജില്ലാ കലക്റ്റർ നിയന്ത്രണം ഏർപ്പെടുത്തി. ഇവിടെ സഞ്ചാരികൾ അപകടത്തിൽപ്പെട്ട് മുങ്ങിമരിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് ജില്ലാ കളക്ടർ ഡോ.ദിനേശൻ ചെറുവാട്ട് അറിയിച്ചു. 

വെള്ളച്ചാട്ടത്തിൽ സുരക്ഷാ സംവിധാനങ്ങൾ പര്യാപ്തമല്ലാത്തതിനാൽ പൊതുജനങ്ങളുടെ പ്രവേശനം പൂർണമായും നിരോധിക്കണമെന്ന ഉടുമ്പൻചോല തഹസിൽദാരുടെ റിപ്പോർട്ട് കണക്കിലെടുത്താണ്  ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കളക്ടർ ഇവിടെ വിലക്കേർപ്പെടുത്തിയത്.

വെള്ളച്ചാട്ടത്തിലെ ജലത്തിന്റെ ആഴം, ഒഴുക്കിൻ്റെ ശക്തി, പാറക്കെട്ടുകളുടെ സ്വഭാവം, വെള്ളത്തിനടിയിലെ അപകടസാധ്യതകൾ തുടങ്ങിയവ സന്ദർശകർക്ക് തിരിച്ചറിയാൻ കഴിയുന്നില്ല. ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ, അപകടമുന്നറിയിപ്പ് ബോർഡുകൾ, പ്രവേശന നിയന്ത്രണ സംവിധാനങ്ങൾ, അപകടസാധ്യതയുള്ള ഭാഗങ്ങളിലേക്കുള്ള പ്രവേശനം തടയുന്നതിനുള്ള സംവിധാനങ്ങൾ എന്നിവയും നിലവിലില്ല. ആയതിനാൽ അപകടസാധ്യത സംബന്ധിച്ച് അറിവില്ലാത്ത വിനോദ സഞ്ചാരികളും പൊതുജനങ്ങളും ഇവിടെ പ്രവേശിക്കുന്നത് കൂടുതൽ ജീവഹാനിക്ക് ഇടയാക്കുമെന്നായിരുന്നു തഹസിൽദാരുടെ റിപ്പോർട്ട്.ഇതിന്റെ അടിസ്ഥാനത്തിൽ തൂവൽ വെള്ളച്ചാട്ടത്തിലേക്കും അപകടസാധ്യതയുള്ള പരിസരപ്രദേശങ്ങളിലേക്കും പ്രവേശിക്കുന്നതും കുളിക്കുന്നതും ഉൾപ്പെടെയുള്ള വിനോദപ്രവർത്തനങ്ങൾക്കാണ് കളക്‌ടർ നിരോധനം ഏർപ്പെടുത്തിയത്.

കഴിഞ്ഞയാഴ്ച അപകടത്തിൽപ്പെട്ട അശ്വിൻ ഉൾപ്പടെ ഇതുവരെ 13-ൽ അധികം പേരാണ് തൂവൽ വെള്ളച്ചാട്ടത്തിൽ മുങ്ങിമരിച്ചിട്ടുള്ളത് .