ജൽജീവൻ മിഷൻ പദ്ധതികൾ വേഗത്തിലാക്കണം മന്ത്രി സണ്ണി ജോസഫ്

കണ്ണൂർ ജില്ലയിലെ വരൾച്ചാ സാഹചര്യം നേരിടുന്നതിന് ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കാൻ മന്ത്രി സണ്ണി ജോസഫ് നിർദേശം നൽകി. ജില്ലാ വികസന സമിതി യോഗത്തിലാണ് തീരുമാനം.

ജൽജീവൻ മിഷൻ പദ്ധതികൾ വേഗത്തിലാക്കണം മന്ത്രി സണ്ണി ജോസഫ്
ജില്ലാതല വരള്‍ച്ചാ തയ്യാറെടുപ്പ് പദ്ധതിയുടെ പ്രകാശനം വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് ജില്ലാ കലക്ടര്‍ പി വിഷ്ണുരാജിന് നല്‍കിക്കൊണ്ട് നിര്‍വഹിക്കുന്നു.
ജൽജീവൻ മിഷൻ പദ്ധതികൾ വേഗത്തിലാക്കണം മന്ത്രി സണ്ണി ജോസഫ്

കണ്ണൂർ ജില്ലാ വികസന സമിതി യോഗം  ജല്‍ജീവന്‍ മിഷന്‍ പദ്ധതികള്‍ വേഗത്തിലാക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്

കണ്ണൂര്‍: കണ്ണൂർ  ജില്ലയിലെ വരള്‍ച്ചാ സാഹചര്യം ലഘൂകരിക്കുന്നതിന് ജല്‍ജീവന്‍ മിഷന്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്ന് വൈദ്യുതി - പാര്‍ലിമെന്ററികാര്യ പരിസ്ഥിതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് നിര്‍ദ്ദേശിച്ചു. ജില്ലാ കളക്ടര്‍ പി വിഷ്ണുരാജിന്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വേനലിനു മുമ്പ് തന്നെ പരമാവധി പദ്ധതി പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള തലശ്ശേരി - അഞ്ചരക്കണ്ടി - മട്ടന്നൂര്‍ റോഡ് വീതികൂട്ടുന്നതിന്റെ ഭാഗമായി സ്ഥലം ഏറ്റെടുക്കുന്ന നടപടി ഡിസംബറില്‍ പൂര്‍ത്തീകരിക്കുമെന്ന് മന്ത്രിയുടെ ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി എല്‍ എ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു. നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി ജൂണ്‍ 30 വരെ ലഭ്യമായ ഡിജിറ്റല്‍ സര്‍വ്വെ പരാതികളില്‍ ബാക്കിയുള്ള 148 അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. ലീഗല്‍ ഹയര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച് അഞ്ച് താലൂക്കുകളിലായി ലഭ്യമായ 9283 അപേക്ഷകളില്‍ 4750 അപേക്ഷകള്‍ തീര്‍പ്പാക്കിയതായി ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍) യോഗത്തെ അറിയിച്ചു. ഈ പ്രശ്‌നം റവന്യൂ ഓഫീസര്‍മാരുടെ യോഗത്തില്‍ പ്രത്യേക അജണ്ടയായി ഉള്‍പ്പെടുത്തി അവലോകനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വേളാപുരം മുതല്‍ താഴെചൊവ്വ വരെുള്ള ഭാഗത്ത് റോഡ് സുരക്ഷാ പ്രവൃത്തികള്‍ക്കായി 22 കോടിയുടെ എസ്റ്റിമേറ്റ് സമര്‍പ്പിച്ചതായി പൊതുമരാമത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. മഴക്കെടുതിയില്‍ തകര്‍ന്ന ഇരിക്കൂര്‍ പാലം നിര്‍മ്മാണത്തിനായി 12.5 കോടി രൂപയുടെ എസ്റ്റിമേറ്റും കണ്ടകശ്ശേരി പാലത്തിനായി 10.71 കോടി രൂപയുടെ എസ്റ്റിമേറ്റും വട്ടയാംതോട് പാലത്തിനായി 9.5 കോടി രൂപയുടെ എസ്റ്റിമേറ്റും പൊതുമരാമത്ത് പാലം വിഭാഗം ചീഫ് എഞ്ചിനീയര്‍ക്ക് സമര്‍പ്പിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. പാലം നിര്‍മ്മാണം സംബന്ധിച്ച ഡിപിആര്‍ തയ്യാറാക്കി വരുന്നതായും കെ ആര്‍ എഫ് ബി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന മലയോര പ്രദേശത്തെ റോഡുകള്‍, പാലങ്ങള്‍ എന്നിവ പുനര്‍ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാകലക്ടറുടെ അധ്യക്ഷതയില്‍ ഒക്ടോബര്‍ ആറിന് പ്രത്യേക യോഗം വിളിച്ചു ചേര്‍ക്കും.

ആശുപത്രികളില്‍ മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ പറഞ്ഞു. സ്റ്റോക്കില്ലാത്ത മരുന്നുകള്‍ പ്രാദേശികമായി വാങ്ങുന്നതിനുള്ള അനുമതി എല്ലാ ആശുപത്രികള്‍ക്കും നേരത്തേ നല്‍കിയിട്ടുള്ളതായി ഡിഎംഒ അറിയിച്ചു. കനാലിലെ ചോര്‍ച്ച കാരണം മുടങ്ങിക്കിടക്കുന്ന ബാരാപോള്‍ ജലവൈ്യദ്യുത പദ്ധതി പുനരാരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

തലശ്ശേരി- മാഹി ബൈപ്പാസിലെ പെട്ടിപ്പാലത്ത് അപകടങ്ങള്‍ പതിവാകുന്നതായും ഇവിടെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും ഷാഫി പറമ്പില്‍ എംപിയുടെ പ്രതിനിധി ആവശ്യപ്പെട്ടു. ഇക്കാര്യം അടുത്ത റോഡ് സുരക്ഷാ അതോറിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയിലെ ആയുര്‍വേദ സബ് സെന്ററിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുന്ന കാര്യം പരിശോധിക്കാന്‍ ഡിഎംഒക്ക് (ഐഎസ്എം) നിര്‍ദ്ദേശം നല്‍കി. 

പിണറായി മിനി സിവില്‍ സ്റ്റേഷനു വേണ്ടിയുള്ള സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട വാല്വേഷന്‍ നടപടികളും ഒരു പഞ്ചായത്തില്‍ ഒരു കളക്കളം പദ്ധതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും വേഗത്തിലാക്കണമെന്ന് ധര്‍മടം മണ്ഡലം എംഎല്‍എയുടെ പ്രതിനിധി ആവശ്യപ്പെട്ടു. 

വളപട്ടണം പുഴയുടെ കണ്ടക്കൈ - ചെക്കിക്കടവ് - വളപട്ടണം വരെയുള്ള കരയിടിഞ്ഞ ഭാഗത്തിന്റെ സംരക്ഷണത്തിനായി 1.25 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയതയി ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചീനീയര്‍ അറിയിച്ചു. ദേശീയപാത നിര്‍മ്മാണം നടക്കുന്ന കുപ്പം പ്രദേശത്ത് ചെളിയും വെള്ളവും അടിഞ്ഞ് പ്രദേശവാസികള്‍ക്ക് താമസിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് സമര്‍പ്പിച്ച എസ്റ്റിമേറ്റ് പ്രകാരം 9 കോടി രൂപ കൈമാറിയതായി എന്‍.എച്ച്.എ.ഐ പ്രൊജക്ട് ഡയറക്ടര്‍ അറിയിച്ചു.

മട്ടന്നൂര്‍ വലിയവെളിച്ചം എസ് കര്‍വ് മുതല്‍, അമ്പലപ്പുഴ പാലം വരെ പൈപ്പുകളിട്ടതിന്റെ ഭാഗമായി റോഡിനുണ്ടായ അപാകതകള്‍ പരിഹരിച്ച് നിരപ്പാക്കല്‍ പ്രവൃത്തികള്‍ നടക്കുന്നുവെന്നും ഒരാഴ്ചയ്ക്കുള്ളില്‍ ടാറിങ് നടക്കുമെന്നും ജല അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. 

ജില്ലയില്‍ അപകടാവസ്ഥയിലുള്ള മരങ്ങള്‍ അടിയന്തരമായി മുറിച്ചുനീക്കുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ പരിസ്ഥിതി ലോല പ്രദേശമായ മാടായിപ്പാറയെ കയ്യേറ്റത്തില്‍ നിന്നും സംരക്ഷിച്ച് ജൈവവൈവിധ്യം നിലനിര്‍ത്തുന്നതിന്റെ ഭാഗമായി കളക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം വിളിച്ചു ചേര്‍ക്കും. ദേശീയപാതയുടെ വിവിധ ഭാഗങ്ങളിലുള്ള അനധികൃത പാര്‍ക്കിംഗ് നിര്‍ത്തലാക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പയ്യാമ്പലം ബീച്ചിലെ കേടായ വിളക്കുകള്‍ ഒരാഴ്ചയ്ക്കകവും വളപട്ടണം പാലത്തിലെ കേടായ വിളക്കുകള്‍ രണ്ടു ദിവസത്തിനകവും മാറ്റിസ്ഥാപിക്കാനും നിര്‍ദ്ദേശിച്ചു.

കളക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ യോഗത്തില്‍ മന്ത്രി അഡ്വ. സണ്ണി ജോസഫ്, അഡ്വ. ടി ഒ മോഹനന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍, ജില്ലാ കലക്ടര്‍ പി വിഷ്ണുരാജ്, എഡിഎം കെ ബാലഗോപാല്‍, പ്ലാനിങ് ഓഫീസര്‍ ടി രാകേഷ്, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.